Articles
വൈദ്യുതി ചട്ടം ഭേദഗതി; ഇനി കേന്ദ്രത്തിന്റെ ഷോക്ക് ട്രീറ്റ്‌മെന്റും
കേന്ദ്ര ഊര്‍ജ മന്ത്രാലയം വൈദ്യുതി ചട്ടത്തില്‍ വരുത്തിയ ഭേദഗതി ഉയര്‍ത്തുന്ന ആശങ്കകള്‍ വളരെ വലുതാണ്. വൈദ്യുത വിതരണ ഏജന്‍സികളുടെ ചെലവിനനുസരിച്ച് നിരക്ക് നിര്‍ണയിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം വൈദ്യുതി ചട്ടത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.

പൊതുവെ രാജ്യത്തെ ജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് വൈദ്യുതി മേഖലയാണ്. വൈദ്യുത രംഗത്തെ നയങ്ങളും പരിഷ്‌കരണങ്ങളും വൈദ്യുതി ഉപഭോക്താക്കള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതൊന്നുമല്ല. പ്രത്യേകിച്ചും ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗമുള്ള കേരളത്തില്‍ അതിന്റെ പ്രത്യാഘാതങ്ങളും വളരെ വലുതാണ്. കെ എസ് ഇ ബിയിലെ അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും കോടികളുടെ കുടിശ്ശികയും കാരണം ഈ മേഖല അക്ഷരാര്‍ഥത്തില്‍ കുത്തഴിഞ്ഞു കിടക്കുകയാണ്. ഇതില്‍ നിന്ന് കരകയറാന്‍ ബന്ധപ്പെട്ടവര്‍ വൈദ്യുതി ഉപഭോക്താക്കളുടെ കഴുത്തിന് കുത്തിപ്പിടിക്കുന്നു. അടിക്കടി നിരക്ക് കൂട്ടുന്നു. ഇതും കൂടാതെ സര്‍ചാര്‍ജ് എന്ന് പറഞ്ഞ് പിന്നെയും തുക ഈടാക്കുന്നു. ശമ്പള പരിഷ്‌കരണത്തിന്റെ പേരില്‍ കെ എസ് ഇ ബിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ധൂര്‍ത്തും ദുര്‍വ്യയവുമാണ് ഈ മേഖലയിലെ ഉപഭോക്താക്കളുടെ തലയില്‍ കടുത്ത ബാധ്യതയായി വരുന്നതെന്നാണ് സി എ ജി റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
സര്‍ക്കാറിന്റെ ദൃഷ്ടിയില്‍ കെ എസ് ഇ ബി നഷ്ടത്തിലോടുന്ന സ്ഥാപനമാണ്. ഇത്തരം സ്ഥാപനങ്ങളില്‍ ശമ്പള പരിഷ്‌കരണത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കുന്നില്ല. കഴിഞ്ഞ വര്‍ഷം 6,498 കോടി രൂപയുടെ നഷ്ടമാണ് കെ എസ് ഇ ബിക്കുണ്ടായിരുന്നത്. എന്നിട്ടും സര്‍ക്കാറിന്റെ അനുമതി പോലുമില്ലാതെയാണ് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കുള്ള ശമ്പളം ഉയര്‍ത്തിയത്. മറ്റ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടിയ ശമ്പളമാണ് നഷ്ടത്തിലോടുന്ന കെ എസ് ഇ ബിയുടെ ജീവനക്കാര്‍ക്ക് നല്‍കുന്നതെന്നതാണ് യാഥാര്‍ഥ്യം. ഉയര്‍ന്ന ശമ്പളം നല്‍കുമ്പോള്‍ നിരക്കും മറ്റ് സാമ്പത്തിക സ്വരൂപണങ്ങളും വര്‍ധിപ്പിക്കേണ്ടിവരുന്നു. വൈദ്യുതി ഉപഭോക്താക്കള്‍ വൈദ്യുതി ബോര്‍ഡിലെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ബലിയാടുകളായി മാറുകയും ചെയ്യുന്നു. ഈ ഉപഭോക്താക്കള്‍ക്ക് മേല്‍ ഇപ്പോള്‍ മറ്റൊരു അശനിപാതം വന്നുചേര്‍ന്നിരിക്കുന്നു. അത് കേന്ദ്രം ഭരിക്കുന്നവരുടെ വകയാണ്. അതാണ് വൈദ്യുതി ചട്ടത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള പുതിയ നിയമം.
കേന്ദ്ര ഊര്‍ജ മന്ത്രാലയം വൈദ്യുതി ചട്ടത്തില്‍ വരുത്തിയ ഭേദഗതി ഉയര്‍ത്തുന്ന ആശങ്കകള്‍ വളരെ വലുതാണ്. വൈദ്യുത വിതരണ ഏജന്‍സികളുടെ ചെലവിനനുസരിച്ച് നിരക്ക് നിര്‍ണയിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം വൈദ്യുതി ചട്ടത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇത് വൈദ്യുതി നിരക്ക് ഇനിയും ഉയരാന്‍ ഇടവരുത്തുമെന്നതിനാല്‍ സാധാരണക്കാരായ വൈദ്യുതി ഉപഭോക്താക്കള്‍ ആകുലതയിലാണ്. ഏജന്‍സികളുടെ എല്ലാ ചെലവും കണ്ടെത്തുന്ന വിധത്തില്‍ നിരക്ക് നിര്‍ണയിക്കേണ്ടി വരുന്നതോടെ വൈദ്യുതി നിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതാത് വര്‍ഷം വൈദ്യുതി ബോര്‍ഡിന് ആവശ്യമുള്ള വരുമാനത്തിന് പുറമെ ഏഴ് വര്‍ഷം കൊണ്ട് 7,000 കോടി കുടിശ്ശികയും വൈദ്യുതി നിരക്കില്‍ നിന്ന് നിര്‍ബന്ധമായി ഈടാക്കേണ്ടി വരുന്നതും നിരക്ക് കൂടാന്‍ ഇടവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഭരണഘടനയിലെ സമവര്‍ത്തി പട്ടികയിലാണ് വൈദ്യുതി ഉള്‍പ്പെട്ടിരിക്കുന്നത്. ഈ പട്ടികയിലുള്ള വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിയമ നിര്‍മാണത്തിന് അധികാരമുണ്ടെന്ന പഴുത് ഉപയോഗിച്ചാണ് വൈദ്യുതി ചട്ടം ഭേദഗതി ചെയ്തിരിക്കുന്നത്. കെ എസ് ഇ ബി പോലുള്ള വൈദ്യുതി വിതരണ ഏജന്‍സികള്‍ക്ക് അതാത് വര്‍ഷം എത്ര വരുമാനം വേണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന വ്യവസ്ഥയാണ് നിലവിലുള്ളത്. ഇതും വൈദ്യുതി നിരക്കിലൂടെ കണക്കാക്കുന്ന വരുമാനവും തമ്മില്‍ അന്തരം പാടില്ലെന്നാണ് പുതിയ ചട്ടത്തില്‍ പറയുന്നത്. ഇതുപ്രകാരം കമ്മീഷന്‍ അംഗീകരിക്കുന്ന വരുമാനം മുഴുവന്‍ നിരക്കിലൂടെ പിരിച്ചെടുക്കാന്‍ ചട്ടം ഭേദഗതിയിലൂടെ അധികാരം നല്‍കുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ മാത്രമേ ഇക്കാര്യത്തില്‍ ഇളവുണ്ടാകുകയുള്ളൂ. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പോലും അന്തരം മൂന്ന് ശതമാനത്തില്‍ അധികമാകാന്‍ പാടില്ല. വിടവ് വരുന്ന തുകയുടെ പലിശയും നിരക്കിലൂടെ ഈടാക്കണമെന്ന നിര്‍ദേശം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയുണ്ടാക്കുമെന്ന് ഉറപ്പാണ്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ നിരക്ക് കൂട്ടുന്നതില്‍ കമ്മീഷന്‍ പൊതുവെ നിയന്ത്രണം പാലിക്കാറുണ്ട്. പുതിയ ചട്ടം വന്നതോടെ ഇക്കാര്യത്തിലുള്ള നിയന്ത്രണം ഇല്ലാതാകും. നിരക്ക് എത്ര വേണമെങ്കിലും വര്‍ധിപ്പിക്കാനാകുമെന്നതാണ് വസ്തുത. ഇതുവരെ അംഗീകരിച്ച വരുമാനത്തില്‍ ബാക്കി നില്‍ക്കുന്നത് അടുത്ത ഏഴ് വര്‍ഷം കൊണ്ട് നിരക്ക് വര്‍ധനവിലൂടെ പിരിച്ചെടുക്കാനാണ് ചട്ടം വ്യവസ്ഥ ചെയ്യുന്നത്. കേരളത്തില്‍ കെ എസ് ഇ ബിക്ക് കമ്മീഷന്‍ നിശ്ചയിച്ച പ്രകാരം വരുമാനമായി വരേണ്ടതില്‍ ഇനി 7,000 കോടി രൂപ പിരിച്ചെടുക്കാനുണ്ട്. ഏഴ് വര്‍ഷം കൊണ്ട് തുല്യ ഗഡുക്കളായി പിരിച്ചെടുക്കണമെന്നതിനാല്‍ സംസ്ഥാനത്തും വൈദ്യുതി നിരക്ക് വീണ്ടും കൂട്ടേണ്ടിവരും.
അടുത്തിടെയാണ് കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. ഇതുകാരണം ഉപഭോക്താക്കള്‍ വലിയ സാമ്പത്തിക ബാധ്യതയിലാണ്. വീണ്ടുമൊരു നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് താങ്ങാനാകില്ല. വീട്ടാവശ്യങ്ങള്‍ക്കും കാര്‍ഷികാവശ്യങ്ങള്‍ക്കും വൈദ്യുതി ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും സാധാരണക്കാരാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയക്കയറ്റത്തില്‍ പൊറുതിമുട്ടിയാണ് പാവപ്പെട്ട കുടുംബങ്ങളും ഇടത്തരം കുടുംബങ്ങളും കഴിയുന്നത്. അതിനിടയില്‍ വൈദ്യുതി നിരക്ക് അടിക്കടി കൂടിക്കൊണ്ടിരിക്കുന്നത് അവര്‍ക്ക് താങ്ങാനാകാത്ത ആഘാതമാകുമെന്നതില്‍ തര്‍ക്കമില്ല.
വൈദ്യുതി മേഖലയിലും കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുന്നത് കോര്‍പറേറ്റുകളുടെ താത്പര്യം തന്നെയാണ്. കേന്ദ്ര ഭരണത്തില്‍ സ്വാധീനമുണ്ടെങ്കില്‍ വൈദ്യുതി വിതരണ ചട്ടം തങ്ങള്‍ക്ക് ബാധകമല്ലെന്ന രീതിയിലാണ് കോര്‍പറേറ്റ് ഭീമന്‍മാരുടെ പ്രവര്‍ത്തനങ്ങള്‍. അദാനിയെ പോലുള്ള കുത്തക ഭീമന്‍മാര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നടപ്പില്‍ വരുത്തുന്ന വന്‍കിട പദ്ധതികള്‍ക്ക് വന്‍തോതിലുള്ള വൈദ്യുതി ചൂഷണമാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കോടികളുടെ സാമ്പത്തിക ബാധ്യതയും അവര്‍ രാജ്യത്തിന് വരുത്തുന്നു. കോര്‍പറേറ്റുകളുടെ കോടികളുടെ വൈദ്യുതി കുടിശ്ശിക പിരിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ല. ഇത്തരം പ്രശ്‌നങ്ങള്‍ക്കു നേരേ അവര്‍ ബോധപൂര്‍വം കണ്ണടക്കുന്നു. കോര്‍പറേറ്റുകളുടെ അതൃപ്തി ഏറ്റുവാങ്ങാതിരിക്കുന്നതിന് കുടിശ്ശികയോട് മൃദുസമീപനം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പാവങ്ങളുടെ മേല്‍ സാമ്പത്തിക ഭാരം കെട്ടിവെക്കുകയാണ് ചെയ്യുന്നത്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന്റെ പൊതുവെയുള്ള കുത്തക പ്രീണന നയങ്ങളുടെ തുടര്‍ച്ച തന്നെയാണ് വൈദ്യുതി മേഖലയിലും നടപ്പാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിരോധം അനിവാര്യം തന്നെയാണ്.