Connect with us

Business

അമാനത്ത് ഹോള്‍ഡിംഗ്സ് ചെയര്‍മാനായി ഡോ. ഷംഷീര്‍ വയലിലിനെ നിയമിച്ചു

ആഗോള ആരോഗ്യ രംഗത്തും അമാനത്തിലുമുള്ള അനുഭവ സമ്പത്തും വൈദഗ്ധ്യവുമായാണ് അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.

Published

|

Last Updated

ദുബൈ | ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന മേഖലയിലെ മുന്‍നിര സംയോജിത ആരോഗ്യ, വിദ്യാഭ്യാസ നിക്ഷേപ കമ്പനിയായ അമാനത് ഹോള്‍ഡിംഗ്സ് പുതിയ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി ഡോ. ഷംഷീര്‍ വയലിലിനെ നിയമിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ തന്ത്രപരമായ നേതൃത്വം ലക്ഷ്യമിട്ടാണ് അമാനത് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം.

ഹമദ് അബ്ദുല്ല അല്‍ഷംസിക്ക് പകരമാണ് ഡോ. ഷംഷീര്‍ ചെയര്‍മാനാകുന്നത്. ആഗോള ആരോഗ്യ രംഗത്തും അമാനത്തിലുമുള്ള അനുഭവ സമ്പത്തും വൈദഗ്ധ്യവുമായാണ് അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2.5 ബില്യണ്‍ ദിര്‍ഹത്തിന്റെ പെയ്ഡ്-അപ്പ് മൂലധനമുള്ള അമാനത്തിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമ കൂടിയാണ് ഡോ. ഷംഷീര്‍.

ആരോഗ്യ രംഗത്തെ നേതൃപാടവത്തിലൂടെ, മേഖലയിലെ ആരോഗ്യ, വിദ്യാഭ്യാസ സേവനങ്ങളുടെ വികാസത്തില്‍ ഡോ. ഷംഷീര്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവന ദാതാക്കളിലൊന്നായ ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീര്‍.

ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് മികച്ച നിക്ഷേപങ്ങളുള്ള അമാനത്തിന്റെ നേട്ടങ്ങള്‍ വിപുലീകരിക്കാനും വിപണികളിലെ പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുമാകും മുന്‍ഗണനയെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. കമ്പനിയുടെ തന്ത്രപ്രധാന പ്രവര്‍ത്തനങ്ങള്‍ക്കും ഓഹരി ഉടമകള്‍ക്ക് കൂടുതല്‍ മൂല്യം സൃഷ്ടിക്കുന്നതിനും ചെയര്‍മാനെന്ന നിലയില്‍ അദ്ദേഹം നേതൃത്വം നല്‍കും.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കമ്പനികള്‍ സ്ഥാപിക്കുകയും ഏറ്റെടുക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്ന അമാനത്തിന് മീന മേഖലയില്‍ വന്‍ സ്വാധീനമാണുള്ളത്. യു എ ഇയിലെ കേംബ്രിഡ്ജ് മെഡിക്കല്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍, സഊദി ജിദ്ദയിലെ സുകൂണ്‍, അല്‍-മലാക്കി സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍, പ്രമുഖ ഉന്നത വിദ്യാഭ്യാസ ദാതാക്കളായ നെമ ഹോള്‍ഡിംഗ്, മിഡില്‍സെക്സ് യൂണിവേഴ്സിറ്റി ദുബൈ കാമ്പസ്, ദുബൈയിലുള്ള നോര്‍ത്ത് ലണ്ടന്‍ കൊളീജിയറ്റ് സ്‌കൂളിന്റെ റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍ എന്നിവ കമ്പനിക്ക് കീഴിലാണ്.

 

---- facebook comment plugin here -----

Latest