Articles
അംബേദ്കറോട് ഏറ്റുമുട്ടുന്നത് അമിത് ഷാ മാത്രമല്ല
അംബേദ്കറോടുള്ള വെറുപ്പ് മറച്ചു പിടിക്കാന്‍ നാഗ്പൂരില്‍ നിന്ന് ശിക്ഷണം ലഭിച്ചവര്‍ക്ക് സാധിച്ചെന്നു വരില്ല. അവരറിയാതെയാണെങ്കിലും അവരുടെ ഉള്ളിലിരിപ്പ് പുറത്തു ചാടുകയായിരുന്നു. ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനും മുസ്‌ലിം, ദളിത് തുടങ്ങിയ വിഭാഗങ്ങളെ അരികുവത്കരിക്കാനുമുള്ള ശ്രമം കൊണ്ടു പിടിച്ചു നടത്തുന്ന ബി ജെ പി സര്‍ക്കാറുകള്‍ക്കു മുമ്പില്‍ തടസ്സമായി നില്‍ക്കുന്നത് അംബേദ്കറുടെ അധ്യക്ഷതയില്‍ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനയാണ്.
ഭരണഘടനാ ശില്‍പ്പി ഡോ. ബി ആര്‍ അംബേദ്കര്‍ക്കെതിരെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അധിക്ഷേപം വിവാദമായിരിക്കുകയാണ്. ഭരണഘടനയുടെ എഴുപത്തിയഞ്ചാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റിലെ പ്രത്യേക ചര്‍ച്ചക്ക് രാജ്യസഭയില്‍ മറുപടി പറയവെയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. അംബേദ്കര്‍ക്കെതിരെ കാലങ്ങളായി സംഘ്പരിവാര്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന വെറുപ്പിന്റെ തുറന്നുപറച്ചിലാണ് അമിത് ഷായിലൂടെ പുറത്തുചാടിയതെന്നു വേണം കരുതാന്‍. ഇതേ ചൊല്ലി പാര്‍ലിമെന്റിന്റെ ഇരു സഭകളിലും സഭക്കു പുറത്തും പ്രതിഷേധവും കൈയാങ്കളിയും നടക്കുകയുണ്ടായി. കോണ്‍ഗ്രസ്സ് പ്രതിഷേധം കനപ്പിച്ചതോടെ താന്‍ അങ്ങനെയല്ല ഉദ്ദേശിച്ചതെന്ന രീതിയിലുള്ള വിശദീകരണവുമായി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രമിക്കുകയാണ്.
അഭി ഏക് ഫാഷന്‍ ഹോ ഗയാ ഹേ – അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍… നാം അഗര്‍ ഭഗവാന്‍ കാ ലെത്തേ തോ സാത് ജന്മോന്‍ തക് സ്വര്‍ഗ് മില്‍ ജാതാ (അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍, എന്ന് ആവര്‍ത്തിച്ചു പറയുന്നത് ഫാഷനായിരിക്കുകയാണ്. അത്രയും തവണ ദൈവത്തിന്റെ പേര് പറഞ്ഞിരുന്നുവെങ്കില്‍ ഏഴ് ജന്മങ്ങളിലും ഇവര്‍ക്ക് സ്വര്‍ഗം ലഭിക്കുമായിരുന്നു). അമിത് ഷാ രാജ്യസഭയില്‍ പ്രസംഗിച്ചത് ഇതാണ്. കോണ്‍ഗ്രസ്സ് തന്റെ പ്രസംഗം വളച്ചൊടിച്ചുവെന്ന അമിത് ഷായുടെ വിശദീകരണം തെറ്റിദ്ധരിപ്പിക്കലാണ്. അമിത് ഷായുടെ പ്രസംഗം പാര്‍ലിമെന്റ് രേഖയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ്സ് നേതാക്കള്‍ പത്രസമ്മേളനം നടത്തിയതിന് തൊട്ടുപിന്നാലെ അമിത് ഷാ സഹമന്ത്രിമാരെ പങ്കെടുപ്പിച്ച് പത്രസമ്മേളനം നടത്തുകയുണ്ടായി. അമിത് ഷായുടെ ധൃതിപിടിച്ചുള്ള പത്രസമ്മേളനം അബദ്ധം സംഭവിച്ചു എന്ന ബോധ്യത്തെ തുടര്‍ന്നായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ നഡ്ഡയും അമിത് ഷായുടെ രക്ഷക്കെത്തിയത് വിഷയത്തിന്റെ തീവ്രത തുറന്നു കാട്ടുന്നു.
അംബേദ്കറുടെ പേര് ഫാഷനായിട്ട് ആരും ഉപയോഗിക്കാറില്ല. അദ്ദേഹം നിയമജ്ഞനും വിപ്ലവകാരിയും ജാതി മേലാളന്മാരുടെ എതിര്‍പ്പിനെ അതിജീവിച്ച് രാജ്യത്തിന് ദിശാബോധവും ഇന്ത്യന്‍ ജനാധിപത്യത്തിന് മനുഷ്യത്വ മുഖവും നല്‍കിയ വ്യക്തിയാണ്. ജാതി ചങ്ങലകള്‍ തകര്‍ത്ത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച അംബേദ്കറുടെ പേര് രാജ്യം ഉരുവിട്ടു കൊണ്ടിരിക്കുന്നതിനെ തെറ്റായി കാണുന്നുവെങ്കില്‍ അത് അങ്ങനെ കാണുന്നവരുടെ കാഴ്ചപ്പാടിന്റെ പിഴവാണ്.
ഭരണഘടനാ ശില്‍പ്പിയെ കുറിച്ചുള്ള ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശം സംഘ്പരിവാറിന്റെ മനസ്സിലിരിപ്പ് പ്രതിഫലിപ്പിക്കുന്നാണ്. മനുസ്മൃതി ഇന്ത്യയുടെ ഭരണഘടനയായി പ്രഖ്യാപിക്കണമെന്ന ആര്‍ എസ് എസ് നേതാക്കളുടെ ആഗ്രഹം നടക്കാതെ പോയത് ഡോ. ബി ആര്‍ അംബേദ്കറുടെ ജാഗ്രത മൂലമായിരുന്നു. ഇന്നത്തെ രീതിയില്‍ ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയ ബാബാ സാഹേബ് അംബേദ്കര്‍ക്കെതിരെ ആര്‍ എസ് എസിന്റെയും അവരുടെ അന്നത്തെ രാഷ്ട്രീയ സംഘടനയായ ജനസംഘത്തിന്റെയും നേതാക്കള്‍ ശക്തമായ നിലപാട് സ്വീകരിക്കുകയുണ്ടായി. ഡോ. അംബേദ്കര്‍ കാരണം രാജ്യത്ത് ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാന്‍ സാധിക്കാത്തതില്‍ അവര്‍ നിരാശരായിരുന്നു.
വിയോജിപ്പുകള്‍ നിലനില്‍ക്കെ ഭരണഘടനാ നിര്‍മാണ സഭയുടെ അധ്യക്ഷനായി ഡോ. അംബേദ്കര്‍ നിയമിക്കപ്പെട്ടത് രാഷ്ട്രത്തിന്റെ വെല്ലുവിളികള്‍ മനസ്സിലാക്കാനുള്ള സമഗ്രമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടെന്ന് മനസ്സിലാക്കി കൊണ്ടായിരുന്നു. നെഹ്റുവും പട്ടേലും ഉള്‍പ്പെടെ പ്രഗത്ഭര്‍ ഉണ്ടായിട്ടും സംവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും മറുപടി നല്‍കാനുള്ള ഉത്തരവാദിത്വം അംബേദ്കറിനെ ഏല്‍പ്പിച്ചത് അദ്ദേഹത്തിന്റെ നിലപാട് മനസ്സിലാക്കിക്കൊണ്ടായിരുന്നു.
പാകിസ്താന്‍ എന്ന ആശയം വളര്‍ന്നു വന്നത് ഹിന്ദു ഭൂരിപക്ഷ ഭരണമെന്ന ഭയപ്പാടില്‍ നിന്നായിരുന്നു. മതാധിഷ്ഠിത രാജ്യമെന്ന ആവശ്യത്തോട് ഡോ. അംബേദ്കര്‍ വിയോജിപ്പ് അറിയിച്ചിരുന്നു. പാകിസ്താന്‍ എന്ന പേരില്‍ മുസ്‌ലിം രാഷ്ട്രവും ഹിന്ദുക്കള്‍ക്കായി മറ്റൊരു രാജ്യവും രൂപപ്പെടുന്നത് രാജ്യത്തിനു ഭീഷണിയാണെന്ന് ഭീംറാവു അംബേദ്കര്‍ 1940ല്‍ എഴുതിയ ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യത്തിനെതിരെ എട്ട് ദശകം മുമ്പ് മുന്നറിയിപ്പ് നല്‍കിയ ആ മനുഷ്യനോടുള്ള വെറുപ്പ് മറച്ചു പിടിക്കാന്‍ നാഗ്പൂരില്‍ നിന്ന് ശിക്ഷണം ലഭിച്ചവര്‍ക്ക് സാധിച്ചെന്നു വരില്ല. അവരറിയാതെയാണെങ്കിലും അവരുടെ ഉള്ളിലിരിപ്പ് പുറത്തു ചാടുകയായിരുന്നു. ഹിന്ദുത്വം അടിച്ചേല്‍പ്പിക്കാനും മുസ്‌ലിം, ദളിത് തുടങ്ങിയ വിഭാഗങ്ങളെ അരികുവത്കരിക്കാനുമുള്ള ശ്രമം കൊണ്ടു പിടിച്ചു നടത്തുന്ന ബി ജെ പി സര്‍ക്കാറുകള്‍ക്കു മുമ്പില്‍ തടസ്സമായി നില്‍ക്കുന്നത് അംബേദ്കറുടെ അധ്യക്ഷതയില്‍ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടനയാണ്.
സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും എതിരാണ് ഹിന്ദുത്വ ജീവിത രീതിയെന്ന് സ്വന്തം ജീവിതത്തിലൂടെ തൊട്ടറിഞ്ഞ വ്യക്തിയാണ് ഡോ. അംബേദ്കര്‍. അതുകൊണ്ട് ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമാകരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. ഹിന്ദുത്വ രാഷ്ട്രം മുസ്‌ലിംകളേക്കാള്‍ ഹിന്ദുക്കള്‍ക്ക് അപകടകരമാണെന്ന് അംബേദ്കര്‍ ഭയപ്പെട്ടു.
ഹിന്ദുത്വ രാഷ്ട്രം ദളിതര്‍ക്കും ഹിന്ദു സ്ത്രീകള്‍ക്കും ദോഷമായിരിക്കുമെന്നദ്ദേഹം വിശ്വസിച്ചു. ഹിന്ദുത്വത്തിന്റെ സത്ത ജാതീയതയാണ്. അവിടെ ജനാധിപത്യത്തിന് സ്ഥാനമുണ്ടായിരിക്കില്ല. ജനാധിപത്യത്തിന്റെ ഭാഗമായ വോട്ടിംഗ് സമ്പ്രദായത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടം രാജ്യത്തെ സമത്വത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് അംബേദ്കര്‍ വ്യക്തമാക്കുകയുണ്ടായി. 1952 ഡിസംബര്‍ 22ന് പുണെയിലെ അഭിഭാഷകരുടെ യോഗത്തില്‍ സംസാരിക്കവെ അംബേദ്കര്‍ പറഞ്ഞു, “ജനങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തില്‍ രക്തച്ചൊരിച്ചിലില്ലാതെ മാറ്റം സാധ്യമാകുന്ന ഭരണസംവിധാനമാണ് ജനാധിപത്യം’. ആ സംവിധാനത്തിലേക്ക് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പേരില്‍ ഏകാധിപത്യം ഒളിച്ചു കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് അംബേദ്കറെ ആക്ഷേപിക്കാന്‍ തോന്നുക സ്വാഭാവികമാണ്.