Uae
പൊതുമാപ്പ്; വ്യാജ വെബ്സൈറ്റുകൾ കരുതിയിരിക്കണം
2007ന് ശേഷം യു എ ഇ ഗവൺമെന്റിന്റെ നാലാമത്തെ പൊതുമാപ്പ് പദ്ധതിയാണിത്.
ദുബൈ | പൊതുമാപ്പിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്ന വ്യാജ വെബ്സൈറ്റുകളെ കരുതിയിരിക്കണമെന്ന് യു എ ഇയിലെ ഫിലിപ്പീൻസ് നയതന്ത്ര കാര്യാലയങ്ങൾ മുന്നറിയിപ്പ് നൽകി.
അടുത്ത മാസം ഒന്ന് മുതലാണ് പൊതുമാപ്പ്. പൊതുമാപ്പ് രജിസ്‌ട്രേഷന്റെ പോർട്ടലായി നടിക്കുന്ന സൈറ്റുകൾ രംഗത്ത് വന്നിട്ടുണ്ട്. വ്യാജ സന്ദേശങ്ങളുടെയും ഇ-മെയിലുകളുടെയും റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണം. വെബ്സൈറ്റുകളിലെ വിവരങ്ങൾ പരിശോധിച്ചുറപ്പിച്ച ശേഷം മാത്രം സ്വകാര്യ വിവരങ്ങളുടെ വിശദാംശങ്ങൾ നൽകുക.യു എ ഇ സർക്കാർ രണ്ട് മാസത്തെ പൊതുമാപ്പ് പരിപാടിയുടെ വിശദാംശങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ സി പി), തുടങ്ങിയ ഏജൻസികളുമായി ഏകോപനം തുടരും. ഔദ്യോഗിക ഉപദേശങ്ങൾ/പ്രഖ്യാപനങ്ങൾ ലഭ്യമായാലുടൻ പൊതുജനങ്ങളെ അറിയിക്കും.’ ഫിലിപ്പൈൻ മിഷൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ പൊതുമാപ്പിൽ ഫിലിപ്പീൻസ് സർക്കാർ 78 ലക്ഷം ദിർഹം എക്സിറ്റ് ഫീസ് (ദിർഹം 221 വീതം) അനുവദിച്ചു. ഒളിച്ചോടിയ കേസുകൾ പിൻവലിക്കലിനും (521 ദിർഹം), വിമാനക്കൂലി (1,500 ദിർഹം) നൽകിയതിനും ഉൾപ്പടെയാണിത്. ക്ഷേമ സഹായമായി 100 (365 ദിർഹം) ഡോളർ വീതം (പ്രായപൂർത്തിയാകാത്തവരെ ഒഴികെ) നൽകി.
വിസ പൊതുമാപ്പ് പദ്ധതികളും നടപടിക്രമങ്ങളും കഴിഞ്ഞ ആഴ്ച ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചർച്ച ചെയ്തിരുന്നു. പ്രക്രിയ ലളിതമാക്കാൻ സ്മാർട്ട് സംവിധാനങ്ങൾ വിന്യസിക്കും. 2007ന് ശേഷം യു എ ഇ ഗവൺമെന്റിന്റെ നാലാമത്തെ പൊതുമാപ്പ് പദ്ധതിയാണിത്. 2018ലായിരുന്നു അവസാനത്തേത്. ഒക്ടോ 31 വരെ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ ഫെഡറൽ സർക്കാർ പദ്ധതി ഡിസംബർ അവസാനം വരെ രണ്ട് മാസത്തേക്ക് കൂടി നീട്ടി.
2007-ൽ, ഏകദേശം 342,000 നിവാസികൾ രണ്ട് മാസത്തെ പൊതുമാപ്പ് ഉപയോഗിച്ചു. 2012/2013 ൽ 60,000-ത്തിലധികം കുടിയേറ്റക്കാർ പൊതുമാപ്പ് സേവനം തേടി. 2018ൽ ദുബൈയിൽ 105,809 റസിഡൻസ് വിസ ലംഘകരെ കണ്ടെത്തിയെന്ന് ജി ഡി ആർ എഫ് എ അറിയിച്ചു. 2018 ഡിസംബർ 31-ന് അവസാനിച്ച അഞ്ച് മാസത്തെ പദ്ധതിയിൽ ദശലക്ഷക്കണക്കിന് ദിർഹം പിഴ റദ്ദാക്കി.