National
തമിഴ്‌നാട്ടില്‍ അമോണിയ വാതക ചോര്‍ച്ച: 12 പേര്‍ ആശുപത്രിയില്‍
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.

ചെന്നൈ| തമിഴ്‌നാട്ടിലെ എന്നൂരിലെ രാസവള നിര്‍മാണ കേന്ദ്രത്തില്‍ അമോണിയ വാതക ചോര്‍ച്ച. ചൊവ്വാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. അമോണിയ വാതകം ശ്വസിച്ച 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക് ശ്വാസതടസ്സവും ശാരീരികാസ്വാസ്ഥ്യവുമാണ് അനുഭവപ്പെട്ടത്.
എന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കോറമാണ്ടല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡിലാണ് വാതക ചോര്‍ച്ചയുണ്ടായത്. കമ്പനിയുടെ പൈപ്പ് ലൈനിന്റെ പ്രീ കൂളിംഗ് പ്രവര്‍ത്തനത്തിനിടെയാണ് ചോര്‍ച്ചയുണ്ടായത്. ഇതേതുടര്‍ന്ന് എന്നൂര്‍ പരിസര പ്രദേശങ്ങളിലെ ആളുകള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
പോലീസും ജില്ലാ ഭരണകൂടവും സ്ഥലത്തെത്തി പ്രദേശവാസികളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. രാത്രിയില്‍ തന്നെ വാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയിട്ടുണ്ടെന്നും ഭയക്കേണ്ട കാര്യമില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.