National
പാക് പൗരന്മാർ രാജ്യം വിട്ടെന്ന് ഉറപ്പിക്കണം; സംസ്ഥാന മുഖ്യമന്ത്രിമാർക്ക് അമിത് ഷായുടെ നിർദേശം
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഏപ്രിൽ 27 മുതൽ പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും റദ്ദാക്കിയതായി കേന്ദ്ര സർക്കാർ വ്യാഴാഴ്ച അറിയിച്ചിരുന്നു.

ന്യൂഡൽഹി | രാജ്യത്ത് തങ്ങുന്ന പാകിസ്ഥാൻ പൗരന്മാർ നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യം വിടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഫോണിൽ വിളിച്ചാണ് അമിത്ഷാ ഈ നിർദേശം നൽകിയത്. പാകിസ്ഥാനികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും അദ്ദേഹം നിർദേശം നൽകി.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഏപ്രിൽ 27 മുതൽ പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ എല്ലാ വിസകളും റദ്ദാക്കിയതായി കേന്ദ്ര സർക്കാർ വ്യാഴാഴ്ച അറിയിച്ചിരുന്നു. പാകിസ്ഥാനിലുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്നും നിർദേശിച്ചിട്ടുണ്ട്. പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.
ഓരോ സംസ്ഥാനത്തുമുള്ള പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി അവരെ എത്രയും വേഗം തിരിച്ചയക്കാനാണ് മുഖ്യമന്ത്രിമാർക്ക് അമിത്ഷാ നിർദേശം നലകിയത്. അതേസമയം, ഹിന്ദു പാകിസ്ഥാൻ പൗരന്മാർക്ക് നൽകിയ ദീർഘകാല വിസകൾ റദ്ദാക്കിയിട്ടില്ല. അത് നിലവിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിലേത്. അതിർത്തി കടന്നുള്ള തീവ്രവാദ ബന്ധങ്ങളുടെ പശ്ചാത്തലത്തിലാണ് പാകിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ ഇന്ത്യ ഉടനടി നിർത്തിവച്ചത്.