Kerala
ആലുവ കേസ്; വധശിക്ഷ വിധി സ്വാഗതം ചെയ്ത് മന്ത്രി വി.ശിവന്‍കുട്ടി
പെണ്‍കുട്ടിയുടെ കുടുംബത്തിന്റേത് നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി
കൊച്ചി|ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക് ആലത്തിന് വധശിക്ഷ വിധിച്ച കോടതി വിധി സ്വാഗതം ചെയ്ത് മന്ത്രി വി.ശിവന്‍കുട്ടി. പെണ്‍കുട്ടിയുടെ കുടുംബത്തിന്റേത് നികത്താനാവാത്ത നഷ്ടമാണെന്ന് മന്ത്രി പറഞ്ഞു. കേസില്‍ അതിവേഗത്തില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയ്ക്ക് സാഹചര്യം ഒരുക്കാനുള്ള പ്രതിബദ്ധത സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള അതിക്രമങ്ങള്‍ക്കെതിരായ സര്‍ക്കാരിന്റെ അചഞ്ചലമായ നിലപാടിനെ അടിവരയിടുന്നതാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം പ്രതി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് പ്രതി മൃതദേഹം ആലുവ മാര്‍ക്കറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയില്‍ തെളിഞ്ഞിരുന്നു. പ്രതി മുന്‍പും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പര്‍ഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നല്‍കുന്നതിലേക്ക് കോടതിയെ നയിച്ചു.