Kozhikode
നബിദിന പുലരിയില്‍ ആത്മീയ അനുഭൂതി പകര്‍ന്ന് അല്‍മൗലിദുല്‍ അക്ബര്‍
രാജ്യത്ത് തന്നെ ഏറ്റവും വലിയ പ്രഭാത മൗലിദ് ആണ് ജാമിഉല്‍ ഫുതൂഹില്‍ നടന്നത്.
നോളജ് സിറ്റി | പ്രവാചകര്‍ മുഹമ്മദ് നബി (സ്വ)യുടെ പിറവികൊണ്ട് അനുഗ്രഹീതമായ നബിദിനത്തിന്റെ പുലരിയില്‍ ആത്മീയ അനുഭൂതി പകര്‍ന്ന് ജാമിഉല്‍ ഫുതൂഹില്‍ നടന്ന അല്‍മൗലിദുല്‍ അക്ബര്‍. പുലര്‍ച്ചെ 3.30ഓടെ ആരംഭിച്ച സംഗമത്തിന് ആയിരക്കണക്കിന് പ്രവാചക സ്‌നേഹികളാണ് എത്തിയത്. രാജ്യത്ത് തന്നെ ഏറ്റവും വലിയ പ്രഭാത മൗലിദ് ആണ് ജാമിഉല്‍ ഫുതൂഹില്‍ നടന്നത്.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹ്മദ് നബിദിന സന്ദേശപ്രഭാഷണം നടത്തി. വിശ്വാസികള്‍ ഏത് സാഹചര്യത്തിലും ആത്മസംയമനവും വ്യക്തിശുദ്ധിയും പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം, അച്ചക്കത്തോടെ മാത്രമേ എല്ലായിടത്തും ഇടപെടാന്‍ പാടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സയ്യിദ് അലി ബാഫഖി, ശൈഖ് ഉസാമ രിഫാഈ ലബനാന്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തന്നൂര്‍, സയ്യിദ് ശാഫി ബാ അലവി വളപട്ടണം, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുന്നാസിര്‍ അഹ്‌സനി ഒളവട്ടൂര്‍, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, ഫാര്‍വുഡ് ഫാറൂഖ് ചെന്നൈ, ശൈഖ് മുഹമ്മദ് അല്‍മദാനി ടുണീഷ്യ, ശൈഖ് അനീസ് മര്‍സൂഖ് ടുണീഷ്യ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മൗലിദ് പാരായണം, കീര്‍ത്തന ആലാപനം, പ്രാര്‍ഥന, തിരുശേഷിപ്പുകളുടെ പ്രദര്‍ശനം, ഗ്രന്ഥപ്രകാശനം, അന്നദാനം തുടങ്ങിയവ നടന്നു.
ഞായറാഴ്ച നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിനായുള്ള വലിയ ഒരുക്കങ്ങളാണ് നോളജ് സിറ്റിയില്‍ നടക്കുന്നത്. വിദേശപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെത്തുന്ന മീലാദ് സമ്മേളനത്തിനായി പതിനായിരങ്ങള്‍ നോളജ് സിറ്റിയില്‍എത്തും.