Connect with us

From the print

ഖത്വറിന് മേൽ അമേരിക്കൻ സമ്മർദം; ദോഹയിലെ ഹമാസ് ഓഫീസ് ഒഴിപ്പിക്കണം

ബന്ദികളെ മോചിപ്പിക്കാനുള്ള ആവശ്യം ഹമാസ് നടപ്പാക്കുന്നില്ലെന്ന വാദവുമായി അമേരിക്ക

Published

|

Last Updated

വാഷിംഗ്ടൺ | ഫലസ്തീൻ വിമോചന പോരാട്ട സംഘടനയായ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് ഒഴിപ്പിക്കാൻ ഖത്വറിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപോർട്ട്. സിറിയൻ ആഭ്യന്തര യുദ്ധത്തിന് പിന്നാലെ 2012 മുതൽ ഹമാസിന്റെ രാഷ്ട്രീയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഓഫീസ് ഖത്വർ തലസ്ഥാനമായ ദോഹയിലാണ് പ്രവർത്തിക്കുന്നത്. ഇതുസംബന്ധിച്ച് യു എസ് ഉദ്യോഗസ്ഥർ ഖത്വർ അധികാരികളുമായി ചർച്ച നടത്തിയതായി റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തു.

ഗസ്സ വെടിനിർത്തൽ കരാറിലുൾപ്പെട്ട ബന്ദികളെ മോചിപ്പിക്കാനുള്ള ആവശ്യം ഹമാസ് നടപ്പാക്കുന്നില്ലെന്ന വാദമുയർത്തിയാണ് സംഘടനയുടെ നേതാക്കൾക്ക് ദോഹയിൽ അഭയം നൽകരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ഒരു വർഷമായി ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ അമേരിക്കക്കും ഈജിപ്തിനുമൊപ്പം ഖത്വറുമുണ്ടായിരുന്നു. ഇതിനകം നിരവധി തവണ ദോഹയിൽ ഹമാസും ഇസ്‌റാഈലും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. അമേരിക്കയുമായി സഹകരിക്കുന്ന രാജ്യങ്ങൾ ഹമാസ് നേതാക്കൾക്ക് അഭയം നൽകേണ്ടതില്ലെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപോർട്ട് ചെയ്തു. ഹമാസ് നേതാക്കൾ ഖത്വറിൽ തുടരുന്നത് അമേരിക്കയും ഖത്വറും തമ്മിലുള്ള നയതന്ത്ര ബന്ധം വരെ വഷളാക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകിയെന്നും റിപോർട്ടുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഖത്വർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. അതേസമയം, എത്ര ഹമാസ് നേതാക്കൾ ദോഹയിലുണ്ടെന്നതിൽ വ്യക്തതയില്ല. ദോഹയിലുള്ള നേതാക്കളിലൊരാളാകും കൊല്ലപ്പെട്ട ഹമാസ് മേധാവി യഹ്‌യ സിൻവാറിന്റെ പിൻഗാമിയാകുകയെന്നതിൽ തർക്കമില്ല.

അതിനിടെ, ഖത്വറിലുള്ള ഹമാസ് നേതാക്കളുടെ ബേങ്ക് അക്കൗണ്ടുകളും വസ്തുവകകളും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 14 റിപബ്ലിക്കൻ സെനറ്റർമാർ യു എസ് വിദേശകാര്യ വകുപ്പിന് കത്ത് നൽകിയിരുന്നു. ഹമാസ് നേതാക്കളെ ഖത്വറിൽ നിന്ന് പൂർണമായും ഒഴിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. യു എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിന് പിന്നാലെ ജനപ്രതിനിധി സഭയിൽ റിപബ്ലിക്കൻ പാർട്ടി നേട്ടമുണ്ടാക്കിയതോടെ ഹമാസിന്റെ ഓഫീസ് ഒഴിപ്പിക്കാൻ ഖത്വറിന് മേൽ സമ്മർദം ശക്തമാകുമെന്നാണ് വിവരം.

---- facebook comment plugin here -----

Latest