Kerala
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ എല്‍ ഡി എഫിന്റെ നിര്‍ണായക യോഗം ഇന്ന്
തുടര്‍ച്ചയായി ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടും എ ഡി ജി പിയെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനം മുന്നണി യോഗത്തിലുയര്‍ന്നേക്കും
തിരുവനന്തപുരം | പി വി അന്‍വര്‍ എം എല്‍ എ ഉന്നയിച്ച ആരോപണങ്ങളും ആര്‍ എസ് എസ് നേതാക്കളുമായുള്ള എ ഡി ജി പി അജിത് കുമാറിന്റെ കൂടിക്കാഴ്ച്ചയും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരിക്കെ ഇടതുമുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് ചേരും. തുടര്‍ച്ചയായി ഗുരുതര ആരോപണങ്ങളുയര്‍ന്നിട്ടും എ ഡി ജി പിയെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടിനെതിരെ കടുത്ത വിമര്‍ശനം മുന്നണി യോഗത്തിലുയര്‍ന്നേക്കും. സ്വര്‍ണക്കടത്തും ആളെ കൊല്ലലുമുള്‍പ്പെടെയുള്ള കടുത്ത ആരോപണങ്ങള്‍ നേരിടുന്ന എ ഡി ജി പി . എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിലനിറുത്തിയുള്ള അന്വേഷണവും യോഗത്തില്‍ ചോദ്യം ചെയ്യപ്പെടും
സിപിഐ മത്സരിച്ച തൃശ്ശൂര്‍ ലോക്‌സഭാ സീറ്റില്‍ പൂരം കലക്കി ബിജെപിക്ക് വിജയവഴിയൊരുക്കാന്‍ എ ഡി ജി പി കൂട്ടുനിന്നുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി നല്‍കേണ്ടി വരും.
സംഘപരിവാര്‍ വിരുദ്ധ പോരാട്ടമെന്ന് പരസ്യമായി പറയുമ്പോഴും, ആര്‍എസ്എസിന്റെ പ്രധാനിയുമായി പോലീസ് തലപ്പത്തുള്ളയാള്‍ കൂടിക്കാഴ്ച നടത്തിയതില്‍ നടപടിയില്ലാത്തത് പൊതുസമൂഹത്തിന് മുന്നില്‍ സംശയത്തിന് ഇട നല്‍കിയിട്ടുണ്ടെന്ന് ഘടകകക്ഷികള്‍ക്ക് അഭിപ്രായമുണ്ട്.
ആര്‍എസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്ന് പറഞ്ഞ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരേയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നേക്കാം.സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയം യോഗത്തില്‍ ചര്‍ച്ചയായേക്കും.