Kerala
മദ്യത്തിലും ഖാദിയിലും ഇളവ് നല്‍കിയ ഭേദഗതി; വിയോജിപ്പ് അറിയിച്ച് വി എം സുധീരന്‍ ഖാര്‍ഗെക്ക് കത്ത് അയച്ചു
വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിലൂടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റേയും ഗാന്ധിയന്‍ മൂല്യങ്ങളേയും തള്ളിപറയുന്നതിന് സമാനമാണ്
തിരുവനന്തപുരം | പാര്‍ട്ടി പ്രാഥമിക അംഗത്വത്തിനുള്ള വ്യവസ്ഥകളില്‍ മദ്യവര്‍ജനത്തിനും ഖാദി ഉപയോഗത്തിനും ഇളവ് നല്‍കിയതിനെതിരെ വിഎം സുധീരന്‍. ഇക്കാര്യത്തില്‍ തന്റെ വിയോജിപ്പ് അറിയിച്ച് സുധീരന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെക്ക് കത്ത് നല്‍കി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിലായിരുന്നു ഭരണഘടനയില്‍ ഇത്തരത്തില്‍ ഭേദഗതി വരുത്തിയത്.
മദ്യവര്‍ജനവും ഖാദി പ്രസ്ഥാനവും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാണ്. ഈ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിലൂടെ സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റേയും ഗാന്ധിയന്‍ മൂല്യങ്ങളേയും തള്ളിപറയുന്നതിന് സമാനമാണ്. ഇക്കാലത്ത് ഈ വ്യവസ്ഥകള്‍ പാലിക്കാത്തതുകൊണ്ടാണ് നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്ന വാദം ന്യായീകരിക്കാനാവില്ലെന്നും വിഎം സുധീരന്‍ ചൂണ്ടിക്കാട്ടി.
മദ്യ ഉപയോഗം വലിയൊരു പൊതുജനാരോഗ്യ വിഷയമായി ഉയര്‍ന്നുവരുന്ന കാലത്ത് ഭേദഗതി ദൗര്‍ഭാഗ്യകരവും ഗൗരവമേറിയതുമാണ്. പ്ലീനറി സമ്മേളനത്തില്‍ ഉണ്ടായിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും രാജ്യത്തെ മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.മദ്യപിക്കുന്നതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ടുള്ള വ്യവസ്ഥ ഒഴിവാക്കുന്നതിന് പ്ലീനറി സമ്മേളനം അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ മറ്റു ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള കര്‍ശന വിലക്ക് തുടരും.