Kerala
വീഡിയോ ചിത്രീകരണത്തിനിടെ ആല്‍വിനെ ഇടിച്ചത് ബെന്‍സ് കാര്‍; സ്ഥിരീകരിച്ച് പോലീസ്
ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്.
കോഴിക്കോട്| പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഇടിച്ചത് ബെന്‍സ് കാറെന്ന് പോലീസ്. വടകര കടമേരി സ്വദേശി ടികെ ആല്‍വിന്‍ (21) ആണ് ഇന്നലെ മരിച്ചത്. ആല്‍വിനെ ഇടിച്ചത് ഡിഫെന്‍ഡര്‍ കാര്‍ എന്നാണ് ഇന്നലെ കസ്റ്റഡിയിലെടുത്ത രണ്ട് ഡ്രൈവര്‍മാരും മൊഴി നല്‍കിയത്. ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയത്. വീഡിയോ എടുത്ത മൊബൈല്‍ ഫോണ്‍ ഹാജരാക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.
അപകടമുണ്ടാക്കിയ ബെന്‍സ് കാറിന്റെ ഡ്രൈവറുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും പോലീസ് അറിയിച്ചു. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് ഇന്നലെ രാവിലെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്.
രണ്ട് ആഡംബര കാറുകള്‍ ചേയ്‌സ് ചെയ്ത് വരുന്നതിന്റെ ദൃശ്യങ്ങള്‍ റോഡിന്റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്റെ ഉടമയുടേയും ബന്ധുവിന്റേയും കാറുകളാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു.