Uae
പൊതുമാപ്പ്; ജോലി ലഭിക്കുമ്പോള്‍ എക്സിറ്റ് പെര്‍മിറ്റ് സ്വയം റദ്ദാക്കപ്പെടും
നാട്ടിലേക്ക് മടങ്ങുന്നവര്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാവുന്ന ഡിസംബര്‍ വരെ യാത്ര നീട്ടിവെക്കുന്നതിനേക്കാള്‍ ഇപ്പോള്‍ തന്നെ യാത്ര ചെയ്യുന്നതാണ് ഉചിതം.
ദുബൈ| പൊതുമാപ്പില്‍ എക്സിറ്റ് പെര്‍മിറ്റ് നേടിയവര്‍ക്ക് സമയപരിധി അവസാനിക്കുന്നത് വരെ യു എ ഇയില്‍ കഴിയാമെന്നും അതിനിടയില്‍ ജോലി ലഭിച്ചാല്‍ അത് സ്വയമേവ റദ്ദാക്കപ്പെടുമെന്നും ജി ഡി ആര്‍ എഫ് എയിലെ നിയമലംഘകരുടെയും വിദേശികളുടെയും ഫോളോ-അപ്പ് മേഖല അന്വേഷണ കാര്യങ്ങളുടെ ഡെപ്യൂട്ടി അസിസ്റ്റന്റ്ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അതീഖ് വ്യക്തമാക്കി. ഡിസംബര്‍ 31ന് അവസാനിക്കുന്ന പൊതുമാപ്പില്‍ നിലവില്‍ ലഭ്യമായ അവസരം പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്റ്റാറ്റസ് ശരിയാക്കാന്‍ സമയപരിധിയുടെ അവസാന മണിക്കൂറുകള്‍ വരെ കാത്തിരിക്കരുത്. ഈ അവസരം അവസാനത്തേതായിരിക്കും. പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പരിശോധന കര്‍ശനമാക്കും.
നാട്ടിലേക്ക് മടങ്ങുന്നവര്‍ ടിക്കറ്റ് നിരക്ക് ഇരട്ടിയാവുന്ന ഡിസംബര്‍ വരെ യാത്ര നീട്ടിവെക്കുന്നതിനേക്കാള്‍ ഇപ്പോള്‍ തന്നെ യാത്ര ചെയ്യുന്നതാണ് ഉചിതം. പൊതുമാപ്പ് കാലാവധി വര്‍ഷാവസാനം വരെ നീട്ടിയത് നിയമലംഘകര്‍ക്കുള്ള അവസാന അവസരമാണ്. നാല് മാസത്തെ കാലയളവ് അനുവദിച്ചു. നടപടിക്രമങ്ങള്‍ സുഗമമാക്കി. സേവന കേന്ദ്രങ്ങളും എല്ലാ അര്‍ഥത്തിലും മികച്ച പ്രവര്‍ത്തനം നടത്തി. ഒക്ടോബര്‍ അവസാനത്തില്‍ പൊതുമാപ്പ് കേന്ദ്രങ്ങളില്‍ വന്‍ തിരക്ക് കണ്ടപ്പോഴാണ് സമയപരിധി നീട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും അല്‍ അവീറിലെ കേന്ദ്രം സന്ദര്‍ശിച്ച അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘കാര്യങ്ങള്‍ മാറിയേക്കാം, ദുര്‍ബലമായ തരത്തിലാണ് ഹാജര്‍ നിലയെന്ന് കണ്ടെത്തിയാല്‍ നീട്ടിയ കാലാവധി നിര്‍ത്താനും തീരുമാനിച്ചേക്കാം. അതിനാല്‍, അവസാന മണിക്കൂറുകളിലെ തിരക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണം.’ അദ്ദേഹം ആവശ്യപ്പെട്ടു.