Connect with us

Kerala

തൃശൂർ എടുക്കാൻ അമിത് ഷായും ഗോവിന്ദന്‍ മാസ്റ്ററും ഒരേ ദിവസമെത്തുന്നു

ബി ജെ പി പ്രതീക്ഷയോടെ കാണുന്ന തൃശൂർ മണ്ഡലത്തിൽ 2019ൽ സുരേഷ് ഗോപി മൂന്ന് ലക്ഷത്തോളം വോട്ടുകള്‍ നേടിയിരുന്നു

Published

|

Last Updated

തൃശൂര്‍ | കേന്ദ്രത്തിന്റെ കേരള വിരുദ്ധ നിലപാടുകള്‍ തുറന്നുകാണിക്കാനായി കാസര്‍കോട് നിന്ന് പ്രയാണമാരംഭിച്ച സി പി എം ജനകീയ പ്രതിരോധ ജാഥ തൃശൂരില്‍ പ്രയാണം നടത്തുന്ന നാളില്‍ തന്നെ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും പൂരത്തിന്റെ നഗരിയിലെത്തുന്നു.
ജാഥ തൃശൂര്‍ വിടുന്നതിന് മുമ്പ് അമിത് ഷായെത്തുന്നത് അവര്‍ക്ക് യാത്ര എത്രത്തോളം ഭയപ്പെടുത്തുന്നു എന്ന് കാണിക്കുന്നതായി മന്ത്രി പി എ മുഹമ്മദ് റിയാസ് ഇന്ന് പറഞ്ഞിരുന്നു.

എന്നാല്‍, ഗോവിന്ദന്‍ മാസ്റ്ററുടെ ജാഥ നോക്കിയാണോ അമിത് ഷാ സന്ദര്‍ശനം നടത്തുന്നത് എന്ന ചോദ്യവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും രംഗത്തെത്തി.
മാര്‍ച്ച് അഞ്ചിന് തൃശൂര്‍ രാമനിലയത്തില്‍ നിന്ന് രാവിലെ ഒമ്പതിന് ഗോവിന്ദന്‍ മാസ്റ്ററുടെ ജാഥ ആരംഭിക്കും. പത്തിന് പൂവത്തൂരിലും 11ന് ചേര്‍പ്പ് മഹാത്മ മൈതാനത്തും ഉച്ചക്ക് ശേഷം മൂന്നിന് മതിലകം സെന്ററിലും മാള ടൗണിലും സ്വീകരണം നല്‍കും. ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനത്ത് വൈകിട്ട് അഞ്ചിന് സമാപന സ്വീകരണ പൊതുസമ്മേളനവും നടക്കും.

അതേസമയം, വൈകിട്ട് അഞ്ചിന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന ബി ജെ പി റാലിയില്‍ അമിത് ഷാ പങ്കെടുക്കും. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന
പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായാണ് അമിത് ഷാ തൃശൂരിലെത്തുന്നത്.

സംസ്ഥാനത്ത് ബി ജെ പി പ്രതീക്ഷയോടെ കാണുന്ന ലോക്‌സഭാ സീറ്റാണ് തൃശൂര്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി സുരേഷ് ഗോപി 2,93,822 വോട്ടുകള്‍ നേടിയിരുന്നു.

Latest