Connect with us

Uae

പൊതുമാപ്പ്; ടൈപ്പിംഗ് സെന്ററുകൾക്ക് മുന്നിൽ കനത്ത തിരക്ക്: മതിയായ രേഖകൾ വേണമെന്ന് ജീവനക്കാർ

തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിൽ നിന്നുള്ളവരാണ് പൊതുമാപ്പ് അപേക്ഷകരിൽ കൂടുതൽ

Published

|

Last Updated

ദുബൈ | യു എ ഇയിൽ മിക്കയിടങ്ങളിലും ടൈപ്പിംഗ് സെന്ററുകൾക്ക് മുന്നിൽ പൊതുമാപ്പ് അപേക്ഷകരുടെ തിരക്ക്. താമസ കുടിയേറ്റ വകുപ്പ് കേന്ദ്രങ്ങളുടെ പരിസരത്തെ ടൈപ്പിംഗ് സെന്ററുകളിൽ ആളുകൾ കൂട്ടത്തോടെ എത്തുന്നു. മതിയായ രേഖകളില്ലാത്തവർക്ക് നിരാശപ്പെടേണ്ടി വരുന്നു. ഇത്തരം ആളുകൾ താമസ കുടിയേറ്റ കേന്ദ്രങ്ങളിൽ നേരിട്ട് പോകണമെന്നാണ് ജീവനക്കാർ പറയുന്നത്. കുറഞ്ഞ പക്ഷം പാസ്‌പോർട് കോപ്പിയെങ്കിലും അപേക്ഷ തയാറാക്കാൻ ആവശ്യമുണ്ട്. യാതൊരു രേഖയും ഇല്ലാത്തവർ അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലോ സേവന കേന്ദ്രങ്ങളിലോ എത്തണം. ഇവിടങ്ങളിൽ ജന്മസ്ഥലം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന് സമീപമുള്ള ചില ടൈപ്പിംഗ് സെന്ററുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ആളുകളുടെ നീണ്ടനിരയായിരുന്നു.
“ഒട്ടനവധി ആളുകൾ ഔട്ട്പാസിന് അപേക്ഷ തയ്യാറാക്കാൻ വരുന്നു. ചിലർ പദവി നിയമവിധേയമാക്കുന്നതിനുമായി വരുന്നു. എന്നാൽ അപൂർണമായ രേഖകളുമായാണ് പലരും എത്തുന്നത്. പദവി ക്രമപ്പെടുത്താനും രാജ്യത്ത് തുടരാനും ആഗ്രഹിക്കുന്നവർ ജോലി വാഗ്ദാനം ചെയ്ത കമ്പനിയിൽ നിന്ന് വിസ കൊണ്ടുവരേണ്ടതുണ്ട്.’ ടൈപ്പിംഗ് സെന്റർ അധികൃതർ ചൂണ്ടിക്കാട്ടി.

വെറും ഔട്ട്പാസ് ആഗ്രഹിക്കുന്ന അപേക്ഷകർ പാസ്‌പോർട്ടും ഫോട്ടോയും കാലഹരണപ്പെട്ട വിസയുടെ പകർപ്പും കൊണ്ടുവരണം. യാതൊരു രേഖയുമില്ലാത്തവർ എമർജൻസി സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഒളിച്ചോടിയവരായി പ്രഖ്യാപിക്കപ്പെടുകയും വിസ റദ്ദാക്കപ്പെടാതിരിക്കുകയും ചെയ്ത പൊതുമാപ്പ് അപേക്ഷകർ ആദ്യം അവരുടെ വിസ റദ്ദാക്കണം. പുതിയ ഓഫർ ലെറ്റർ സംഘടിപ്പിക്കണം. അല്ലെങ്കിൽ ഔട്ട്പാസിനായി അപേക്ഷിക്കണം. തുടർന്ന് രാജ്യം വിടാതെ തന്നെ പദവി മാറ്റാം. അതിന് ശേഷം അവർക്ക് പുതിയ തൊഴിൽ വിസക്ക് അപേക്ഷിക്കാൻ കഴിയും.
ദക്ഷിണേഷ്യ, തെക്കുകിഴക്കൻ ഏഷ്യ, ആഫ്രിക്ക രാജ്യങ്ങളിൽ നിന്നുള്ളവരാണ് പൊതുമാപ്പ് അപേക്ഷകരിൽ കൂടുതൽ.

Latest