International
രണ്ടാം ദിവസവും അജ്ഞാത പേടകം വെടിവെച്ചിട്ട് അമേരിക്ക
കാനഡയുടെ വ്യോമാതിര്‍ത്തിക്ക് മുകളിലാണ് അജ്ഞാത വസ്തു കണ്ടെത്തിയത്.
ടൊറന്റോ| തുടര്‍ച്ചയായ രണ്ടാം ദിവസം അജ്ഞാത പേടകത്തെ വെടിവച്ചിട്ട് അമേരിക്ക. വടക്കേ അമേരിക്കൻ രാജ്യമായ കാനഡയുടെ വ്യോമാതിര്‍ത്തിക്ക് മുകളിലാണ് അജ്ഞാത പേടകം കണ്ടെത്തിയത്. അമേരിക്കയുടെ വ്യോമാതിര്‍ത്തി മറികടന്ന പേടകത്തെ ഫൈറ്റര്‍ ജെറ്റുകളുടെ സഹായത്തോടെയാണ് വെടിവെച്ചു വീഴ്ത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്നലെയും ഒരു അജ്ഞാത പേടകത്തെ യു എസ് ഫൈറ്ററുകൾ തകർത്തിരുന്നു.
സിലിണ്ടറിന്റെ ആകൃതിയുള്ളതും എന്നാല്‍ കഴിഞ്ഞ ആഴ്ച വെടി വച്ചിട്ട ചൈനീസ് ബലൂണിനേക്കാള്‍ വലുപ്പം കുറവുള്ളതുമാണ് പേടകമെന്ന് കാനഡ അറിയിച്ചു. അവശിഷ്ടങ്ങള്‍ കണ്ടെടുത്ത് പരിശോധിക്കാനുള്ള നടപടി തുടങ്ങിയെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വിശദമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും കാനഡയുടെ പ്രധാനമന്ത്രിയും ചേര്‍ന്നാണ് പേടകം വെടിവെച്ചിടാനുള്ള തീരുമാനം എടുത്തതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അമേരിക്കയുടെ വ്യോമാതിര്‍ത്തിയിലേക്ക് എത്തുന്ന മൂന്നാമത്തെ അജ്ഞാത വസ്തുവാണ് ഇത്. കഴിഞ്ഞയാഴ്ച ചൈനീസ് ബലൂൺ അമേരിക്ക തകർത്തിരുന്നു.