Connect with us

National

അമിത്ഷായുടെ തെലങ്കാന സന്ദര്‍ശനം: ബി ജെ പിക്കെതിരേ രൂക്ഷവിമര്‍ശവുമായി ടി ആര്‍ എസ്

തെലങ്കാനയിലെ ജനങ്ങള്‍ക്കിടയില്‍ ബി ജെ പി വിദ്വേഷം പടര്‍ത്തുന്നു

Published

|

Last Updated

ഹൈദരബാദ് | ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തെലങ്കാന സന്ദര്‍ശാനിരിക്കെ ബി ജെ പിക്കെതിരേ രൂക്ഷവിമര്‍ശവുമായി ടി ആര്‍ എസ് രംഗത്ത്. സംസ്ഥാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്‌റെ മകന്‍ കെ ടി രാമറാവു ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തോട് ബി ജെ പി ചെയ്യുന്ന അനീതിയെ തുറന്ന് കാട്ടി അമിത് ഷായിക്ക് തുറന്ന കത്തെഴുതി.

തെലങ്കാനയിലെ ജനങ്ങള്‍ക്കിടയില്‍ ബി ജെ പി വിദ്വേഷം പടര്‍ത്തുകയാണെന്ന് രാമറാവു ആരോപിച്ചു. തെലങ്കാനക്ക് നല്‍കിയ ഒരു വാഗ്ദാനവും പാലിച്ചില്ല. എന്നാല്‍ ഗുജറാത്ത് പോലെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദ്രത്തിലെ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തെലങ്കാനയോട് കാണിച്ച ചിറ്റമ്മനയത്തെ കുറിച്ച് രാമറാവു 27 ചോദ്യങ്ങള്‍ അമിത് ഷായോട് ചോദിച്ചു. തെലങ്കാനയോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ പൊതുയോഗത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി തങ്ങള്‍ പോരാടും. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ തെലങ്കാനക്ക് കേന്ദ്രം നീക്കിവെച്ച ഫണ്ടിനെ കുറിച്ചും അദ്ദേഹം ചോദിച്ചു.

അതേസമയം, രാമറാവുവിന്റെ കത്തിനോട് അമിത് ഷായോ ബി ജെ പിയോ പ്രതികരിച്ചിട്ടില്ല. ഇന്ന് തെലങ്കാനയിലെത്തുന്ന അമിത് ഷാ നാഷണല്‍ സൈബര്‍ ഫോറന്‍സിക് ലബോറട്ടറി ഉദ്ഘാടനം ചെയ്യും. കൂടാതെ ബി ജെ പിയുടെ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രജാ സംഗ്രാമ യാത്രയുടെ രണ്ടാംഘട്ടത്തിന്റെ സമാപന ദിവസം പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

Latest