Connect with us

Kerala

ആമയൂര്‍ കൂട്ടക്കൊലപാതകം; പ്രതി റെജികുമാറിന്റെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി

ജയിലിലായിരുന്ന കാലയളവില്‍ പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന വിലയിരുത്തലിലാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്.

Published

|

Last Updated

പാലക്കാട്| പട്ടാമ്പി ആമയൂര്‍ കൂട്ടക്കൊലപാതകക്കേസില്‍ പ്രതി റെജികുമാറിന്റെ വധശിക്ഷ റദ്ദുചെയ്ത് സുപ്രീംകോടതി. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. പട്ടാമ്പി ആമയൂരില്‍ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി. ജയിലിലായിരുന്ന കാലയളവില്‍ പ്രതിക്ക് മാനസാന്തരം സംഭവിച്ചെന്ന വിലയിരുത്തലിലാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗക്കുറ്റത്തിനും കൊലപാതകക്കുറ്റത്തിനും ജീവപര്യന്തം നിലനില്‍ക്കും. കേസിലെ ഏകപ്രതിയാണ് റെജികുമാര്‍.

2008ലാണ് പാല പറമ്പത്തോട്ട് റെജികുമാര്‍ ഭാര്യ ലിസിയെയും മക്കളായ അമലു (12), അമല്‍ (10), അമല്യ(9), അമന്യ (3) എന്നിവരെ കൊലപ്പെടുത്തിയത്. 2008 ജൂലൈ 8 മുതല്‍ 23 വരെയുളള ദിവസങ്ങളിലാണ് 5 പേരുടെയും കൊലപാതകം പ്രതി നടത്തിയത്. ജൂലൈ എട്ടിനാണ് ലിസിയെ കൊലപ്പെടുത്തിയത്. സെപ്റ്റിക് ടാങ്കില്‍ നിന്നാണ് ലിസിയുടെ മൃതദേഹം കണ്ടെടുത്തത്. അമന്യയെയും അമലിനെയും ജൂലൈ പതിമൂന്നിനും കൊലപ്പെടുത്തി. അമലുവിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. അമലുവിനെയും അമല്യയെയും ജൂലൈ 23നാണ് കൊലപ്പെടുത്തിയത്. മൃതദേഹങ്ങളെല്ലാം അഴുകിയ നിലയിലായിരുന്നു.

പതിനാറ് വര്‍ഷമായി റെജികുമാര്‍ സെന്‍ട്രല്‍ ജയിലിലാണ്. റെജികുമാറിന് മാനസാന്തരം സംഭവിച്ചുവെന്നാണ് ജയില്‍ അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ട്. ഇതുപരിശോധിച്ചാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്. പാലക്കാട് പ്രത്യേക സെഷന്‍സ് കോടതിയാണ് റെജികുമാറിന് വധശിക്ഷ വിധിച്ചത്. 2010-ലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സെഷന്‍സ് കോടതി വിധി ശരിവെച്ചത്. വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ 2023ല്‍ ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ച് വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.

 

---- facebook comment plugin here -----

Latest