Connect with us

Kerala

അമിത്ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം; കേരളത്തിലെ സിപിഎമ്മിന്റെ നിലപാട് ദുരുപധിഷ്ഠം: ആന്റോ ആന്റണി എംപി

വിഷയത്തില്‍ ഇതേവരെയും അമിത്ഷായെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകാതിരിക്കുന്നത് ബിജെപിയോടും കേന്ദ്ര സര്‍ക്കാരിനോടുമുള്ള വിധേയത്വമാണ് വ്യക്തമാക്കുന്നതെന്നും ആന്റോ അഭിപ്രായപ്പെട്ടു.

Published

|

Last Updated

പത്തനംതിട്ട |  അമിത്ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ കേരളത്തിലെ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പുലര്‍ത്തുന്ന മൗനം ദുരുപധിഷ്ഠമാണെന്ന് ആന്റോ ആന്റണി എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭരണഘടനാ ശില്പിയായ ഡോ.അംബേദ്കറെ അപമാനിക്കുകയും നിസാരവത്കരിക്കുകയും ചെയ്യുന്ന പ്രസ്താവന നടത്താന്‍ അമിത്ഷായെ പ്രേരിപ്പിച്ചത് സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും മൂല്യങ്ങളെയും ജീവിതകാലം മുഴുവന്‍ നിരന്തരം വിമര്‍ശിച്ച അംബേദ്കറോടുള്ള വെറുപ്പും അസഹിഷ്ണുതയുമാണ്. ഈ വിഷയത്തില്‍ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായാണ് പാര്‍ലമെന്റില്‍ പ്രതികരിച്ചത്.

ന്യൂനപക്ഷ അവകാശങ്ങള്‍ ഉറപ്പു നല്‍കുന്ന വകുപ്പുകളെ നിര്‍വീര്യമാക്കുകയും സംവരണത്തെ അട്ടിമറിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയെ ഉള്ളില്‍ നിന്നും അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ അംബേദ്കറുടെ ദര്‍ശനങ്ങളോടുള്ള എതിര്‍പ്പാണെന്നും ആന്റോ ആന്റണി കുറ്റപ്പെടുത്തി.

ഇതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരികയാണ്. കേരളത്തില്‍ ജില്ലാ ആസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. വിഷയത്തില്‍ ഇതേവരെയും അമിത്ഷായെ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകാതിരിക്കുന്നത് ബിജെപിയോടും കേന്ദ്ര സര്‍ക്കാരിനോടുമുള്ള വിധേയത്വമാണ് വ്യക്തമാക്കുന്നതെന്നും ആന്റോ അഭിപ്രായപ്പെട്ടു.

വനം നിയമ ഭേദഗതിയിലൂടെ തങ്ങളുടെ അധികാരപരിധി വര്‍ധിപ്പിക്കാനും പാവപ്പെട്ട ജനങ്ങളെ ബലിയാടാക്കാനും കാട്ടുന്ന വ്യഗ്രത വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതു തടയാനും ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനും വനംവകുപ്പ് കാട്ടുന്നില്ലെന്ന് ആന്റോ ആന്റണി പറഞ്ഞു. തീര്‍ത്തും കാടത്തം നിറഞ്ഞ കരിനിയമങ്ങളാണ് വനംനിയമ ഭേദഗതിയിലൂടെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്. ജനങ്ങളുടെ സംരക്ഷകരാകേണ്ട സര്‍ക്കാര്‍ ഇതിനു കൂട്ടുനില്‍ക്കുകയാണെന്നും ആന്റോ കുറ്റപ്പെടുത്തി.

 

Latest