Connect with us

Ongoing News

അമേരിക്കന്‍ അട്ടിമറി

പാക്കിസ്ഥാനെതിരായ മത്സരം അഞ്ച് റണ്‍സിന് യു എസ് വിജയിച്ചു. സൂപ്പര്‍ ഓവറിലാണ് യു എസിന്റെ ഉജ്ജ്വല വിജയം.

Published

|

Last Updated

ടെക്‌സാസ് | കൊമ്പന്മാരെ അട്ടിമറിച്ച് അമേരിക്കയുടെ തേരോട്ടം. ട്വന്റി ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരം അഞ്ച് റണ്‍സിന് യു എസ് വിജയിച്ചു. സൂപ്പര്‍ ഓവറിലാണ് യു എസിന്റെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ മൂന്ന് വിക്കറ്റ് മാത്രം ബലികഴിച്ച് യു എസ് പാക് സ്‌കോറിലേക്കെത്തി. തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറില്‍ യു എസ് 18 റണ്‍സെടുത്തു. 19 റണ്‍സ് വിജയ ലക്ഷ്യത്തിലേക്കുള്ള പാക് ബാറ്റിംഗ് 13 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ പോയിന്റ് പട്ടികയില്‍ യു എസ് മുമ്പിലെത്തി. രണ്ട് മത്സരങ്ങള്‍ ജയിച്ച അവര്‍ക്ക് നാല് പോയിന്റുണ്ട്.

പാക്കിസ്ഥാന്‍ ബാറ്റിംഗില്‍ ബാബര്‍ അസം (43 പന്തില്‍ 44), ഷദാബ് ഖാന്‍ (25ല്‍ 40), ഷഹീന്‍ അഫ്രീദി (16ല്‍ 23) എന്നിവര്‍ മികച്ചു നിന്നു. നോസ്തുഫ് കെന്‍ജിഗെ മൂന്നും സൗരഭ് നെത്രാവല്‍കര്‍ രണ്ടും അലി ഖാന്‍ ഒന്നും വിക്കറ്റെടുത്തു.

38 പന്തില്‍ 50 റണ്‍സെടുത്ത മൊനാങ്ക് പട്ടേല്‍ ആണ് യു എസിനായി കൂടുതല്‍ റണ്‍സ് (38 പന്തില്‍ 50) നേടിയത്. ആരോണ്‍ ജോണ്‍സ് 26 പന്തില്‍ 36ഉം അന്‍ഡ്രീസ് ഗോസ് 26ല്‍ 35ഉം റണ്‍സെടുത്തു. പാക്കിസ്ഥാന്‍ നേടിയ വിക്കറ്റുകള്‍ മുഹമ്മദ് ആമിര്‍, നസീം ഷാ, ഹാരിസ് റൗഫ് എന്നിവര്‍ പങ്കിട്ടു.

സൂപ്പര്‍ ഓവറില്‍ യു എസിനായി ആരോണ്‍ ജോണ്‍സ് ആറ് പന്തില്‍ 11 റണ്‍സെടുത്തു. പന്തെറിഞ്ഞ മുഹമ്മദ് ആമിര്‍ നിരവധി വൈഡുകള്‍ ഉള്‍പ്പെടെ 18 റണ്‍സ് വിട്ടുകൊടുത്തു. പാക് ബാറ്റിംഗില്‍ ഇഫ്തികര്‍ അഹമ്മദ് മൂന്ന് പന്തില്‍ നാലും ഷദാബ് ഖാന്‍ മൂന്ന് പന്തില്‍ മൂന്നും റണ്‍സ് നേടി. ബൗള്‍ ചെയ്ത സൗരഭ് നെത്രാവല്‍കര്‍ ഒമ്പത് റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഒരു വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.

Latest