Articles
അംബേദ്കര്‍ ജാതിയുടെ ഇരയും ഉത്പന്നവും
ചരിത്രം മറയ്ക്കാനും മായ്ക്കാനും ഭരണകൂട ശക്തികള്‍ തന്നെ ശ്രമിക്കുമ്പോള്‍ അംബേദ്കറുടെ ജീവചരിത്രം നാം ഓര്‍ക്കേണ്ടതുണ്ട്.ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് രാജ്യം രണ്ടായി വിഭജിക്കപ്പെടുന്ന കാലത്ത് അധഃസ്ഥിത വര്‍ഗത്തിന്റെ അടിസ്ഥാന അവകാശങ്ങള്‍ക്കു വേണ്ടി ഒരായുഷ്‌ക്കാലം മുഴുവന്‍ പോരാടിയ അംബേദ്കറുടെ ചരിത്രം ഉറക്കെ വിളിച്ചു പറയുക എന്നത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണ്
ഹിന്ദു ജാതി വ്യവസ്ഥയോട് മരണം വരെ വാക്കുകള്‍ കൊണ്ടും എഴുത്തുകള്‍ കൊണ്ടും നിലപാടുകള്‍ കൊണ്ടും പൊരുതുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്ത മനുഷ്യനായിരുന്നു ഡോ. ഭീംറാവു അംബേദ്കര്‍. അദ്ദേഹത്തെ രൂപപ്പെടുത്തിയതില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ച സാമൂഹിക സ്ഥാപനം ഹിന്ദു ജാതി വ്യവസ്ഥയായിരുന്നു. ഹിന്ദു ജാതി വ്യവസ്ഥയെ ആഴത്തില്‍ അറിഞ്ഞാല്‍ മാത്രമേ ആരാണ് അംബേദ്കര്‍, എങ്ങനെയാണ് അംബേദ്കര്‍ എന്ന വ്യക്തി രൂപപ്പെട്ടത് എന്ന് മനസ്സിലാകൂ.
ഹിന്ദു വര്‍ണ വ്യവസ്ഥ ഉണ്ടായത് ഗംഗാ തടങ്ങളില്‍ ഉണ്ടായിരുന്ന ചില ചെറുഗ്രാമങ്ങളില്‍ ആയിരിക്കണം. നാടോടി ജനതകള്‍ ഗംഗാ തടങ്ങളില്‍ സ്ഥിരതാമസം തുടങ്ങിയപ്പോള്‍ അവര്‍ മുന്നോട്ടുവെച്ച സാമൂഹിക വിഭജന സിദ്ധാന്തമാണ് ചാതുര്‍വര്‍ണ്യം. ജാതിഘടനയെ ന്യായീകരിക്കുന്ന പുരുഷസൂക്ത ഗ്രന്ഥമായ മനുസ്മൃതിയില്‍ വര്‍ണ വ്യവസ്ഥയെ നാലായി തരം തിരിച്ചിരിക്കുന്നു. ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ ഇവയാണ് ഈ നാല് വിഭാഗങ്ങള്‍. ബ്രാഹ്മണര്‍, തങ്ങളാണ് ഭൂമിയിലെ ദൈവത്തിന്റെ പ്രതിനിധികള്‍, ഭൂമിയിലെ ഏറ്റവും പരിശുദ്ധരായ ആളുകള്‍ എന്ന വാദം ഉയര്‍ത്തുകയും ദൈവത്തിന്റെ മുഴുവന്‍ കുത്തകയും കൈവശം വെക്കുകയും ചെയ്തു.
രാജവംശങ്ങള്‍ ഉണ്ടായപ്പോഴും ബ്രാഹ്മണരെ ആശ്രയിക്കാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത വിധം അവരുടെ ശക്തി വളരുകയാണ് ഉണ്ടായത്. ദൈവത്തിന്റെ പ്രീതി ബ്രാഹ്മണരുടെ സന്തോഷത്തിലാണ് കുടികൊള്ളുന്നത് എന്നൊരു ചിന്ത അന്നത്തെ എല്ലാ മനുഷ്യരുടെയും ഉള്ളില്‍ ഉണ്ടായിരുന്നു. അതുകൊണ്ട് രാജാവും സാധാരണ ജനങ്ങളും ഒരുപോലെ ബ്രാഹ്മണരെ സന്തോഷിപ്പിക്കാനും അതുവഴി ദൈവത്തിന്റെ അനുഗ്രഹം നേടാനും മത്സരിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്ത് സ്വാമി ദയാനന്ദ സരസ്വതിയെ പോലുള്ള ആളുകള്‍ “വേദങ്ങളിലേക്ക് മടങ്ങുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ആളുകളെ ഉത്തേജിപ്പിച്ചിരുന്നു. അവരുടെ കണ്ണില്‍ വേദകാലമെന്നത് ജാതീയമായ വിവേചനങ്ങളോ ഉയര്‍ന്നവര്‍-താഴ്ന്നവര്‍ എന്നുള്ള വ്യത്യാസങ്ങളോ ഇല്ലാത്ത സുവര്‍ണ കാലഘട്ടമായിരുന്നു. വര്‍ണ വ്യവസ്ഥ എന്നാല്‍ അയിത്തവും അസ്പൃശ്യതയും വിവേചനങ്ങളും ചൂഷണവും ഒക്കെയുള്ള ജാതി വ്യവസ്ഥയുടെ മറ്റൊരു പേര് മാത്രമാണ്. ബ്രാഹ്മണര്‍ തങ്ങളാണ് ഏറ്റവും മേന്മയുള്ളവര്‍, ഞങ്ങളെ ആരും തൊട്ട് അശുദ്ധമാക്കരുത് എന്ന നിലപാട് സ്വീകരിക്കുകയും ഭരണാധികാരികള്‍ അത് സമ്മതിച്ചുകൊടുക്കുകയും ബ്രാഹ്മണരെ അശുദ്ധരാക്കാന്‍ ശ്രമിച്ചവരെ ശിക്ഷിക്കുകയും ചെയ്തുവന്നു.
ബ്രാഹ്മണര്‍ ചെയ്തതു പോലെ മറ്റുള്ളവരും സ്വയം കഴിയുന്നത്ര ജാതിയില്‍ താഴ്ന്നവരെ തങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ തുടങ്ങി. ഓരോരുത്തരും അവരുടെ സമ്പത്തിനും അധികാരത്തിനും അനുസരിച്ച് മറ്റുള്ളവരോട് അയിത്തവും അസ്പൃശ്യതയും വിവേചനങ്ങളും പുലര്‍ത്താന്‍ തുടങ്ങി. രാജാധികാരം വളരുന്നതിനൊപ്പം വിവേചനങ്ങളെ ആഘോഷിച്ച ജാതി വ്യവസ്ഥ എന്ന സാമൂഹിക വൈകൃതം ഇന്ത്യ മുഴുവന്‍ വ്യാപിച്ചു. ഓരോ ഇടത്തിലും പ്രബലരായ ആളുകള്‍ അവരുടെ കഴിവിന് അനുസരിച്ച് ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ഒക്കെയായി പുതുവസ്ത്രം ധരിക്കാന്‍ തുടങ്ങി. കേരളത്തിലെ ഒരു പ്രധാന ജാതി, അവര്‍ പഴയ അയിത്ത ജാതി ആയിരുന്നുവെങ്കിലും ഇന്ന് സാമൂഹിക ശ്രേണിയില്‍ ഉയരാനായി ക്ഷത്രിയ പാരമ്പര്യം അവകാശപ്പെടുന്നത് ഓര്‍ക്കുമല്ലോ. കര്‍മം കൊണ്ടാണെങ്കിലും ജന്മം കൊണ്ടാണെങ്കിലും വര്‍ണ വ്യവസ്ഥക്ക് ജാതി വ്യവസ്ഥയായി മാത്രമേ സമൂഹത്തില്‍ നിലനില്‍ക്കാന്‍ കഴിയൂ എന്നാണ് സാമൂഹിക ബോധമുള്ള ആളുകള്‍ മനസ്സിലാക്കേണ്ടത്.
ഇന്ത്യ മുഴുവന്‍ വര്‍ണ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ജാതി വ്യവസ്ഥ ഉണ്ടായിരുന്നുവെന്നതും ഇന്ത്യ മുഴുവന്‍ ബ്രാഹ്മണര്‍ക്ക് മേധാവിത്തം ഉണ്ടായിരുന്നുവെന്നതും കെട്ടുകഥ മാത്രമാണ്. ഗംഗാ തടങ്ങളിലെ ഏതാനും ചെറുഗ്രാമങ്ങളില്‍ മാത്രമായി വര്‍ണ വ്യവസ്ഥയും ജാതി വ്യവസ്ഥയും ഒതുങ്ങി നിന്ന സമയത്ത് ഇന്നത്തെ ഇന്ത്യയുടെ ഭാഗങ്ങളില്‍ മനുഷ്യര്‍ സ്വതന്ത്രരായി ജീവിക്കുന്നുണ്ടായിരുന്നു. ജാതി വ്യവസ്ഥ ഭരണാധികാരികളുടെ പിന്‍ബലത്തോടെയാണ് വ്യാപിച്ചത്. ബ്രാഹ്മണരുടെ അധീശത്വം സമ്മതിച്ചുകൊടുത്ത ആളുകള്‍ അവരുടെ കഴിവിനും പ്രാപ്തിക്കും അനുസരിച്ച് പലവര്‍ണങ്ങളില്‍ ചേക്കേറിയപ്പോള്‍ ബ്രാഹ്മണ മേധാവിത്വത്തെ അംഗീകരിക്കാതെ, അവരുടെ ദാസന്മാരാകാന്‍ വിസമ്മതിച്ച സ്വതന്ത്ര മനുഷ്യരാണ് പില്‍ക്കാലത്ത് അസ്പൃശ്യരും അയിത്ത ജാതികളുമായി മാറിയത്. ബ്രാഹ്മണ്യത്തെ എതിര്‍ത്ത, ബ്രാഹ്മണ മേധാവിത്വത്തെ എതിര്‍ത്ത, ജാതി വ്യവസ്ഥയെ എതിര്‍ത്ത, വര്‍ണ വ്യവസ്ഥയെ എതിര്‍ത്ത, എല്ലാവര്‍ക്കും ഭൂമിയില്‍ ജീവിക്കാനുള്ള അവകാശം തുല്യമാണെന്ന നിലപാട് പുലര്‍ത്തിയ സ്വാഭിമാനമുള്ള സ്വതന്ത്ര മനുഷ്യരായിരുന്നു ഒരു കാലത്ത് ഇന്ത്യയിലെ അയിത്ത ജാതികള്‍.
രാജഭരണം ശക്തമാകുകയും ബ്രാഹ്മണ മേധാവിത്വം തീവ്രമാകുകയും അവരോടുള്ള വിധേയത്വം പ്രകടിപ്പിക്കാന്‍ രാജാവടക്കം എല്ലാ വര്‍ണക്കാരും മത്സരിക്കുകയും ചെയ്തപ്പോള്‍ അവരെ എതിര്‍ക്കാന്‍ ശക്തിയില്ലാതെ പോയ ആളുകള്‍ ഹിന്ദു ഗ്രാമങ്ങള്‍ക്ക് വെളിയിലെ വിഭവരഹിത പുറമ്പോക്കുകളില്‍ അസ്പൃശ്യരായി മാറ്റപ്പെട്ടു. ജന്മം കൊണ്ടോ കര്‍മം കൊണ്ടോ ഏതെങ്കിലും പൂര്‍വജന്മ പാപങ്ങള്‍ കൊണ്ടോ അസ്പൃശ്യര്‍ ആയി മാറിയവരല്ല അത്തരം ജനതകള്‍.
മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള വര്‍ണ വ്യവസ്ഥ ശൂദ്രരെയും സ്ത്രീകളെയും അടിച്ചമര്‍ത്തുന്നതിനും അവരെ പിന്തിരിപ്പിക്കുന്നതിനും പ്രചോദനം നല്‍കിയത് ചരിത്രപരമായ സത്യമാണ്.
ശൂദ്രര്‍, പ്രത്യേകിച്ച് അവര്‍ണരായ ദളിതര്‍, ഈ സമൂഹത്തില്‍ കൊടിയ ചൂഷണത്തിനും പീഡനത്തിനും വിധേയരായിരുന്നു. ഇതുകൊണ്ടാണ് അംബേദ്കര്‍ മനുസ്മൃതിയുടെ ശക്തമായ വിമര്‍ശകനായത്. അംബേദ്കര്‍ മനുസ്മൃതിയെ ഒരു “സമൂഹത്തിന്റെ പിന്നാക്കവത്കരണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ആധികാരിക ഗ്രന്ഥം’ എന്ന് വിശേഷിപ്പിച്ചു. 1927ല്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി, അംബേദ്കര്‍ മനുസ്മൃതിയുടെ പകര്‍പ്പുകള്‍ പൊതുവേദിയില്‍ കത്തിച്ചു. ഇത് ഇന്ത്യൻ ചരിത്രത്തില്‍ സാമൂഹിക വിപ്ലവത്തിനുള്ള ആദ്യ സംഘടിത നീക്കമായി വിലയിരുത്തപ്പെടുന്നു. മനുസ്മൃതിയുടെ ആശയങ്ങളില്‍ നിന്ന് വിദൂരമായ പുതിയ ഭരണഘടന രചിക്കുകയായിരുന്നു അംബേദ്കര്‍. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ അധികരിച്ച് പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാണ് അദ്ദേഹം ലക്ഷ്യമിട്ടത്.
അതുകൊണ്ട് തന്നെ ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തില്‍ ഡോ. ബി ആര്‍ അംബേദ്കറുടെ സംഭാവന അതുല്യമാണ്. ഹിന്ദു സവര്‍ണാധിപത്യത്തിന്റെ അടിത്തറയായിരുന്ന മനുസ്മൃതിക്കെതിരെ അംബേദ്കര്‍ നടത്തിയ സാംസ്‌കാരിക പോരാട്ടം, അനീതിക്കെതിരെയുള്ള പ്രബോധനത്തിന്റെ ഉജ്വല ഉദാഹരണമാണ്.
വിനായക ദാമോദര്‍ സവര്‍ക്കര്‍, ഹിന്ദുത്വത്തിന്റെ സ്ഥാപക പ്രമാണമായ “ഹിന്ദുത്വ: ഒരു അവലോകനം’ എന്ന 1923ല്‍ പ്രസിദ്ധീകരിച്ച കൃതിയില്‍, ഹിന്ദുത്വത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ അവതരിപ്പിച്ചു. സവര്‍ക്കര്‍ മനുസ്മൃതിയെ ഒരു തത്ത്വചിന്തയായി അംഗീകരിച്ചു. സാമൂഹിക ക്രമത്തിന്റെ അടിസ്ഥാനമായി മനുസ്മൃതിയെ കണക്കാക്കിയതിലൂടെ, സവര്‍ണാധിപത്യം അദ്ദേഹത്തിന്റെ രാഷ്ട്രീയ ദര്‍ശനമായി മാറി. അംബേദ്കര്‍ സമത്വം സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍, സവര്‍ക്കര്‍ ഹിന്ദു ഐക്യത്തിന്റെ പേരില്‍ സവര്‍ണാധിപത്യം നിലനിര്‍ത്താന്‍ പ്രചാരണം നടത്തി. അംബേദ്കര്‍ ഇന്ത്യയെ മതേതര രാജ്യമായി വീക്ഷിച്ചപ്പോള്‍, സവര്‍ക്കര്‍ ഹിന്ദു രാഷ്ട്രത്തിന്റെ ആശയം മുന്നോട്ട് വെച്ചു. സവര്‍ക്കറുടെ ഹിന്ദുത്വം വലിയ രീതിയില്‍ വിഭാഗീയതക്ക് കാരണമായി.
അംബേദ്കര്‍ ഇന്ത്യയെ കൂട്ടായ്മയുടെ പാതയിലേക്ക് നയിച്ചു. മനുഷ്യനെ മനുഷ്യനായി പോലും പരിഗണിക്കാതിരുന്ന കാലഘട്ടത്തില്‍ നിന്ന് നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പ്പത്തിലേക്കുള്ള യാത്ര അത്യന്തം ശ്രമകരമായിരുന്നു. ജാതിയുടെ പേരില്‍ മനുഷ്യനെ വിഭജിച്ചിരുന്ന ഒരു കാലത്ത് നിന്ന്, “വി ദി പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന് ഒന്നിച്ചുചേര്‍ന്ന് ഒരുമയോടെ പറയാന്‍ ഈ നാട്ടിലെ മനുഷ്യരെ പഠിപ്പിച്ച മഹാ ഗ്രന്ഥത്തിന്റെ പേരാണ് “ഇന്ത്യന്‍ ഭരണഘടന’. ആ ഭരണഘടനക്ക് ജന്മം നല്‍കിയ മഹാനായ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അംബേദ്കര്‍.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. “രാമന്റെ ഭാരതമായി’ ഇന്ത്യ ഭരിക്കുന്നവര്‍ തന്നെ ഇന്ത്യന്‍ ജനാധിപത്യ മതേതരത്വ ഭരണഘടനയെ ഇകഴ്ത്തി കെട്ടുന്ന ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ മൂല്യം എത്രത്തോളമാണ് എന്നത് ദിനംപ്രതി അതിന്റെ തീവ്രസ്വഭാവത്തില്‍ വെളിവാകുകയാണ്. ഈ സാഹചര്യത്തില്‍ ജനാധിപത്യ ഇന്ത്യയുടെ നിര്‍മാതാവും ഭരണഘടനാ ശില്‍പ്പിയുമായ അംബേദ്കറുടെ ജീവചരിത്രം പഠിക്കേണ്ടത് മുന്‍കാലങ്ങളേക്കാള്‍ അനിവാര്യമായിരിക്കുകയാണ്.
ചരിത്രം മറയ്ക്കാനും മായ്ക്കാനും ഭരണകൂട ശക്തികള്‍ തന്നെ ശ്രമിക്കുമ്പോള്‍ ആ മനുഷ്യന്റെ ജീവിതകഥ നാം ഓര്‍ക്കേണ്ടതുണ്ട്. ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞ് രാജ്യം രണ്ടായി വിഭജിക്കപ്പെടുന്ന കാലത്ത് അധഃസ്ഥിത വര്‍ഗത്തിന്റെ അടിസ്ഥാന അവകാശങ്ങള്‍ക്കു വേണ്ടി ഒരായുഷ്‌ക്കാലം മുഴുവന്‍ പോരാടിയ അംബേദ്കറുടെ ചരിത്രം ഉറക്കെ വിളിച്ചു പറയുക എന്നത് ഈ കാലഘട്ടത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാണ്.