International
അമ്പമ്പോ! അതിഭീമം,; ഗൂഗിളിന് ലോകത്തെ മൊത്തം പണമെടുത്താലും അടയ്ക്കാന്‍ കഴിയാത്ത പിഴയിട്ട് റഷ്യന്‍ കോടതി
20 ഡെസിലിയണ്‍ ഡോളര്‍ ($20,000,000,000,000,000,000,000,000,000,000,000) ആണ് പിഴ. റഷ്യന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാണ് കേട്ടുകേള്‍വിയില്ലാത്തത്ര വന്‍ തുക പിഴയിട്ടത്.
മോസ്‌കോ | ഗൂഗിളിന് അതിഭീമമായതുക പിഴയിട്ട് റഷ്യന്‍ കോടതി. 20 ഡെസിലിയണ്‍ ഡോളര്‍ ($20,000,000,000,000,000,000,000,000,000,000,000) ആണ് പിഴ വിധിച്ചിരിക്കുന്നത്. രണ്ടിനു പിറകെ 34 പൂജ്യം വരുന്ന സംഖ്യ!! റഷ്യന്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാണ് കേട്ടുകേള്‍വിയില്ലാത്തത്ര വന്‍ തുക പിഴയിട്ടത്. ലോകത്തിലെ മുഴുവന്‍ പണവും ശേഖരിച്ചാല്‍ പോലും ഇത്രയും വലിയ തുക പിഴ നല്‍കാന്‍ ഗൂഗിളിന് കഴിയില്ല. ഐ എം എഫ് പുറത്തിറക്കിയ കണക്ക് പ്രകാരം ലോകത്തെ എല്ലാ രാജ്യങ്ങളുടേയും മൊത്തം ജി ഡി പി പോലും 110 ട്രില്യണ്‍ ഡോളറേ ഉണ്ടാവൂ.
റഷ്യന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 17 ചാനലുകള്‍ക്ക് ഗൂഗിള്‍ യുട്യൂബ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് റഷ്യന്‍ കോടതിയെ പ്രകോപിപ്പിച്ചത്. രാജ്യത്തെ പ്രക്ഷേപണ നിയമങ്ങള്‍ ഗൂഗിള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ.
നിശ്ചിത കാലയളവിനുള്ളില്‍ ചാനലുകള്‍ക്കുള്ള യുട്യൂബ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഓരോ ദിവസവും പിഴ ഇരട്ടിയാകുമെന്നും വിധി പ്രസ്താവനയില്‍ കോടതി വ്യക്തമാക്കി. റഷ്യന്‍ കോടതി വന്‍തുക പിഴ വിധിച്ചതിനോട് ഗൂഗിള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
റഷ്യന്‍ ചാനലുകളും ഗൂഗിളും തമ്മില്‍ 2020 മുതല്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ യുക്രൈനെ റഷ്യ ആക്രമിച്ചതിനു പിന്നാലെ കൂടുതല്‍ രൂക്ഷമായിരുന്നു. യുദ്ധം ആരംഭിച്ചതോടെ നിരവധി പാശ്ചാത്യ കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളാണ് റഷ്യയില്‍ പാശ്ചാത്യ കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. യൂറോപ്പില്‍ തിരിച്ചും നിയന്ത്രണങ്ങളുണ്ട്. 2022ല്‍ ഗൂഗിളിന്റെ റഷ്യന്‍ വിഭാഗം പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരുന്നു.