National
അമിത് ഷാ-അമരീന്ദര്‍ സിംഗ് കൂടിക്കാഴ്ച ഡല്‍ഹിയില്‍; രാഷ്ട്രീയ സഖ്യം ചര്‍ച്ചയ്ക്ക്
സ്വന്തം പാര്‍ട്ടി നിലവില്‍ വന്നതായി ഇന്നലെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമരീന്ദര്‍ ഡല്‍ഹിയില്‍ എത്തിയത്.

ന്യൂഡല്‍ഹി| പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി നിര്‍ണ്ണായക കൂടിക്കാഴ്ചക്ക് ഡല്‍ഹിയിലെത്തി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സഖ്യ ചര്‍ച്ചകള്‍ക്കായാണ് അമരിന്ദര്‍ അമിത്ഷായെ കാണുന്നത്.
സ്വന്തം പാര്‍ട്ടി നിലവില്‍ വന്നതായി ഇന്നലെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് അമരീന്ദര്‍ ഡല്‍ഹിയില്‍ എത്തിയത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യത്തിന് അമരീന്ദര്‍ ചരട് വലി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സന്ദര്‍ശനം.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് കര്‍ഷക സമരം തീര്‍ത്താല്‍ സഖ്യത്തിന് അനുകൂല അന്തരീക്ഷം ഒരുങ്ങുമെന്നാണ് അമിത്ഷായുമായി കഴിഞ്ഞ മാസം നടത്തിയ കൂടിക്കാഴ്ചയില്‍ അമരീന്ദര്‍ സിംഗ് മുന്നോട്ട് വെച്ചിരുന്നത്. കര്‍ഷക സമരം അവസാനിച്ചാല്‍ ബിജെപിയുമായി സഹകരിക്കുമെന്ന് അമരീന്ദര്‍സിംഗ് പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസത്തോടെ ചില കര്‍ഷക സൗഹൃദ പ്രഖ്യാപനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വരുമെന്ന സൂചകളും നിലവിലുണ്ട്.