National
ഭീകരതയും കലാപവും നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ വിജയിച്ചെന്ന് അമിത് ഷാ
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ഒറ്റ ദിവസം കൊണ്ട് വിജയകരമായ ഓപ്പറേഷന്‍ നടത്തിയെന്നും അമിത് ഷാ
ഹൈദരാബാദ്| ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് ഭീകരാക്രമണങ്ങളും, കലാപങ്ങളും , നക്‌സലേറ്റ് തീവ്രവാദങ്ങളുമെല്ലാം ഗണ്യമായ രീതിയില്‍ കുറഞ്ഞെന്ന് അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ ഐപിഎസ് പ്രൊബേഷണര്‍മാരുടെ 74-ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്കെതിരെ ഒറ്റ ദിവസം കൊണ്ട് വിജയകരമായ ഓപ്പറേഷന്‍ നടത്തിയെന്നും എട്ട് വര്‍ഷത്തിന് ശേഷം, ജമ്മു കശ്മീരിലെ ഭീകര സംഭവങ്ങളും, വടക്ക് കിഴക്കന്‍ മേഖലയിലെ കലാപങ്ങളും നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു പരിധി വരെ വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഉറച്ച രാഷ്ട്രീയ ഇച്ഛാശക്തി കാരണമാണ് തീവ്രവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കുറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ഏഴ് പതിറ്റാണ്ടിനിടെ രാജ്യം നിരവധി ഉയര്‍ച്ച താഴ്ചകളും ആഭ്യന്തര സുരക്ഷയില്‍ നിരവധി വെല്ലുവിളി നിറഞ്ഞ സമയങ്ങളും കണ്ടിട്ടുണ്ട്. 36,000-ത്തിലധികം പോലീസ് ഉദ്യോഗസ്ഥര്‍ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
195 ഓഫീസര്‍ ട്രെയിനികളാണ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്.