Connect with us

Editorial

അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍

അംബേദ്കര്‍ പ്രതിമകള്‍ അനാച്ഛാദനം ചെയ്യാന്‍ ബി ജെ പി നേതാക്കള്‍ മത്സരിക്കുകയായിരുന്നു. അതിനിടക്കാണ് തനിസ്വഭാവം അമിത് ഷായിലൂടെ പുറത്ത് വന്നിരിക്കുന്നത്. വ്യവസ്ഥാപിതമായ പ്രതിഷേധം രാജ്യത്താകെ ഉയര്‍ന്നു വരണം. മതേതരത്വവും തുല്യതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുമുള്ള രാഷ്ട്രീയ മുന്നേറ്റമായി അത് മാറണം.

Published

|

Last Updated

ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കറെ അവഹേളിക്കുന്ന തരത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലിമെന്റില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രാജ്യത്താകെ വലിയ പ്രതിഷേധമുയരുകയാണ്. പാര്‍ലിമെന്റില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവന്നു. അമിത് ഷായെ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എക്സ് പോസ്റ്റുമായി വന്നെങ്കിലും പ്രതിരോധം ദുര്‍ബലമായിരുന്നു. കോണ്‍ഗ്രസ്സാണ് അംബേദ്കറെ അപമാനിച്ചതെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് പ്രധാനമന്ത്രിയും ചെയ്തത്. ഇന്നലെ ഭരണപക്ഷവും പ്രതിപക്ഷവും അക്ഷരാര്‍ഥത്തില്‍ ഏറ്റുമുട്ടി. കൈയാങ്കളിയിലും ആരോപണ പ്രത്യാരോപണങ്ങളാലും അന്തരീക്ഷം മുഖരിതമാണ്. ‘അംബേദ്കര്‍, അംബേദ്കര്‍ എന്ന് ഉരുവിടുന്നത് ചിലര്‍ക്ക് ഒരു ഫാഷനാണിന്ന്. ഇത്രയും തവണ ഈശ്വരനാമം ഉരുവിട്ടാല്‍ സ്വര്‍ഗത്തിലെത്താമെന്നാ’യിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഭരണഘടനാ ചര്‍ച്ചക്ക് ചെവ്വാഴ്ച രാജ്യസഭയില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ.

പ്രതിപക്ഷത്തെ വിമര്‍ശിക്കുന്നതിനിടെ വന്ന ഈ പദപ്രയോഗങ്ങള്‍ അവഹേളനാപരമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ലോകമാകെ ആദരിക്കുന്ന അംബേദ്കറെ അവഹേളിക്കുക വഴി രാജ്യത്തെ നാണം കെടുത്തുകയാണ് ആഭ്യന്തര മന്ത്രി ചെയ്തിരിക്കുന്നത്. ഭരണഘടനാ ശില്‍പ്പിയെ ആക്ഷേപിച്ച അമിത് ഷാ ഭരണഘടനയോടുള്ള തന്റെ മനോഭാവത്തെ കൂടി വെളിവാക്കുന്നുണ്ട്. വൈജാത്യങ്ങളുടെയും നിരവധി ഉപദേശീയതകളുടെയും കലവറയായ ഇന്ത്യയെ ഇക്കാലമത്രയും സുസ്ഥിര ദേശമായി നിലനിര്‍ത്തിയത് ഈ ഭരണഘടനയാണ്. അയല്‍ രാജ്യങ്ങളെല്ലാം ശിഥിലമായപ്പോഴും ഈ രാജ്യത്തിന് ഇടര്‍ച്ചകളില്ലാതെ ജനാധിപത്യത്തില്‍ തന്നെ നിലനില്‍ക്കാനും മുന്നേറാനും ശക്തി പകര്‍ന്നത് അങ്ങേയറ്റത്തെ കൃത്യതയോടെ തയ്യാറാക്കപ്പെട്ട ഭരണഘടനയല്ലാതെ മറ്റൊന്നല്ല. ഭരണ സംവിധാനത്തിന്റെ വിവിധ ഘടകങ്ങളെ നിര്‍വചിക്കുകയും നിയമ സ്രോതസ്സായി നിലനില്‍ക്കുകയും ചെയ്യുക മാത്രമല്ല ഭരണഘടന ചെയ്തത്. മറിച്ച് രാജ്യം കടന്നുപോയ ചരിത്ര സന്ധികളെ ഉള്‍ക്കൊള്ളുകയും വരാനിരിക്കുന്ന തലമുറകളെ കൂടി സ്വാധീനിക്കാവുന്ന രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകള്‍ മുന്നോട്ട് വെക്കുകയും ചെയ്തു. ഇത്തരമൊരു ബൃഹത് രേഖ രൂപപ്പെടുത്തുന്നതില്‍ അംബേദ്കര്‍ വഹിച്ച നേതൃപരവും ബുദ്ധിപരവുമായ പങ്ക് ഭരണഘടനാ നിര്‍മാണ സമിതിയിലെ ചര്‍ച്ചകള്‍ കണ്ണോടിക്കുന്ന ആര്‍ക്കും ബോധ്യമാകുന്നതാണ്. അദ്ദേഹത്തിന്റെ ആധുനിക വീക്ഷണങ്ങള്‍ ഭരണഘടനയിലെ അനുഛേദങ്ങളിലുടനീളം കാണാം. ജനാധിപത്യപരമായ വഴക്കങ്ങള്‍ പരിചിതമല്ലാത്ത ഒരു ജനതക്ക് ജനാധിപത്യ ജീവിത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയാണ് ഭരണഘടന ചെയ്തത്.

എന്നാല്‍, അമിത് ഷാ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരിക്കലും ഈ ഭരണഘടനയെ പൂര്‍ണമായി വകവെച്ചിട്ടില്ല. അവരുടെ മനസ്സില്‍ മനുസ്മൃതിയാണ്. വര്‍ണാശ്രമ വ്യവസ്ഥയില്‍ അധിഷ്ഠിതമായ സാമൂഹിക ഘടനയും അതിനെ ആസ്പദമാക്കിയുള്ള നിയമ സംഹിതയുമാണ് ‘ഭാരതീ’യമെന്ന് വിളിച്ച് അവര്‍ കൊണ്ടാടുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് പൗരാവകാശം വകവെച്ചു കൊടുക്കേണ്ടതില്ലെന്ന് പ്രഖ്യാപിക്കുന്ന ഗോള്‍വാള്‍ക്കറിസമാണ് അവരെ നയിക്കുന്നത്. അംബേദ്കര്‍ ഏറ്റവും അഗാധതയില്‍ ഊന്നിപ്പറയുന്ന തുല്യതയെന്ന മൂല്യത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല. ജാതി ശ്രേണിയില്‍ തുല്യതയെന്ന ഒന്നില്ലല്ലോ. അങ്ങേയറ്റം പോയാല്‍ സഹവര്‍ത്തിത്വമാകാം. ജാതി ഘടനയില്‍ താഴ്ന്നവരെന്ന് മുദ്ര കുത്തപ്പെട്ടവര്‍ക്ക് പൗരാവകാശങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത ആ വ്യവസ്ഥിതിയെ എല്ലാ അര്‍ഥത്തിലും വെല്ലുവിളിക്കുന്നതാണ് അംബേദ്കര്‍ മുന്നോട്ട് വെച്ച ആശയങ്ങള്‍. രാഷ്ട്രീയ സ്വാതന്ത്ര്യം അര്‍ഥവത്താകണമെങ്കില്‍ സാമൂഹിക സ്വാതന്ത്ര്യം അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞ അംബേദ്കര്‍, മഹാത്മാ ഗാന്ധിയുമായും കോണ്‍ഗ്രസ്സുമായും ഇക്കാര്യത്തില്‍ കലഹിച്ചയാളാണ്. തുല്യതയുടെയും അന്തസ്സുറ്റ പൗരത്വത്തിന്റെയും പ്രയോഗങ്ങളാണ് ആര്‍ട്ടിക്കിള്‍ 14ലും 15ലുമടക്കം സുപ്രധാന അനുഛേദങ്ങളിലും ഭരണഘടനയുടെ ആമുഖത്തിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്നത്. അതുകൊണ്ടാണ് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ അന്നേ ഭണഘടനയെ തള്ളിപ്പറഞ്ഞത്. വൈദേശിക ആശയങ്ങള്‍ മാത്രമേയുള്ളൂ അംബേദ്കറിന്റെ ഭരണഘടനയിലെന്നും അത് ഭാരതീയമായ രേഖയല്ലെന്നുമായിരുന്നു ഓര്‍ഗനൈസറിന്റെ കണ്ടുപിടിത്തം.

അതുകൊണ്ട് അമിത് ഷായുടെ അവഹേളനത്തില്‍ അത്ഭുതമോ പുതുമയോ ഇല്ല. രൂഢമൂലമായ ഭരണഘടനാവിരുദ്ധത പുറത്ത് വന്നുവെന്നേയൂള്ളൂ. പൗരത്വ ഭേദഗതി നിയമം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത്, മുത്വലാഖ് നിയമം, അണിയറയിലുള്ള വഖ്ഫ് ഭേദഗതി ബില്ല്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്… മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എടുത്ത നിയമ നിര്‍മാണങ്ങളിലുടനീളം അംബേദ്കര്‍ നിന്ദ തന്നെയാണ് കാണുന്നത്. ദളിത് സമൂഹം അംബേദ്കറെ ആവേശപൂര്‍വം വായിക്കുന്ന കാലമാണിത്. കോണ്‍ഗ്രസ്സ് ആ വിഭാഗത്തില്‍ നിന്നുള്ള ഒരു നേതാവിനെ പാര്‍ട്ടി അധ്യക്ഷനാക്കിയിരിക്കുന്നു. രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുര്‍മുവിനെയും പരമോന്നത പദവിയില്‍ ഇരുത്താന്‍ ബി ജെ പിയും തയ്യാറായിരിക്കുന്നു. അംബേദ്കറിസം ദളിത് സമൂഹങ്ങളില്‍ മാത്രമല്ല ഇന്ത്യയിലാകെ പടരുന്നുണ്ട്. ഇത് ഹിന്ദുത്വ രാഷ്ട്രീയത്തിനുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. അതുകൊണ്ട് അംബേദ്കറെ ‘സ്വന്തമാ’ക്കാന്‍ ബി ജെ പി പണി തുടങ്ങിയ ഘട്ടവുമാണിത്. അംബേദ്കര്‍ നെഹ്റു മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതൊക്കെ പ്രശ്നവത്കരിക്കുന്ന തിരക്കിലായിരുന്നു അവര്‍. അംബേദ്കര്‍ പ്രതിമകള്‍ അനാച്ഛാദനം ചെയ്യാന്‍ ബി ജെ പി നേതാക്കള്‍ മത്സരിക്കുകയായിരുന്നു. അതിനിടക്കാണ് തനിസ്വഭാവം അമിത് ഷായിലൂടെ പുറത്ത് വന്നിരിക്കുന്നത്.

വ്യവസ്ഥാപിതമായ പ്രതിഷേധം രാജ്യത്താകെ ഉയര്‍ന്നു വരണം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മതേതരത്വവും തുല്യതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുമുള്ള രാഷ്ട്രീയ മുന്നേറ്റമായി അത് മാറണം. അംബേദ്കര്‍, അംബേദ്കര്‍ എന്ന് പറഞ്ഞു കൊണ്ടിരിക്കണം.

 

---- facebook comment plugin here -----

Latest