Connect with us

National

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബെെറിന് ഒരു കേസിൽ ജാമ്യം; ജയിൽ മോചനം സാധ്യമാകില്ല

50,000 രൂപയുടെ ബോണ്ട്, ഒരു ആൾജാമ്യം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ വ്യവസ്ഥകളോടെയാണ് പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ദേവേന്ദർ കുമാർ ജംഗല ജാമ്യം നൽകിയത്.

Published

|

Last Updated

ന്യൂഡൽഹി | ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബെെറിന് ഒരു കേസിൽ ജാമ്യം അനുവദിച്ചു. 2018ലെ ഒരു ട്വീറ്റിന്റെ പേരിൽ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പാട്യാല ഹൗസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട്, ഒരു ആൾജാമ്യം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ വ്യവസ്ഥകളോടെയാണ് പട്യാല ഹൗസ് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി ദേവേന്ദർ കുമാർ ജംഗല ജാമ്യം നൽകിയത്. അതേസമയം, അദ്ദേഹത്തിന് ജയിലിൽ നിന്ന് ഇറങ്ങാനാകില്ല. ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത മറ്റു രണ്ടു കേസുകളിൽ കൂടി ജാമ്യം ലഭിച്ചെങ്കിലേ ജയിൽ മോചനം സാധ്യമാകൂ.

സുബൈറിന്റെ ട്വീറ്റ് ആളുകളെ പ്രകോപിപ്പിക്കാനും വെറുപ്പ് സൃഷ്ടിക്കാനും ഉദ്ദേശിച്ചുള്ളതായതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയോട് അഭ്യർഥിച്ചു. സുബൈർ പണം സ്വീകരിച്ചുവെന്നും പണം കൈമാറിയ വ്യക്തികളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. എന്നാൽ ഈ വാദങ്ങൾ സുബെെറിന്റെ അഭിഭാഷകർ തള്ളി.

ഉത്തർപ്രദേശ് പോലീസ് തനിക്കെതിരെ ചുമത്തിയ ആറ് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് സുബെെർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കേസുകൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ പിൻവലിക്കണമെന്നും അദ്ദേഹം ഹരജിയിൽ ആവശ്യപ്പെട്ടു.

ഒരു ഹിന്ദി സിനിമയുടെ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്‌ത് നാല് വർഷം മുമ്പ് നടത്തിയ ട്വീറ്റിന്റെ പേരിൽ ജൂൺ 27 നാണ് മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യത്തിനായി നീങ്ങിയതോടെ യുപിയിൽ നിരവധി കേസുകൾ ഫയൽ ചെയ്യപ്പെട്ടു.

ലഖിംപൂർ ഖേരി, ഹത്രാസ്, സീതാപൂർ എന്നിവിടങ്ങളിൽ ചില നേതാക്കളെ “വിദ്വേഷം വളർത്തുന്നവർ” എന്ന് വിളിച്ച് ട്വീറ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് മൂന്ന് കേസുകൾ ഫയൽ ചെയ്തത്.

Latest