National
വിവാദങ്ങള്‍ക്കിടെ കൊവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തു
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് വെബ്‌സൈറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്തതെന്നാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം.
ന്യൂഡല്‍ഹി|കൊവിഷീല്‍ഡ് വാക്സീനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ കൊവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ നീക്കം ചെയ്തു. കൊവിന്‍ വെബ്സൈറ്റില്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ലാത്ത സര്‍ട്ടിഫിക്കറ്റാണ് കിട്ടുന്നത്. ഒത്തൊരുമിച്ച് ഇന്ത്യ കൊവിഡിനെ പരാജയപ്പെടുത്തും എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ മാത്രമാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റിലുള്ളത്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് വെബ്‌സൈറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്തതെന്നാണ് ഇതു സംബന്ധിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം. കൊവിഷീല്‍ഡ് വാക്‌സീനെടുത്ത അപൂര്‍വ്വം ചിലരില്‍ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന ടിടിഎസ് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം) എന്ന അവസ്ഥയുണ്ടാകാമെന്ന് ആസ്ട്രസെനെക കമ്പനി യു.കെയിലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഫോട്ടോ നീക്കം ചെയ്തിരിക്കുന്ന നടപടി ഉണ്ടായിരിക്കുന്നത്.
അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് വാക്‌സീന്‍ കാരണമാകാമെന്നാണ് നിര്‍മാതാക്കളായ ആസ്ട്രസെനെക യു.കെയിലെ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക വികസിപ്പിച്ച വാക്‌സീന്‍, കോവിഷീല്‍ഡ് എന്ന പേരില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ നിര്‍മിച്ച് വിതരണം ചെയ്തത്. വാക്സീന്‍ സ്വീകരിച്ച നിരവധി പേര്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതിനെതുടര്‍ന്ന് യു.കെയില്‍ കോടതിയെ സമീപിച്ചിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും മരണങ്ങള്‍ക്കും വാക്സീന്‍ കാരണമായെന്ന് ചൂണ്ടിക്കാട്ടിയാണ് യു.കെ ഹൈകോടതിയില്‍ ആളുകള്‍ കേസ് ഫയല്‍ ചെയ്തത്.
2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സീന്‍ എടുത്ത ശേഷം മസ്തിഷ്‌കാഘാതം സംഭവിച്ചിരുന്നു. ഇദ്ദേഹമാണ് നിയമ നടപടിക്ക് തുടക്കം കുറിച്ചത്. വാക്‌സീന്‍ സ്വീകരിച്ച ശേഷം തന്റെ രക്തം കട്ടപിടിച്ചുവെന്നും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും കാണിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജെയ്മി നിയമനടപടി ആരംഭിച്ചത്. ആകെ 51 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
ഇരകള്‍ 100 ദശലക്ഷം പൗണ്ട് വരെ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരന്റെ ആരോപണങ്ങളെ ആസ്ട്രസെനെക ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കോവിഷീല്‍ഡ് അപൂര്‍വം കേസുകളില്‍ രക്തം കട്ടപിടിക്കുന്നതിനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന ടി.ടി.എസിന് (ത്രോംബോസിസ് വിത്ത് ത്രോംബോസൈറ്റോപീനിയ സിന്‍ഡ്രോം) ഇടയാക്കുമെന്ന് സമ്മതിക്കുന്നുണ്ട്.