Connect with us

Articles

വിസ്മയിപ്പിക്കുന്ന പ്രമേയം

നബി(സ) ഉള്‍ക്കൊള്ളുന്ന വിശ്വാസി സമൂഹം മര്‍ദിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ഊര് വിലക്കനുഭവിക്കുകയും ചെയ്തിട്ടുണ്ട്.

Published

|

Last Updated

നിയോഗിതരായ നാള്‍ മുതല്‍ മറുപക്ഷത്ത് നിലയുറപ്പിച്ചവരുടെ കായികവും ധൈഷണികവുമായ പ്രതിപ്രവര്‍ത്തനങ്ങളെ അഭിമുഖീകരിച്ചവരാണ് തിരുനബി(സ). നബി(സ) ഉള്‍ക്കൊള്ളുന്ന വിശ്വാസി സമൂഹം മര്‍ദിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ഊര് വിലക്കനുഭവിക്കുകയും ചെയ്തിട്ടുണ്ട്. സമാധാനം സാധ്യമാകാന്‍ പലായനത്തിന് തയ്യാറായിട്ടും അതിക്രമങ്ങള്‍ അവസാനിച്ചില്ല. യുദ്ധം ചെയ്തും സ്വത്ത് കൈവശപ്പെടുത്തിയും അരുതായ്മകള്‍ തുടര്‍ന്നു. ചിലര്‍ കവിത എഴുതിയും അസഭ്യ കവിതകള്‍ ആലപിക്കാന്‍ ഗായികമാരെ കൂലിക്കെടുത്തും ശത്രുത കത്തിച്ചുനിര്‍ത്തി.

തിരുനബി(സ) വിടപറഞ്ഞിട്ടും ഈ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വന്നില്ല. വേര്‍പാടിന് 15 നൂറ്റാണ്ടുകളുടെ കാലദൈര്‍ഘ്യം വന്നിട്ടും ഇത്തരം ശ്രമങ്ങള്‍ തുടരുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളുടെ തലപ്പത്തുണ്ടായിരുന്നവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന അന്വേഷണം കൗതുകകരമാണ്. അവരില്‍ ദീര്‍ഘായുസ്സ് ലഭിച്ച ഭൂരിഭാഗം പേരും പ്രവാചക പ്രണയത്തിന്റെ അനന്തവിസ്‌തൃതമായ ആറുകളില്‍ ആത്മനിര്‍വൃതിയനുഭവിച്ചാണ് യാത്രയായത്.

ഉഹ്ദില്‍ മുസ്‌ലിംകള്‍ക്കെതിരെ യുദ്ധം നയിച്ച അബൂ സുഫ്‌യാന്‍ വിശ്വാസി ഹൃദയങ്ങളില്‍ വലിയ ആദരവ് സ്വന്തമാക്കിയ നേതാവാണ്. ഇക്‌രിമയും ഖാലിദ് ബ്‌നു വലീദും തുടങ്ങി സായുധ പോരാട്ടങ്ങളിലൂടെ തിരുനബി(സ)യെയും അനുചരരെയും നിഷ്‌കാസനം ചെയ്യാനിറങ്ങിയ എത്ര പേരാണ് അവിടുത്തെ സന്നിധിയിലെത്തി സായൂജ്യമടഞ്ഞത്.

പരിപൂര്‍ണതയുടെ അര്‍ഥവും ആവിഷ്‌കാരവും നിറഞ്ഞ തിരുവ്യക്തിത്വത്തെ മോശമാക്കാന്‍ അക്ഷരങ്ങളെ കൂടെകൂട്ടിയവരുടെ ചരിത്രത്തിലുമുണ്ട് സമാന സംഭവങ്ങള്‍.
ആക്ഷേപിക്കാനിറങ്ങിയവര്‍ അവിടുത്തെ ചൊല്ലി വിരഹഗാനം പാടിയവരായി മാറിയ കഥകള്‍ കഅ്ബ് ബ്‌നു സുഹൈര്‍(റ) പോലെയുള്ള പ്രതീകങ്ങളായി എക്കാലത്തുമുണ്ടായി. പടിഞ്ഞാറിന്റെ വര്‍ത്തമാനം മുത്ത് നബിയിലേക്ക് മാത്രം ചുരുങ്ങുന്ന പുതിയ കാലത്ത് ഡെന്‍മാര്‍ക്കിലും നെതര്‍ലന്‍ഡിലും ഫ്രാന്‍സിലുമെല്ലാം അത്തരം അനുഭവങ്ങള്‍ ആവര്‍ത്തിച്ചടയാളപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആര്‍നോഡ് വാന്‍ഡൂണും ജോറന്‍ വാന്‍ ക്ലാവറനും മാക്സന്‍സ് ബട്ടിയും തുടങ്ങി ആ പട്ടിക നാള്‍ക്കുനാള്‍ നീണ്ടുപോകുകയാണ്. യൂലാന്‍സ് പോസ്റ്റനും ഷാര്‍ലി എബ്ദോയും ഫിത്‌ന എന്ന സിനിമയുമെല്ലാം ലക്ഷ്യം വെച്ചത് ഒന്നാണെങ്കില്‍ സംഭവിച്ചത് മറ്റൊന്നാണ്.

എന്തായിരിക്കും എക്കാലത്തും ഇങ്ങനെ മാത്രം സംഭവിക്കുന്നത്. പാണ്ടാകാന്‍ തേച്ചിട്ട് വെളുത്തു തന്നെ വരുന്നത്. സങ്കുചിതവും പരിമിത ധാരണകളുടെ ബലത്തിലുള്ളതുമായ ആരോപണങ്ങള്‍ക്കപ്പുറം നബി(സ)യുടെ ജീവിതത്തെ സമീപിക്കുന്ന ആര്‍ക്കും ഒരു കറുത്തപുള്ളി പോലും ആ ചരിത്രത്തില്‍ കണ്ടെത്താനാകില്ല. സാംസ്‌കാരിക മാറ്റം വിലയിരുത്താതെയും ദമ്പതികളുടെ വ്യക്തി വൈജാത്യം മനസ്സിലാക്കാതെയും നബി(സ) – ആഇശ(റ) വിവാഹത്തെ ചിലര്‍ വിമര്‍ശിച്ചുകൊണ്ടേയിരിക്കുന്നു. അവരുന്നയിക്കുന്ന പീഡനങ്ങള്‍ക്ക് “വിധേയയായ’ ആഇശ(റ)യുടെ ആകാശത്ത് സന്തോഷത്തിന്റെ നക്ഷത്രങ്ങള്‍ അസ്തമിച്ചത് വിരഹത്തിന്റെ പേരിലാണ്, വിരക്തിയുടെ പേരിലല്ല എന്ന് അവരോര്‍ക്കുന്നില്ല.

74 യുദ്ധങ്ങളുടെ ചരിത്രം ചേര്‍ത്തുപറഞ്ഞിട്ടും 1,018 പേര്‍ക്ക് മാത്രം ജീവഹാനി സംഭവിച്ച ഒരാളുടെ പേരില്‍ യുദ്ധക്കൊതിയുടെ കറുത്ത ലേബല്‍ പതിച്ചാല്‍ നില്‍ക്കില്ല എന്ന് ആര്‍ക്കും മനസ്സിലാകും. ഇതാണ് നബി(സ)ക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളുടെയും സ്ഥിതി. അതിനാലാണ് കൂടുതലറിയാന്‍ ശ്രമിക്കുന്നവരെല്ലാം കൂടെ നില്‍ക്കുന്ന പ്രമേയമായി മുത്ത് നബി(സ) ചരിത്രത്തെയും വര്‍ത്തമാനത്തെയും വിസ്മയിപ്പിക്കുന്നത്. ആ പ്രമേയം കൂടുതല്‍ ജനകീയമായി അനുഭവിക്കാനവസരമുണ്ടാക്കാനാണ് തിരുപ്പിറവിയുടെ ആഘോഷങ്ങള്‍ അവസരമുണ്ടാക്കുന്നത്.