Kerala
ഹൈക്കോടതിയിലെ സ്ഥിരം ഹരജിക്കാരനെതിരെ അമിക്കസ് ക്യൂറി അന്വേഷണം
സര്‍ക്കാര്‍ നല്‍കിയ റിപോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി

കൊച്ചി | ഹൈക്കോടതിയിലെ സ്ഥിരം ഹരജിക്കാരനായ പായിച്ചിറ നവാസിനെതിരെ അമിക്കസ് ക്യൂറി അന്വേഷണം. പായിച്ചിറ നവാസിനെതിരായ ആക്ഷേപങ്ങള്‍ അന്വേഷിക്കാനാണ് ഹൈക്കോടതി അമിക്ക്‌സ് ക്യൂറിയെ നിയോഗിച്ചത്. ടി എം തോമസ് ഐസകിനെ നോളജ് മിഷന്‍ ഉപദേശകനായി നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹരജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. സര്‍ക്കാര്‍ നല്‍കിയ റിപോര്‍ട്ട് പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
പൊതുതാത്പര്യ ഹരജികളില്‍ സംശുദ്ധി അനിവാര്യമെന്ന് ഹൈക്കോടതി അറിയിച്ചു. പൊതുതാത്പര്യ ഹരജി നല്‍കുമ്പോള്‍ ഇത്തരം നടപടികള്‍ നേരിടാനും തയ്യാറായിരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. പായിച്ചിറ നവാസിനെതിരായ രേഖകള്‍ അമികസ് ക്യൂറിക്ക് കൈമാറാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവായി മുന്‍ മന്ത്രി ടി എം തോമസ് ഐസക്കിനെ നിയമിച്ചതിനെതിരേ പൊതുതാത്പര്യ ഹര്‍ജി നല്‍കിയ വ്യക്തിയുടെ പശ്ചാത്തലം അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ അറിയിച്ചിരുന്നു. പായിച്ചിറ നവാസിന്റെ സമ്പൂര്‍ണവിവരങ്ങള്‍ സമര്‍പ്പിക്കാനും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.