Connect with us

Uae

പൊതുമാപ്പ് നീട്ടില്ല: നിയമലംഘകർക്കെതിരെ കടുത്ത നടപടി; മുന്നറിയിപ്പുമായി അധികൃതർ

ആയിരക്കണക്കിന് പേര്‍ ഇതിനകം അവസരം പ്രയോജനപ്പെടുത്തിയതായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ്ജനറല്‍ മുഹമ്മദ് അഹ്്മദ് അല്‍ മര്‍റി പറഞ്ഞു.

Published

|

Last Updated

ദുബൈ | പൊതുമാപ്പ് നീട്ടില്ലെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 31ന് അവസാനിക്കുന്ന പൊതുമാപ്പ് അവസരം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിന് മുന്‍പായി നടപടികള്‍ സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ വന്‍ പിഴയടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.പൊതുമാപ്പിന്റെ ശേഷം കര്‍ശനമായ പരിശോധന ഉണ്ടാവും. നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടികളും എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ആയിരക്കണക്കിന് പേര്‍ ഇതിനകം അവസരം പ്രയോജനപ്പെടുത്തിയതായി ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി ഡി ആര്‍ എഫ് എ) ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ്ജനറല്‍ മുഹമ്മദ് അഹ്്മദ് അല്‍ മര്‍റി പറഞ്ഞു.

ഇന്ത്യക്കാരുള്‍പ്പെടെ ആയിരക്കണക്കിന് താമസക്കാര്‍ വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ച് അവരുടെ വിസ പദവി ക്രമപ്പെടുത്തുന്നതിനായി ഈ അവസരം പ്രയോജനപ്പെടുത്തി. ഒട്ടേറെ പേര്‍ക്ക് ദശലക്ഷക്കണക്കിന് ദിര്‍ഹം പിഴകള്‍ ഒഴിവാക്കി അവരെ നാട്ടിലേക്ക് തിരിച്ചയച്ചു. പൊതുമാപ്പ് ഈ രാജ്യം നല്‍കിയ ഏറ്റവും വലിയ നന്മയാണ്. റസിഡന്‍സി ലംഘനങ്ങള്‍ പരിഹരിക്കുന്നതിനുള്ള പൊതുമാപ്പ് സാമൂഹിക സ്ഥിരത വര്‍ധിപ്പിക്കുന്നതിനും നിയമങ്ങള്‍ മാനിക്കപ്പെടുന്ന സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള കര്‍ശനമായ നടപടികള്‍ അടുത്ത ഘട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.നിയമലംഘകരെല്ലാം തങ്ങളുടെ പദവികള്‍ സുഗമവും സുരക്ഷിതവുമായ രീതിയില്‍ തിരുത്താന്‍ ഈ ഗ്രേസ് പിരീഡില്‍ നല്‍കുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം.ഇത്തരം വ്യക്തികളെ പിന്തുണക്കുന്നതിന് അല്‍ അവീര്‍ റെസിഡന്‍സി വയലേറ്റേഴ്‌സ് സെന്റര്‍ പോലുള്ള നിയുക്ത കേന്ദ്രങ്ങള്‍ സമഗ്രമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നെന്നും അധികൃതര്‍ വ്യക്തമാക്കി.

തുറന്ന വാതില്‍ നയം സ്വീകരിക്കുന്നു

ജി ഡി ആര്‍ എഫ് എയുടെ പ്രധാന ആശയവിനിമയ ചാനലുകളിലൊന്നാണ് അതിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ ‘ഡയറക്ടര്‍ ജനറലുമായി ബന്ധപ്പെടുക’ എന്ന സേവനമെന്ന് അല്‍ മര്‍റി പറഞ്ഞു. സുതാര്യത ശക്തിപ്പെടുത്താനും തുറന്ന വാതില്‍ നയം സ്വീകരിക്കാനും ഇത് ലക്ഷ്യമിടുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കും കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും അവരുടെ അന്വേഷണങ്ങളും ഫീഡ്ബാക്കും ഡയറക്ടര്‍ ജനറലുമായി നേരിട്ട് പങ്കിടുന്നതിന് ഈ സേവനം അനുവദിക്കുന്നു.പൊതുജന ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ശ്രവിക്കുന്നതിനും ഡയറക്ടര്‍ ജനറല്‍ ലഫ്റ്റനന്റ്ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി നടത്തുന്ന ശ്രമങ്ങളെ ദുബൈ ഭരണാധികാരി അടുത്തിടെ പ്രശംസിച്ചിരുന്നു.

 

Latest