From the print
അമിത് ഷായുടെ വിവാദ പ്രസംഗം പങ്കുവെച്ചു; കോണ്‍ഗ്രസ്സിന് എക്‌സിന്റെ നോട്ടീസ്
വിവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് എക്‌സിന് സൈബര്‍ ക്രൈം കോ- ഓര്‍ഡിനേഷന്‍ സെന്റര്‍ നോട്ടീസ് അയച്ചിരുന്നു.
ന്യൂഡല്‍ഹി | ഭരണഘടനാ ശില്‍പ്പിയായ ബി ആര്‍ അബേദ്കറെ പരിഹസിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗ വീഡിയോ പങ്കുവെച്ചതിന് കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് സാമൂഹിക മാധ്യമമായ എക്‌സിന്റെ നോട്ടീസ്. ഇക്കാര്യം കോണ്‍ഗ്രസ്സ് തന്നെയാണ് പുറത്തുവിട്ടത്.
പോസ്റ്റുകള്‍ നീക്കാന്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നുള്ള നടപടിയാണിതെന്നാണ് കോണ്‍ഗ്രസ്സ് പറയുന്നത്. വീഡിയോ പങ്കുവെച്ചത് രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എക്‌സിന്റെ നോട്ടീസില്‍ പറയുന്നു. വിവാദ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് എക്‌സിന് സൈബര്‍ ക്രൈം കോ- ഓര്‍ഡിനേഷന്‍ സെന്റര്‍ നോട്ടീസ് അയച്ചിരുന്നു.
അംബേദ്കറുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം ചൊവ്വാഴ്ച രാജ്യസഭയിലാണ് അമിത് ഷാ നടത്തിയത്. അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍… എന്ന് പറയുന്നത് ഫാഷനായി മാറിയെന്നും ഇങ്ങനെ പറയുന്നതിനു പകരം ദൈവത്തിന്റെ പേര് പറഞ്ഞെങ്കില്‍ സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നു എന്നുമാണ് അമിത് ഷായുടെ പ്രസംഗം.