Connect with us

MT VASUDEVAN NAIR

ആള്‍ക്കൂട്ടത്തില്‍ തനിയെ

ജീവിത യാത്രക്കിടയില്‍ ഒരു മുന്നറിയിപ്പുമില്ലാതെ വന്നെത്തുന്ന മരണമെന്ന അദൃശ്യതയോട് എം ടി സംവദിച്ചത് സൂക്ഷ്മമായ ഭാവതലങ്ങളിലൂടെയാണ്. മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പറഞ്ഞുവെക്കുമ്പോള്‍ അതില്‍ അതിന്റെ എല്ലാ അടരുകളും തെളിമയോടെ പ്രത്യക്ഷമാകുന്നു. എല്ലാറ്റിനും മരണം അല്ലെങ്കില്‍ ഒരവസാനം അനിവാര്യമാണെങ്കിലും അത് വന്നെത്തുന്നതിനു മുമ്പുള്ള കാലയളവില്‍ നമ്മുടേതായ എത്രയോ കടമകളും ഉത്തരവാദിത്വങ്ങളും ഈ ലോകത്ത് നിര്‍വഹിക്കാനുണ്ടെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കാന്‍ അദ്ദേഹം മറക്കുന്നില്ല.

Published

|

Last Updated

‘കലാകാരാ നിങ്ങള്‍ ഏതു ചേരിയില്‍?’ എന്ന പ്രസക്തമായ ചോദ്യമുയരുമ്പോള്‍ നീതിയുടെയും സത്യത്തിന്റെയും ചേരിയില്‍ എന്ന് നെഞ്ചുറപ്പോടെ വിളിച്ചുപറയാന്‍ ആര്‍ജവം കാണിച്ച എഴുത്തുകാരില്‍ പ്രമുഖനാണ് എം ടി വാസുദേവന്‍ നായര്‍. നിഷ്പക്ഷതക്ക് കൃത്യമായ പക്ഷമുണ്ടെന്നും അത് അരാജകതയുടെ പക്ഷമാണെന്നും സാമൂഹിക പ്രശ്നങ്ങള്‍ അതിസങ്കീര്‍ണമായി കൊണ്ടിരിക്കുന്ന സമകാലീന സാഹചര്യത്തില്‍ നിര്‍വികാരനായി ഇരിക്കുന്നത് ഹൃദയമുള്ള മനുഷ്യര്‍ക്ക് ചേര്‍ന്നതല്ലെന്നുമുള്ള ശക്തമായ നിലപാട് എഴുത്തിലും ജീവിതത്തിലും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.

‘മനുഷ്യന്‍ സ്വതന്ത്രനായി ജനിക്കുന്നു എന്നാല്‍, എവിടെയും അവന്‍ ചങ്ങലകളാല്‍ ബന്ധിതനാണ്’ എന്ന റൂസോയുടെ വചനം എം ടി ഹൃദയത്തിലേറ്റി. ജീവിതത്തെ സംഗീതം പോലെ ആസ്വദിക്കാനാകുന്ന ഒരു കാലം പിറന്നു കാണുന്നതിനു വേണ്ടി തൂലിക പടവാളാക്കി പോരാടി. സര്‍ഗ പ്രതിഭയുടെയും തീക്ഷ്ണ ജീവിതാനുഭവങ്ങളുടെയും സര്‍വോപരി മാനുഷികാവബോധത്തിന്റെയും ഉലയില്‍ വാര്‍ത്തെടുത്തവയായിരുന്നു എം ടിയുടെ ഓരോ സൃഷ്ടിയും. ദുരിതസാനുക്കള്‍ ഉള്ളില്‍ പേറി ഇരുട്ടിലലിയാന്‍ വിധിക്കപ്പെട്ട ആത്മാക്കളുടെ വാങ്മയ ചിത്രങ്ങളാണ് എം ടി തന്റെ രചനകളില്‍ കോറിയിട്ടത്. ആള്‍ക്കൂട്ടത്തിനിടയില്‍ ഒറ്റപ്പെടുന്നവന്റെ അസ്തിത്വ ദുഃഖം തന്മയത്വത്തോടെ അദ്ദേഹം അനാവരണം ചെയ്തു. അതേസമയം, ഏകാന്തതയുടെ വേദനക്കിടയിലും ഇതാ ഞാനിവിടെയുണ്ടെന്ന് വിളിച്ചുപറയാനും, ആര്‍ക്കും ഒരു പ്രയോജനവും ചെയ്യാത്ത ബഹളങ്ങള്‍ക്കിടയില്‍ നിന്നും വേറിട്ട തന്റെ ശബ്ദം കേള്‍പ്പിക്കുവാനും കെല്‍പ്പുള്ളവരാണ് എം ടിയുടെ കഥാപാത്രങ്ങള്‍ എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

കാലത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിഞ്ഞ്, അവയിലേക്ക് ആത്മാംശങ്ങളെയും അനുഭവസാക്ഷ്യങ്ങളെയും സമന്വയിപ്പിച്ച് കടഞ്ഞെടുത്ത അദ്ദേഹത്തിന്റെ കഥകള്‍ പൊതുമണ്ഡലത്തിന്റെ വിചാര-വികാര തലങ്ങളെ അതിമനോഹരമായി അനുവാചകനിലേക്ക് പകര്‍ന്നു. ‘എന്റെ എല്ലാ കഥകളും കൂട്ടിവെച്ചാല്‍ എന്റെ ആത്മകഥ പൂര്‍ത്തിയാകും’ എന്ന് അദ്ദേഹം പറഞ്ഞത് അതുകൊണ്ടു തന്നെയാണ്. ‘മനുഷ്യാത്മാവിന്റെ എന്‍ജിനീയറാണ് എഴുത്തുകാരന്‍’ എന്ന ജോസഫ് സ്റ്റാലിന്റെ നിരീക്ഷണം എം ടിയെ സംബന്ധിച്ച് തീര്‍ത്തും ശരിയാണ്. തന്റേതല്ലാത്ത കാരണങ്ങളാലും വിധി വൈപരീത്യങ്ങളാലും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുന്ന പച്ചയായ മനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് നടത്തുന്ന വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തന്നെയാണ് എം ടിയുടെ കഥാലോകം. സാമൂഹികാന്തരീക്ഷം, മനസ്സ്, സ്ത്രീ, പരിസ്ഥിതി തുടങ്ങി അതീവ ഗൗരവതരമായതും എഴുത്തിന്റെയും രാഷ്ട്രീയത്തിന്റെയും ലോകം സജീവ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിധേയമാക്കേണ്ടതുമായ വിഷയങ്ങള്‍ എം ടി സ്വന്തം രചനകളിലൂടെ തുറന്നിട്ടു.

ജീവിത യാത്രക്കിടയില്‍ ഒരു മുന്നറിയിപ്പുമില്ലാതെ വന്നെത്തുന്ന മരണമെന്ന അദൃശ്യതയോട് എം ടി സംവദിച്ചത് സൂക്ഷ്മമായ ഭാവതലങ്ങളിലൂടെയാണ്. മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പറഞ്ഞുവെക്കുമ്പോള്‍ അതില്‍ അതിന്റെ എല്ലാ അടരുകളും തെളിമയോടെ പ്രത്യക്ഷമാകുന്നു. എല്ലാറ്റിനും മരണം അല്ലെങ്കില്‍ ഒരവസാനം അനിവാര്യമാണെങ്കിലും അത് വന്നെത്തുന്നതിനു മുമ്പുള്ള കാലയളവില്‍ നമ്മുടേതായ എത്രയോ കടമകളും ഉത്തരവാദിത്വങ്ങളും ഈ ലോകത്ത് നിര്‍വഹിക്കാനുണ്ടെന്ന് ഉറക്കെയുറക്കെ പ്രഖ്യാപിക്കാന്‍ അദ്ദേഹം മറക്കുന്നില്ല.

ഭ്രാന്തിന്റെ ഏതെങ്കിലുമൊക്കെ അംശങ്ങള്‍ ഓരോ മനുഷ്യനിലും ഉണ്ടെന്ന് പറഞ്ഞുവെക്കുമ്പോള്‍ തന്നെ ഭ്രാന്തനെന്ന് മുദ്രകുത്തപ്പെടുന്നവനോ അല്ലാത്തവര്‍ക്കോ ആര്‍ക്കാണ് യഥാര്‍ഥ ഭ്രാന്തെന്ന അതിനിശിതമായ ചോദ്യം സമൂഹത്തിന്റെ അന്തരാളങ്ങളിലേക്ക് എം ടി എയ്തുവിട്ടു.

വ്യക്തിയുടെ ആത്മസത്തയെ ചേതനയൊട്ടും ചോര്‍ന്നുപോകാതെ അക്ഷരങ്ങളിലേക്ക് ആവാഹിക്കാന്‍ സവിശേഷമായ പാടവമാണ് എം ടി വാസുദേവന്‍ നായര്‍ പ്രദര്‍ശിപ്പിച്ചത്. സാഹിത്യകാരനെന്ന ലേബലില്‍ പൊതുമണ്ഡലത്തില്‍ നിന്ന് മാറിനില്‍ക്കാതെ സാമൂഹിക പ്രതിബദ്ധത പുലര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് എം ടിയെ വ്യത്യസ്തനാക്കുന്നത്. ആദിവാസികള്‍ക്കും ദളിതര്‍ക്കും വേണ്ടി വാദിക്കാനും വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുമ്പോള്‍ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവാഹകനാകാനും പ്രതിബദ്ധത കാണിച്ച മാതൃകാപുരുഷനായിരുന്നു എം ടി. അക്ഷരങ്ങളിലൂടെ സ്വയം ഒരുണര്‍ത്തുപാട്ടായി സമൂഹമനസ്സാക്ഷിയുടെ വിഭിന്ന കൈവഴികളിലൂടെ ആ ഗുരുവര്യന്‍ ഒഴുകിപ്പരന്നു. സാഹിത്യ ലോകത്തിന്റെ നെറുകയില്‍ തീക്ഷ്ണ പ്രകാശം പരത്തുന്ന കെടാവിളക്കായി അതിനിയും ജ്വലിച്ചു കൊണ്ടേയിരിക്കും.

സീനിയർ സബ് എഡിറ്റർ, സിറാജ്

Latest