Connect with us

book review

ഭാഷാസൗന്ദര്യത്തിൻ്റെ അക്ഷരപ്പൂക്കൾ

അനുഭവക്കുറിപ്പുകൾ തന്നെ മനോഹരമായ യാത്രാവിവരണങ്ങളായും വ്യക്തിപരിചയങ്ങളിലൂടെ അത് പത്രപ്രവർത്തന ചരിത്രമായും പ്രവാസത്തിന്റെ വിവിധ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നതുമായ വ്യത്യസ്ത ശൈലിയിൽ ഭാഷയുടെ മാന്ത്രികസ്പർശത്താൽ സമ്പന്നവുമാണ് "ആഫ്രിക്കൻ ആകാശത്തിലെ ആ ഒറ്റ നക്ഷത്രം' എന്ന് നിസ്സംശയം പറയാം.

Published

|

Last Updated

യാത്ര, അനുഭവ കുറിപ്പുകളുടെ ഗണത്തിൽ പെടുത്താവുന്ന പുതിയ പുസ്തകമാണ് മുസാഫിർ എന്ന എഴുത്തുകാരന്റെ ഓർമ, ” ആഫ്രിക്കൻ ആകാശത്തിലെ ആ ഒറ്റ നക്ഷത്രം.’ 46 അധ്യായങ്ങൾ 274 പേജുകളിലായി കുറിക്കപ്പെട്ടിരിക്കുന്ന പുസ്തകത്തിന്റെ തുടക്കം തന്നെ ലോകത്തെ ഞെട്ടിച്ചുകളഞ്ഞ സദ്ദാം ഹുസൈനെ ഇറാഖിലെ തിക്രീത്ത് ഗ്രാമത്തിലെ ഒരു മാളത്തിൽവെച്ച് അമേരിക്കൻ സേന വളഞ്ഞു പിടിച്ച സംഭവത്തെ കുറിച്ചാണ്. അന്ന് സദ്ദാമിന് കാവൽ നിന്നിരുന്ന “അലിനാമിക്’ നെ ജിദ്ദയിൽവെച്ച് ഇൻറർവ്യൂ ചെയ്യാൻ ലഭിച്ച അവസരത്തെക്കുറിച്ച്.

അധികാരത്തിന്റെ ഉയർച്ച താഴ്ചകളുടെ പര്യവസാനം സദ്ദാമിലും സദ്ദാം വീണ്ടും അധികാരത്തിൽ എത്തുമ്പോൾ തനിക്കും കൈവന്നേക്കാവുന്ന അധികാരത്തിന്റെ സുഖ സൗകര്യങ്ങൾ അലിനാമികും സ്വപ്നം കണ്ടിരുന്നു. അധികാരം എന്ന മായികലോകം വ്യക്തികളിൽ ചെലുത്തുന്ന പ്രലോഭനങ്ങളടെയും ദൗർബല്യങ്ങളുടെയും വിചിത്രാവസ്ഥയെ ഇത് കുറിക്കുന്നു.

സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ച മറ്റൊരു ആഫ്രിക്കൻ ഭരണാധികാരിയുടെ മെമന്റോയിൽ പിൽക്കാലത്ത് രക്തത്തുള്ളികൾ വീണ് പാപക്കറ പറ്റി എന്നതും എരിത്രിയയുടെ അതിരുകളിൽ കൊടിയ സംഘർഷത്തിന്റെ എരിപിരി കൊള്ളൽ’ കൈവല്യമന്ത്രമുണർന്ന കൈലാസമന്ദിരം’ എന്ന തലക്കെട്ടിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ പി കെ വാര്യരെ സ്മരിക്കുന്നതും 1921 ലെ കലാപകാലത്ത് കോട്ടക്കൽ പ്രദേശത്ത് ലഹള ബാധിക്കാതിരിക്കാൻ പി കെ വാര്യരുടെ പങ്കുമൊക്കെ പുതുതലമുറക്ക് പഠിക്കാനുള്ള ചരിത്രസത്യമായി പുസ്തകത്തിലുണ്ട്.

ഒറ്റപ്പാലം ഹൈസ്കൂളിന്റെ ഓലപ്പുരക്ക് തീ കൊളുത്തി ടെക്സ്റ്റ്ബുക്കുകൾ പനമണ്ണത്തോട്ടിലേക്ക് വലിച്ചെറിഞ്ഞ് നാടുവിട്ട വി പി മേനോൻ എന്ന മലയാളി പിന്നീട് ഇന്ത്യ കണ്ട മികച്ച നയതന്ത്രജ്ഞനും സർദാർ വല്ലഭായ് പട്ടേലിന്റെ വലിയ അടുപ്പക്കാരനുമായത്, ഐ സി പി നമ്പൂതിരിയെക്കുറിച്ചുള്ള സ്മരണയിൽ വള്ളുവനാട്ടിൽ നടന്ന കമ്യൂണിസ്റ്റ് നവോത്ഥാന മുന്നേറ്റം, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എക മലയാളി പ്രസിഡന്റായി ആ കാലത്ത് ഉയർന്നുവന്ന സർ സി ശങ്കരൻ നായർ, ഇവരിൽ പലരുമായും ബന്ധം സ്ഥാപിക്കാനും അവരുടെയൊക്കെ പ്രവർത്തന മണ്ഡലങ്ങളെ അടുത്തറിയാനും സാധിച്ച അനുഭവങ്ങളുടെ അക്ഷയഖനികൾ തന്നെ സ്വന്തമായുണ്ട് ഗ്രന്ഥകാരന്.

കൃഷിപ്പച്ചയുടെ കുളിർമ ചൂടിയ വള്ളുവനാടൻ ചരിത്രമിടിപ്പുകളുടെ ഓർമപേറുന്ന പത്മാവതി ഇസ്ഹാഖിന്റെ ജീവിതകഥ ഭൂഖണ്ഡത്തിന്റെ അങ്ങേ അറ്റത്തുനിന്ന് ആസ്ത്രേലിയയിലെ പെർത്ത് നഗരത്തിലിരുന്ന് അവർ വീഡിയോകോളിലൂടെ ലേഖകനോട് പങ്കുവെക്കുമ്പോൾ അത് വള്ളുവനാട്ടിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് ആനക്കയംകൂരി മണ്ണിൽ തറവാട്ടിലെ ഇസ്ഹാഖ് വഹിച്ച ധീരമായ പങ്ക് അനാവൃതമാകുന്നു. അവരുടെ പ്രണയസാഫല്യത്തിനു ശേഷം ഇസ്ഹാഖ് ഡൽഹി പ്രവർത്തന കേന്ദ്രമാക്കിയതും പിൽക്കാലത്ത് പാർട്ടിയോട് അകലാനിടയായതുമെല്ലാം ചരിത്ര പ്രാധാന്യത്തോടെ കുറിച്ചത് ഈ സമാഹാരത്തിലെ അധ്യായമാണ്.

പാർലിമെന്റിൽ അരമണിക്കൂർ സമയം സംസ്കൃതത്തിൽ പ്രസംഗിച്ച് ചരിത്രമിട്ട കമ്മ്യൂണിസ്റ്റ് നേതാവ് ഹിരൺ മുഖർജി, സഊദി അറേബ്യയിലേക്ക് പത്മപുരസ്കാരം എത്തിച്ച മർവായ് എന്ന സഊദി വനിത, 50 ആളുകൾക്ക് ഒരു ആന വീതമുള്ള ബോട്സ്വാനയിൽ എത്തി കോടീശ്വരനായി മാറിയ ഒട്ടപ്പത്ത് രാമചന്ദ്രൻ എന്ന തൃശ്ശൂർ ഒല്ലൂർ സ്വദേശിയുടെ കഠിനാധ്വാനത്തിന്റെ ജീവചരിത്രം…

ഇങ്ങനെ നിരവധി മലയാളി പ്രതിഭകളുമായി അടുത്തിടപഴകാനും ഇപ്പോൾ അവരുടെയൊക്കെ കർമഭൂമിയായ ആഫ്രിക്കൻ നാടുകളിൽ നടത്തിയ പര്യടനം, ഏറനാടൻ വള്ളുവനാടൻ ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ, നിലമ്പൂരിന്റെ നിമ്നോന്നതങ്ങളിലൂടെ , കന്നിരാവിൻ കളഭക്കിണ്ണം വീണ പൊന്നാനിപ്പുഴയുടെ ചാരുത തൊട്ടറിഞ്ഞുള്ള യാത്രകളെ കുറിക്കുന്ന എഴുത്തു ശൈലിയിലെ മാന്ത്രികത വലിയ ആകർഷണീയമായി പലയിടത്തായി താളുകളെ ധന്യമാക്കുന്നു.

ശങ്കേഴ്സ് വീക്ക്്ലി, പേട്രിയറ്റ് തുടങ്ങിയ പത്രങ്ങളിലെ കോളമെഴുത്തിലൂടെ ആയിരക്കണക്കിന് വായനക്കാരെ സ്വന്തമാക്കിയ മലയാളിയായ പത്രപ്രവർത്തകൻ എടത്തട്ട നാരായണന് ജവഹർലാൽ നെഹ്റുവുമൊരുമിച്ച് ചായ കുടിക്കാനുള്ള സ്വാതന്ത്ര്യം, മുഹമ്മദലി ജിന്നയുമായി വളരെ അടുപ്പമുണ്ടായിരുന്ന മറ്റൊരു മലയാളി പത്രപ്രവർത്തകൻ പോത്തൻ ജോസഫ്, ഇന്ത്യയിൽ ആദ്യമായി ഭരണാധികാരികളാൽ ജയിലിലടയ്ക്കപ്പെട്ട ടി ജെ എസ് ജോർജ്, ബി ആർ പി ഭാസ്ക്കർ, കാമ്പിശ്ശേരി കരുണാകരൻ, ഇവരിൽ പലരുമായുള്ള സൗഹൃദം, കെ എ ഫ്രാൻസിസ്, ജോയ്ശാസ്താം പടിക്കൽ, മാത്യു കദളിക്കാട് എന്നിവർ നൽകിയ പിന്തുണയും പ്രചോദനവും… എല്ലാം മലയാള പത്രപ്രവർത്തനത്തിന്റെ പിന്നിട്ട ഒരു കാലഘട്ടത്തിന്റെ ചരിത്ര സ്മരണകളാണ്.

കമെലിയ എന്റഖാബിഫർദ് എന്ന ഇറാനിയൻ പത്രപ്രവർത്തകയെ ജിദ്ദയിൽ വെച്ച് പരിചയപ്പെട്ടത്, ഫലസ്തീനുവേണ്ടി അമേരിക്കയോടും ഇസ്്റാഈലിനോടും നിരന്തരം പോരാട്ടത്തിൽ ഏർപ്പെട്ട അറബ് അമേരിക്കൻ പത്രപ്രവർത്തകൻ ഹെലൻ തോമസിനെ കുറിച്ചുള്ള സ്മരണ ഇതെല്ലാം കൂടുമ്പോൾ ഇതൊരു പത്രപ്രവർത്തന ചരിത്രത്തിന്റെ റഫറൻസ് ഗ്രന്ഥത്തിന്റെ തലത്തിലേക്കും പടർന്നു കയറുന്നു.

അനുഭവക്കുറിപ്പുകൾ തന്നെ മനോഹരമായ യാത്രാവിവരണങ്ങളായും വ്യക്തിപരിചയങ്ങളിലൂടെ അത് പത്രപ്രവർത്തന ചരിത്രമായും പ്രവാസത്തിന്റെ വിവിധ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നതുമായ വ്യത്യസ്തമായ ശൈലിയിൽ ഭാഷയുടെ മാന്ത്രികസ്പർശത്താൽ സമ്പന്നവുമാണ് ” ആഫ്രിക്കൻ ആകാശത്തിലെ ആ ഒറ്റ നക്ഷത്രം’ എന്ന് പറയാം. പ്രസാധനം ഹരിതം ബുക്സ്. വില 435 രൂപ.

Latest