From the print
വഖ്ഫ് നിയമ ഭേദഗതി; ആര്‍ എസ് എസ് കെണിയില്‍ ബിഷപ്പുമാര്‍ വീഴരുത്
ബി ജെ പിയെ പിന്തുണക്കാന്‍ അമിതാവേശം കാണിച്ച ബിഷപ്പുമാര്‍ അതേദിവസം ജബല്‍പ്പൂരില്‍ നടന്ന ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആര്‍ എസ് എസ് ആക്രമണങ്ങളെ കാണാതെ പോകരുത്.

തിരുവനന്തപുരം | വഖ്ഫ് നിയമ ഭേദഗതിയില്‍ ബി ജെ പിയെ പിന്തുണക്കാന്‍ അമിതാവേശം കാണിച്ച ബിഷപ്പുമാര്‍ അതേദിവസം ജബല്‍പ്പൂരില്‍ നടന്ന ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആര്‍ എസ് എസ് ആക്രമണങ്ങളെ കാണാതെ പോകരുതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജബല്‍പ്പൂരില്‍ ആരാധനക്കുവേണ്ടി പോയ ക്രിസ്തുമത വിശ്വാസികളെയാണ് വിശ്വഹിന്ദു പരിഷത്തുകാര്‍ തടഞ്ഞുവെച്ച് ആക്രമിച്ചത്. പോലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ചും അവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. കെ സി ബി സിയും സി ബി സി ഐയും ഇത്തരം സംഭവങ്ങളെപ്പറ്റി മൗനം പാലിച്ചാല്‍ സമൂഹം എന്ത് മനസ്സിലാക്കണമെന്നും അദ്ദേഹം ചോദിച്ചു. 1964 ല്‍ പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനത്തെ എതിര്‍ത്തുകൊണ്ടാണ് വിശ്വഹിന്ദു പരിഷത്ത് പരസ്യപ്രവര്‍ത്തനം ആരംഭിച്ചത്.
ആര്‍ എസ് എസിന്റെ ഉപസംഘടനകളാണ് ബി ജെ പിയും വി എച്ച് പിയും. ആര്‍ എസ് എസ് വേദപുസ്തകംപോലെ കൊണ്ടാടുന്ന വിചാരധാര ബിഷപ്പുമാര്‍ മനസ്സിരുത്തി വായിക്കണമെന്നും ആ പുസ്തകം രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെപ്പറ്റിയുള്ള ആര്‍ എസ് എസ് കാഴ്ചപ്പാട് അവതരിപ്പിക്കുന്നുണ്ടെന്നും അതില്‍ മുസ്ലിംകള്‍ക്കും കമ്മ്യൂണിസ്റ്റുകള്‍ക്കുമൊപ്പം രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളായാണ് ക്രിസ്ത്യാനികളെപ്പറ്റി പരാമര്‍ശിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
അത്തരം ഫാസിസ്റ്റ് ചിന്താഗതി ഇന്ത്യയുടെ മതേതര അടിത്തറ തകര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് ബി ജെ പിക്ക് അനുകൂലമായി ബിഷപ്പുമാര്‍ രംഗത്ത് വരുന്നത്. ക്രിസ്ത്യന്‍- മുസ്ലിം സംഘര്‍ഷം കുത്തിപ്പൊക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ആര്‍ എസ് എസ് കെണിയില്‍ ബിഷപ്പുമാര്‍ പെട്ടുപോകരുതെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.