Mohammed Zubair
ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബെെർ ജയിൽ മോചിതനായി
അഭിഭാഷകരോടൊപ്പം പുറത്തെത്തിയ സുബൈർ, വിജയചിഹ്നം ഉയർത്തിക്കാട്ടി പുറത്തുണ്ടായിരുന്ന കാറിൽ കയറുകയായിരുന്നു.
ന്യൂഡൽഹി | ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ജയിൽ മോചിതനായി. രാത്രി ഒൻപത് മണിയോടെ തിഹാർ ജയിലിൽ നിന്ന് അദ്ദേഹം പുറത്തേക്ക് വന്നു. ഇന്ന് വൈകിട്ട് ആറിനകം സുബൈറിനെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി ഒൻപതോടെയാണ് ജയിലിന് പുറത്തെത്തിയത്. അഭിഭാഷകരോടൊപ്പം പുറത്തെത്തിയ സുബൈർ, വിജയചിഹ്നം ഉയർത്തിക്കാട്ടി പുറത്തുണ്ടായിരുന്ന കാറിൽ കയറുകയായിരുന്നു. കഴിഞ്ഞ മാസമാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്.
ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത ആറ് കേസുകളിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ബെഞ്ച് സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചാണ് ജയിൽ മോചിതനാക്കാൻ നിർദേശിച്ചത്. സുബെെറിന് എതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും ലയിപ്പിച്ച് ഒരുമിച്ച് അന്വേഷിക്കണമെന്നും കോടതി നിർദേശം നൽകി. എല്ലാ എഫ്‌ഐആറുകളും ഡൽഹി പോലീസിന് കൈമാറാണമെന്നും കോടതി വ്യക്തമാക്കി. സുബൈറിനെതിരായ കേസുകള്‍ അന്വേഷിക്കുന്നതിന് ഉത്തര്‍പ്രദേശ് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കോടതി പിരിച്ചുവിടുകയും ചെയ്തു.
സുബൈറിനെതിരെ രജിസ്റ്റർ ചെയ്ത എല്ലാ എഫ്‌ഐആറുകളും ഡൽഹി പോലീസ് അന്വേഷിക്കണമെന്ന് കോടതി നിർദേശം നൽകി. തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കാൻ ഡൽഹി ഹൈക്കോടതിയെ സമീപിക്കാൻ സുബൈറിനോട് കോടതി ആവശ്യപ്പെട്ടു. 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സുബൈറിനെതിരെ ആകെ 7 എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. അതിൽ ആറെണ്ണം ഉത്തർപ്രദേശീലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ സീതാപുര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ സുബൈറിനെതിരായ കേസുകളില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു. സമാന സ്വഭാവമുള്ള കേസുകളായതിനാലാണ് ഇപ്പോള്‍ അഞ്ച് കേസുകളില്‍ കൂടി ജാമ്യം അനുവദിച്ചിരിക്കുന്നത്.
സുബെെർ ഇനി ട്വീറ്റ് ചെയ്യുന്നത് തടയണമെന്ന് നിർദേശം നൽകാൻ യുപി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഗരിമ പ്രസാദ് കോടതിയോട് ആവശ്യപ്പെുവെങ്കിലും കോടതി തള്ളി. ഒരു അഭിഭാഷകനോട് പ്രാക്ടീസ് ചെയ്യരുതെന്ന് പറയുന്നതിന് തുല്യമായിരിക്കും സുബൈറിനോട് ട്വീറ്റ് ചെയ്യരുതെന്ന് പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഈ ആവശ്യം നിരാകരിച്ചത്.
മുഹമ്മദ് സുബൈറിന് എതിരെ കൂടുതല്‍ നടപടി എടുക്കുന്നതില്‍നിന്ന് ഉത്തര്‍പ്രദേശ് പോലീസിനെ സുപ്രീം കോടതി നേരത്തെ വിലക്കിയിരുന്നു. യുപിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഞ്ച് കേസുകളിലാണ് കൂടുതല്‍ നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
2018ലെ ട്വീറ്റ് കേസിൽ സുബൈർ ജാമ്യത്തിനായി ഡൽഹി കോടതിയിൽ എത്തിയിരുന്നുവെങ്കിലും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ജൂലൈ 14ന് ഉത്തർപ്രദേശിലെ ഹത്രാസ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇതു പ്രകാരം ജൂലൈ 27 വരെ സുബൈർ ജയിലിൽ കഴിയേണ്ടതായിരുന്നു.