Connect with us

Kerala

ആലുവ കേസ്; പ്രതി അസഫാക് ആലത്തിന് വധശിക്ഷ

പ്രതി മുന്‍പും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്.

Published

|

Last Updated

കൊച്ചി| ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതി മൃതദേഹം ആലുവ മാര്‍ക്കറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.

പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയില്‍ തെളിഞ്ഞിരുന്നു. പ്രതി മുന്‍പും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നല്‍കുന്നതിലേക്ക് കോടതിയെ നയിച്ചു.

ആലുവയില്‍ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ കാണാതായത് 2023 ജൂലായ് 28ന് വൈകുന്നേരമാണ്. വൈകീട്ട് 3.30 ന് ആലുവയില്‍ ബസ് ഇറങ്ങിയ പ്രതി അസഫാക്ക് ആലം കുട്ടിയുമായി മാര്‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായിരുന്നു. 3.45 ഓടെ കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വൈകിട്ട് 5 മണിയോടെ പോലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചു.

കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രി 9 മണിയോടെ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ വൈകാതെ തന്നെ പോലീസ് പിടികൂടി. എന്നല്‍ ലഹരിയിലായിരുന്ന പ്രതിയില്‍ നിന്ന് പോലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. രാത്രി മുഴുവന്‍ കുട്ടിക്കായി കേരളമൊട്ടാകെ തിരച്ചില്‍ തുടര്‍ന്നു.

ജൂലായ് 29, ശനിയാഴ്ച രാവിലെയും അന്വേഷണം നടന്നു. ഇതിനിടെ രാവിലെ 11 മണിക്ക് ആലുവ മാര്‍ക്കറ്റിന് പിറകില്‍ കുറ്റിക്കാട്ടില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ജൂലൈ 30 ഞായറാഴ്ച ആലുവയില്‍ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു.തുടര്‍ന്ന് അതിവേഗത്തിലായിരുന്നു അന്വേഷണം നടന്നത്. പ്രോസിക്യൂഷനും കുടുംബവും പ്രതീക്ഷിച്ചതുപോലെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് ഒടുവില്‍ കൊലക്കയര്‍ തന്നെ കോടതി വിധിച്ചു. അഡ്വ ജി മോഹന്‍ രാജായിരുന്നു കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍.