National
ആമസോണ്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു
വരും ദിവസങ്ങളില്‍ 9000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം.
ന്യൂഡല്‍ഹി| ലോകത്തെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് സ്ഥാപനങ്ങളില്‍ ഒന്നായ ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. സാമ്പത്തിക കാരണങ്ങളാല്‍ വരും ദിവസങ്ങളില്‍ 9000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനം. ആമസോണ്‍ വെബ് സേവനങ്ങള്‍, പരസ്യവിഭാഗം, തുടങ്ങിയ മേഖലകളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ നടപടി പ്രധാനമായും ബാധിക്കുക. പിരിച്ചുവിടല്‍ നടപടി ഉടന്‍ ഉണ്ടാകുമെന്ന് സിഇഒ ആന്‍ഡി ജെസ്സി അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ കമ്പനി വലിയ തോതില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സാമ്പത്തിക മാന്ദ്യം കാരണം ചെലവ് ചുരുക്കല്‍ ആവശ്യമായി വന്നിരിക്കുകയാണെന്നും കമ്പനി സിഇഒ പറഞ്ഞു. ജനുവരിയില്‍ 18,000 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടിരുന്നു. നിലവില്‍ 9000 ജീവനക്കാരെക്കൂടെ പിരിച്ചുവിടുന്നതോടെ മൂന്ന് മാസത്തിനിടയില്‍ 27000 പേരെയാണ് കമ്പനി പിരിച്ചുവിടുന്നത്.