Kerala
പരീക്ഷകളെ രക്ഷിക്കാന്‍ ബദല്‍ വഴികള്‍ തേടണം: ബിനോയ് വിശ്വം
ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സംഘം ചേര്‍ന്ന് നടത്തുന്ന ഇത്തരം ചോര്‍ത്തലുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം | ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖം നോക്കാതെ നടപടി വേണമെന്ന് സിപിഐസംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാര്‍ത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വില്‍ക്കുന്ന ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സംഘം ചേര്‍ന്ന് നടത്തുന്ന ഇത്തരം ചോര്‍ത്തലുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു
എന്തുചെയ്തും പണം കൊയ്യാന്‍ ഇറങ്ങി പുറപ്പെട്ടവരില്‍ നിന്ന് പരീക്ഷകളെ രക്ഷിക്കാന്‍ ബദല്‍ വഴികള്‍ ആരായാന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുക്കണം. ഓപ്പണ്‍ ടെക്സ്റ്റ് ബുക്ക് സമ്പ്രദായം, ഉത്തര പേപ്പര്‍ മടക്കിക്കൊടുക്കല്‍ തുടങ്ങിയ പോലുള്ള ആശയങ്ങളിലൂടെ പരീക്ഷകളെ മാനഭംഗപ്പെടുത്തുന്ന ഗൂഢ സംഘത്തില്‍ നിന്ന് വിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ കഴിയണം.
ആ ലക്ഷ്യത്തോടെ വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയമിക്കണം. ഇത് സംബന്ധമായി ആലോചിക്കാന്‍ വിദ്യാഭ്യാസ വിചക്ഷണരുടെയും അദ്ധ്യാപക- വിദ്യാര്‍ത്ഥി സംഘടനകളുടെയും അടിയന്തരയോഗം വിളിച്ചു ചേര്‍ക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു