Connect with us

aluva murder case

ആലുവ കൊലപാതകം: കുടുംബത്തിനുള്ള ധനസഹായത്തിൻ്റെ ഉത്തരവ് കൈമാറി

തുക രണ്ട് ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബേങ്ക് അക്കൗണ്ടിലേക്ക് നല്‍കും.

Published

|

Last Updated

ആലുവ | ആലുവയില്‍ കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് മന്ത്രിമാർ കൈമാറി. മന്ത്രിമാരായ പി രാജീവ്, കെ രാധാകൃഷ്ണന്‍, എം ബി രാജേഷ് എന്നിവരാണ് ഉത്തരവ് കൈമാറിയത്. ജില്ലാ കലക്ടറുടെ അക്കൗണ്ടിലെത്തുന്ന തുക രണ്ട് ദിവസത്തിനകം കുട്ടിയുടെ മാതാപിതാക്കളുടെ ജോയിന്റ് ബേങ്ക് അക്കൗണ്ടിലേക്ക് നല്‍കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ചത്.

അത്യന്തം ദാരുണമായ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്ന തരത്തില്‍ പോലീസ് അന്വേഷണം കുറ്റമറ്റ രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍മപദ്ധതി രൂപവത്കരിക്കും. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരെയും വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് ഉന്നതതല യോഗം ചേരും. ശക്തമായ മുന്‍കരുതല്‍ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

സംസ്ഥാനത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ കൃത്യമായി നടത്തേണ്ടതുണ്ടെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. പോലീസ്, എക്‌സൈസ്, തദ്ദേശ സ്വയംഭരണം, തൊഴില്‍, വനിത ശിശു വികസന വകുപ്പുകളുടെ ഏകോപനത്തോടെയാകും ഈ പ്രവര്‍ത്തനം സാധ്യമാക്കുക. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോകുന്നതിനാല്‍ സ്‌കൂള്‍ സമയം കഴിഞ്ഞും അവധി ദിവസങ്ങളിലും കുട്ടികള്‍ വീടുകളില്‍ ഒറ്റപ്പെട്ടു പോകുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു ഡേ കെയര്‍ സജ്ജമാക്കുന്ന കാര്യം യോഗത്തില്‍ ആലോചിച്ചിട്ടുണ്ട്. സ്ഥലം എം എൽ എ അൻവർ സാദത്തും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു.
---- facebook comment plugin here -----

Latest