National
അമിത് ഷാ പാര്‍ലമെന്റില്‍ വന്ന് വിശദീകരണം തരാത്തത് ബിജെപി എംപിക്ക് പങ്കുള്ളത് കൊണ്ട്: ജയ്റാം രമേശ്
അമിത് ഷാ പാര്‍ലമെന്റില്‍ സംസാരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി
ന്യൂഡല്‍ഹി| പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് രംഗത്ത്. അമിത് ഷാ സഭയില്‍ വരണമെന്നും, ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ജയ്റാം രമേശ് പറഞ്ഞു. അമിത് ഷാ ചാനലില്‍ പോയിരുന്ന് സംസാരിക്കുന്നു. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെ ബിജെ പി ഒന്നുമല്ലാതാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് ഗുരുതരമായ കുറ്റമായതിനാലാണെന്ന് ജയ്‌റാം രമേശ് പറഞ്ഞു. സംഭവത്തില്‍ ബിജെപി എംപിക്ക് പങ്കുള്ളതുകൊണ്ടാണ് അമിത് ഷാ മിണ്ടാതിരിക്കുന്നത്. കുറ്റാരോപിതനായ എം പി ക്കെതിരെ അന്വേഷണം നടത്താനും തയ്യാറാകുന്നില്ല. അമിത് ഷാ പാര്‍ലമെന്റില്‍ സംസാരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ജയ്‌റാം രമേശ് വ്യക്തമാക്കി. ഇന്ത്യ സഖ്യത്തിന്റെ വിശാലയോഗം 19 ന് അശോക ഹോട്ടലില്‍ ചേരുമെന്നും ജയ്‌റാം രമേശ് പറഞ്ഞു.
അതിനിടെ പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട അതിക്രമ കേസില്‍ പ്രതി ലളിതിനെ കോടതിയില്‍ ഹാജരാക്കി. കൃത്യമായ ആസൂത്രണം ലളിത് നടത്തിയെന്ന് പോലീസ് വ്യക്തമാക്കി.