Articles
അംബേദ്കറുടെ ആശങ്കകള്‍
നമ്മള്‍ ആഘോഷിക്കുന്ന ഓരോ റിപബ്ലിക് ദിനവും രാജ്യത്തിന്റെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കൂടുതല്‍ ശക്തമാക്കാന്‍ വേണ്ടിയുള്ളതാണെന്ന് മറക്കരുത്.
ജനാധിപത്യം പണാധിപത്യത്തിലേക്കും വര്‍ഗീയവും ജാതീയവുമായ ആധിപത്യത്തിലേക്കും വഴുതി വീഴാതെ നോക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ബാധ്യതയാണ്. നമ്മള്‍ ആഘോഷിക്കുന്ന ഓരോ റിപബ്ലിക് ദിനവും രാജ്യത്തിന്റെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കൂടുതല്‍ ശക്തമാക്കാന്‍ വേണ്ടിയുള്ളതാണെന്ന് മറക്കരുത്.
യോജിക്കാനും വിയോജിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യവും അവകാശവും ജനാധിപത്യത്തിലുണ്ടാകണം. എങ്കിലേ ജനാധിപത്യവും റിപബ്ലിക്കുമൊക്കെ അര്‍ഥവത്താകൂ. അഴിമതിവിരുദ്ധ സമരങ്ങളും പൗരത്വ പ്രക്ഷോഭങ്ങളും കാര്‍ഷിക പ്രതിഷേധങ്ങളും ജനകീയ സമരങ്ങളുമൊക്കെ അതിന്റെ ഭാഗമായി കാണാനും ഏറ്റവും യുക്തമായ പരിഹാരം കാണാനും കഴിയണം. നല്ല ഭരണപക്ഷമുണ്ടാകുക എന്നത് പോലെത്തന്നെ പ്രധാനമാണ് നല്ല ഒരു പ്രതിപക്ഷമുണ്ടാകുക എന്നതും. സ്വാതന്ത്ര്യത്തിനും റിപബ്ലിക്കിനുമൊക്കെ കാരണഭൂതരായ ചെറുതും വലുതുമായ ചരിത്ര പുരുഷന്മാരെയും സ്വാതന്ത്ര്യ സമര സേനാനികളെയും മത, ജാതി പരിഗണനകള്‍ക്കതീതമായി പരിഗണിക്കാനും വിലയിരുത്താനും നമുക്ക് കഴിയേണ്ടതുണ്ട്.
ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഏറ്റവും വലിയ ആദരവാണ് നല്‍കുന്നത്. ഒരര്‍ഥത്തില്‍, പൗരന്മാരുമായി സുദീര്‍ഘമായൊരു സംഭാഷണത്തിനാണ് ഭരണഘടന മുതിരുന്നത്. ജനാധിപത്യം, മതനിരപേക്ഷത, സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, നീതി, ശാസ്ത്രബോധം തുടങ്ങി പല ഉന്നതമായ മൂല്യങ്ങളും ആശയങ്ങളും അത് മുന്നോട്ട് വെക്കുന്നു. ഇതൊക്കെ ഇന്ത്യന്‍ റിപബ്ലിക്കിന്റെ അടിസ്ഥാന ശിലകളാണ്. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യനാളുകളില്‍ ഇത്തരം ആശയങ്ങള്‍ക്ക് പ്രത്യേകിച്ച്, മതനിരപേക്ഷതക്കും ശാസ്ത്രബോധത്തിനും രാഷ്ട്രീയ നേതൃത്വം വലിയ പ്രാധാന്യം കല്‍പ്പിച്ചിരുന്നു.
രാഷ്ട്രീയം വിയോജിപ്പിന്റെ കലയാണെന്ന വസ്തുത എല്ലാ കക്ഷികളും മറന്നുപോയതായി തോന്നുന്നു. പ്രതിയോഗിയെ പരാജയപ്പെടുത്തി ഏതുവിധേനയും അധികാരത്തിലെത്തുക എന്ന ഏക അജന്‍ഡയുമായാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നത്. ഭരണഘടനാ നിര്‍മാണ സമിതിയില്‍ കരട് ഭരണഘടന അവതരിപ്പിച്ചുകൊണ്ട് ഡോ. ബി ആര്‍ അംബേദ്കര്‍ പറഞ്ഞത്, “രാഷ്ട്രീയ ധാര്‍മികത ഒരിക്കലും സ്വയംഭൂ ആകുന്നില്ല, അത് സ്വയം ആര്‍ജിക്കേണ്ട ഒന്നാണ്. നമ്മുടെ ജനങ്ങള്‍ ഇനിയുമത് സ്വായത്തമാക്കിയിട്ടില്ല. അടിസ്ഥാനപരമായി, ജനാധിപത്യത്തിന് വളക്കൂറില്ലാത്ത ഇന്ത്യന്‍ മണ്ണില്‍ അത് മുകള്‍പ്പരപ്പില്‍ ഒതുങ്ങിനില്‍ക്കുന്നു’ എന്നായിരുന്നു.
ഭരണഘടനയുടെ രൂപവത്കരണത്തിനു ശേഷം കാലമേറെക്കഴിഞ്ഞിട്ടും അതിന്റെ ഭാവിയെപ്പറ്റി വലിയ ആശങ്കയും ഭയവും ഡോ. അംബേദ്കര്‍ക്കുണ്ടായിരുന്നു. അസമത്വത്തിന്റെ വിളനിലത്തില്‍ വിതച്ച ജനാധിപത്യത്തിന്റെയും സാഹോദര്യത്തിന്റെയും വിത്തുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്ക അടിസ്ഥാനരഹിതമായിരുന്നില്ല. അന്ന് അദ്ദേഹത്തെയും ഭരണഘടനയെയും എതിര്‍ത്തിരുന്ന സംഘ്പരിവാര്‍ ശക്തികളും ദളിത് പക്ഷത്താണ് എന്ന് ആവര്‍ത്തിച്ചു പറയുന്ന രാഷ്ട്രീയ കക്ഷികളും ഒരേ സ്വരത്തില്‍ സംവരണമുള്‍പ്പെടെയുള്ള ഭരണഘടനാ തത്ത്വങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സമകാലീന രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ് ഈ റിപബ്ലിക് ദിനം.
രാജ്യത്ത് ശക്തിപ്പെട്ടുവരുന്ന അസഹിഷ്ണുതയും ജാതീയതയും അഴിമതിയും വിഭാഗീയതയും ഇല്ലായ്മ ചെയ്ത് ഐക്യവും അഖണ്ഡതയും ശക്തമാക്കുന്നതിനും ഇന്ത്യയെ പുരോഗതിയുടെ നെറുകയില്‍ എത്തിക്കുന്നതിനുമുള്ള പ്രതിജ്ഞ പുതുക്കലാകട്ടെ ഈ റിപബ്ലിക് ദിനം.