Connect with us

Uae

പൊതുമാപ്പ് ഇന്ന് മുതല്‍; യു എ ഇ എമിറേറ്റുകളില്‍ ഒരുക്കം പൂര്‍ത്തിയായി

രണ്ട് മാസത്തേക്കാണ് പൊതുമാപ്പ്. ഇതിനിടയില്‍ അനധികൃത താമസക്കാര്‍ വിസ ശരിയാക്കുകയോ രാജ്യം വിടുകയോ വേണം.

Published

|

Last Updated

ദുബൈ | അനധികൃത താമസക്കാരെ സഹായിക്കാന്‍ ഇന്ന് മുതല്‍ യു എ ഇയില്‍ പൊതുമാപ്പ്. എല്ലാ എമിറേറ്റുകളിലും താമസ കുടിയേറ്റ ഓഫീസുകളും നയതന്ത്ര കാര്യാലയങ്ങളും സാമൂഹിക സംഘടനകളും സജ്ജമായിട്ടുണ്ട്. രണ്ട് മാസത്തേക്കാണ് പൊതുമാപ്പ്. ഇതിനിടയില്‍ അനധികൃത താമസക്കാര്‍ വിസ ശരിയാക്കുകയോ രാജ്യം വിടുകയോ വേണം.

ദുബൈയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജി ഡി ആര്‍ എഫ് എ അറിയിച്ചു. അവീറില്‍ പ്രത്യേക കേന്ദ്രം അപേക്ഷകരെ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടുണ്ടെന്ന് ജി ഡി ആര്‍ എഫ് എ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. അന്വേഷണങ്ങള്‍ക്ക് 8005111ല്‍ വിളിക്കാം.

യു എ ഇ താമസ കുടിയേറ്റ നിയമം ലംഘിച്ച വ്യക്തികള്‍ക്ക് ആമിര്‍ സെന്ററുകളിലും അവീറിലും മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാകും. അബൂദബിയിലും ദുബൈ ഒഴികെ മറ്റു എമിറേറ്റുകളിലും ഐ സി പി കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ സേവന സജ്ജരായിട്ടുണ്ട്.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ അപേക്ഷകര്‍ക്ക് വേണ്ട സഹായം നല്‍കുമെന്ന് പ്രസിഡന്റ് നിസാര്‍ തളങ്കര അറിയിച്ചു. മാനുഷിക മൂല്യങ്ങള്‍, സഹിഷ്ണുത, സമൂഹ അനുകമ്പ, ബഹുമാനം, നിയമവാഴ്ച എന്നിവയോടുള്ള ദുബൈയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന സംരംഭം നടപ്പിലാക്കാന്‍ ജി ഡി ആര്‍ എഫ് എ ദുബൈ പൂര്‍ണമായും തയ്യാറാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൊതുമാപ്പ് ഉപയോക്താക്കള്‍ക്ക് സേവനങ്ങള്‍ക്കായി ദുബൈയില്‍ 86 ആമിര്‍ സെന്ററുകളെയും അവീറിലുള്ള ജി ഡി ആര്‍ എഫ് എയുടെ പൊതുമാപ്പ് കേന്ദ്രത്തെയും സമീപിക്കാം. രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യുമെന്നും അറിയിച്ചു. എല്ലാ ഔദ്യോഗിക കേന്ദ്രങ്ങളിലും വിരലടയാള സൗകര്യവും രാജ്യം വിടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഔട്ട്പാസ് പെര്‍മിറ്റും നല്‍കും.

 

Latest