Uae
യു എ ഇയില്‍ പൊതുമാപ്പ് ചൊവ്വാഴ്ച അവസാനിക്കും; നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി
അവസാന അവസരമെന്ന് അധികൃതര്‍.
അബൂദബി | യു എ ഇയിലെ റെസിഡന്‍സി നിയമം ലംഘിക്കുന്നവര്‍ക്ക് പദവി ശരിപ്പെടുത്താനായി ഏര്‍പ്പെടുത്തിയ പൊതുമാപ്പ് വരുന്ന ചൊവ്വാഴ്ച അവസാനിക്കും. പൊതുമാപ്പ് കാലയളവ് അവസാനിക്കുന്നതിനു മുമ്പ് നടപടികള്‍ വേഗത്തിലാക്കാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട്സ് സെക്യൂരിറ്റി നിയമലംഘകരോട് ആവശ്യപ്പെട്ടു.
സെപ്തംബര്‍ ഒന്നിന് ആരംഭിച്ച് ഒക്ടോബര്‍ 31ന് അവസാനിക്കാനിരുന്ന പൊതുമാപ്പ് രണ്ട് മാസത്തേക്ക് കൂടി നീട്ടാന്‍ അതോറിറ്റി തീരുമാനിക്കുകയായിരുന്നു. രാജ്യത്തിന്റെ മാനുഷികവും പരിഷ്‌കൃതവുമായ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന യു എ ഇയുടെ 53-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ് സമയപരിധി നീട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്. അതോറിറ്റിയുടെ വര്‍ക്ക് ടീമുകള്‍ നടത്തിയ പഠനങ്ങളുടെയും ഒക്ടോബര്‍ 31-ന് ഔദ്യോഗിക സമയപരിധിയുടെ അവസാന നാളുകളില്‍ രാജ്യത്തെ സേവന കേന്ദ്രങ്ങള്‍ സാക്ഷ്യപ്പെടുത്തിയ തിരക്കും കണക്കിലെടുത്താണ് സമയപരിധി നീട്ടാനുള്ള തീരുമാനം കൈക്കൊണ്ടത്.
നിയമലംഘകര്‍ക്ക് അവര്‍ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാനും മുഴുവന്‍ അവകാശങ്ങളും നേടിയെടുക്കാനും കുടുംബങ്ങളെ സംരക്ഷിക്കാനുമുള്ള കൂടുതല്‍ അവസരമായിരുന്നു ഇത്. പിഴ കൂടാതെ രാജ്യം വിട്ടോ അല്ലെങ്കില്‍ പുതിയ വിസ നേടിയോ നിയമലംഘകര്‍ക്ക് പദവി ശരിപ്പെടുത്താന്‍ അവസരം നല്‍കി.
അതോറിറ്റിയുടെ ഇലക്ട്രോണിക്, സ്മാര്‍ട്ട് ചാനലുകള്‍ വഴിയും അംഗീകൃത ഓഫീസുകള്‍ വഴിയും അപേക്ഷ സമര്‍പ്പിച്ച് സ്റ്റാറ്റസ് ഭേദഗതി ചെയ്യാന്‍ സൗകര്യം ഒരുക്കിയിരുന്നു. ബയോമെട്രിക് ഫിംഗര്‍പ്രിന്റ്’ പൂര്‍ത്തിയാക്കാന്‍ മാത്രമാണ് സേവന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടിയിരുന്നത്.
ഗ്രേസ് പിരീഡ് നിയമലംഘകര്‍ക്ക് അവരുടെ സ്റ്റാറ്റസ് തീര്‍പ്പാക്കാന്‍ അനുവദിക്കുന്ന അവസാന അവസരമാണിത്. രാജ്യം വിടുന്ന നിയമലംഘകന് വീണ്ടും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അവസരവും നല്‍കി.
കാലാവധി അവസാനിക്കുന്നതോടെ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള പങ്കാളികളുമായി സഹകരിച്ച് നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ അതോറിറ്റി പരിശോധന കാമ്പയിനുകള്‍ നടത്തും. പിടിക്കപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.