Connect with us

Online Rummy

ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിന് നിയമഭേദഗതി പരിഗണനയില്‍:  മുഖ്യമന്ത്രി

ചില കലാകാരന്‍മാര്‍ ഓണ്‍ലൈന്‍ റമ്മി പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പണം വച്ചുള്ള റമ്മിയടക്കമുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ നിയന്ത്രിക്കുന്നതിനുള്ള നിയമഭേദഗതി സര്‍ക്കാറിന്റെ പരിഗണനയിലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കോടതിക്ക് വിധേയമായി നിയമ നിയമഭേദഗതി നടത്താനാണ് നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു. എ പി അനില്‍കുമാര്‍ എം എല്‍ എയുടെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിരവധി പേരെ വന്‍ സാമ്പത്തിക ബാധ്യതയിലേ്ക്കും ആത്മഹത്യയിലേയ്ക്കും തള്ളിവിട്ട സാഹചര്യമുണ്ടായി. ഇതിനാലാണ് 2021 ഫെബ്രുവരിയില്‍ പന്തയം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിരോധിച്ചത്. എന്നാല്‍ ഇതിനെതിരെ വിവിധ ഗെയിമിംഗ് കമ്പനികള്‍ ഫയല്‍ ചെയ്ത റിട്ട് ഹരജികളിലെ 27.09.2021-ലെ വിധിന്യായപ്രകാരം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രസ്തുത ഭേദഗതി റദ്ദാക്കി. ഇതിനെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

കലാരംഗത്തെ പ്രമുഖര്‍ ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് അതിനെ പ്രോത്സാഹിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണ്. സാമൂഹികവിപത്തിന് കാരണമാകുന്ന ഇത്തരം നടപടികളില്‍ നിന്ന് ചിലരെങ്കിലും പിന്മാറാന്‍ തയ്യാറായത് അനുകരണീയമായ മാതൃകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest