Uae
സന്ദര്‍ശക വിസയിലെത്തി അനധികൃത താമസക്കാരായവര്‍ക്കും പൊതുമാപ്പ്;യു എ ഇയില്‍ ജനിച്ച് യാതൊരു രേഖകളുമില്ലാതെ ജീവിക്കുന്നവര്‍ക്കും ഉപയോഗപ്പെടുത്താം
പൊതുമാപ്പില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശരിയായ വിസയില്‍ എപ്പോള്‍ വേണമെങ്കിലും യു എ ഇയിലേക്ക് മടങ്ങാം
ദുബൈ | സന്ദര്‍ശക വിസയിലെത്തി അനധികൃത താമസക്കാരായവര്‍ക്കും പൊതുമാപ്പ് ഉപയോഗപ്പെടുത്താമെന്ന ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) അറിയിപ്പ് ആയിരങ്ങള്‍ക്ക് ആശ്വാസമാകും. സെപ്തംബര്‍ ഒന്ന് ഞായറാഴ്ചയാണ് പൊതുമാപ്പ് ആരംഭിക്കുന്നത് .രണ്ട് മാസം നീണ്ടുനില്‍ക്കും.
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ആര്‍ക്കും പ്രവേശ നിരോധം ഉണ്ടാകില്ല. അധിക താമസ പിഴയോ എക്‌സിറ്റ് ഫീയോ ഈടാക്കില്ല. പൊതുമാപ്പില്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ശരിയായ വിസയില്‍ എപ്പോള്‍ വേണമെങ്കിലും യു എ ഇയിലേക്ക് മടങ്ങാം. സന്ദര്‍ശന വിസയിലെത്തി കുടുങ്ങിപ്പോയവര്‍, താമസ വിസ കാലഹരണപ്പെട്ടവര്‍ ഉള്‍പ്പെടെ എല്ലാത്തരം ആളുകള്‍ക്കും പൊതുമാപ്പ് ലഭിക്കും. യു എ ഇയില്‍ ജനിച്ച് യാതൊരു രേഖകളുമില്ലാതെ ജീവിക്കുന്നവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. അതാത് നയതന്ത്ര കാര്യാലയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. അവരുടെ പദവി ശരിയാക്കാനും കഴിയും. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്കും അപേക്ഷിക്കാം. എന്നിരുന്നാലും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവര്‍ക്ക് പൊതുമാപ്പിന് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. സെപ്തംബര്‍ ഒന്നിന് വിസ കാലഹരണപ്പെടുന്നവര്‍ക്കും പൊതുമാപ്പ് ലഭിക്കില്ല. യു എ ഇയിലോ ഏതെങ്കിലും ജി സി സി രാജ്യത്തിലോ നാടുകടത്തല്‍ കേസുകളുള്ളവര്‍ക്കും സെപ്തംബര്‍ ഒന്നിന് ശേഷം ഒളിവില്‍ കഴിയുന്നവര്‍ക്കും പൊതുമാപ്പിന് അപേക്ഷിക്കാനാകില്ല.
പൊതുമാപ്പ് പരിപാടി ‘നിയമത്തോടുള്ള ബഹുമാനം, സഹിഷ്ണുത, അനുകമ്പ, സാമൂഹിക ഐക്യം’ എന്നിവ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിസ, താമസ നിയമ ലംഘകര്‍ക്ക് അയവുള്ളതും എളുപ്പമുള്ളതുമായ നടപടിക്രമങ്ങളിലൂടെ അവരുടെ നില ശരിയാക്കാന്‍ ഇത് അവസരം നല്‍കുന്നു. അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സുരക്ഷിതമായി പുറത്തുകടക്കാനും കഴിയും. നിയമാനുസൃതമായി രാജ്യത്ത് ജീവിക്കാനും ജോലി ചെയ്യാനും ഇത് അവരെ പ്രാപ്തരാക്കുന്നു. യു എ ഇയില്‍ ജനിച്ച ഏതൊരു വിദേശിക്കും ജനനത്തീയതി മുതല്‍ നാല് മാസത്തിനുള്ളില്‍ റെസിഡന്‍സി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കടക്കം പൊതുമാപ്പിന് അപേക്ഷിക്കാം.