Uae
പൊതുമാപ്പ്; സെപ്തംബര്‍ ഒന്നിന് ശേഷമുള്ള ലംഘകര്‍ ഉള്‍പ്പെടില്ല
സെപ്തംബര്‍ ആദ്യം രണ്ട് മാസത്തേക്ക് ആരംഭിച്ച പൊതുമാപ്പ് പിന്നീട് നീട്ടുകയായിരുന്നു.
അബൂദബി| പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ടെങ്കിലും സെപ്തംബര്‍ ഒന്നിന് ശേഷം റെസിഡന്‍സി, വിസ ചട്ടങ്ങള്‍ ലംഘിക്കുന്ന വ്യക്തികള്‍ ഇതില്‍ ഉള്‍പ്പെടില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി സ്ഥിരീകരിച്ചു. സെപ്തംബര്‍ ആദ്യം രണ്ട് മാസത്തേക്ക് ആരംഭിച്ച പൊതുമാപ്പ് പിന്നീട് നീട്ടുകയായിരുന്നു.
സെപ്തംബര്‍ ഒന്നിന് ശേഷം റെസിഡന്‍സി, വിസ നിയമങ്ങള്‍ ലംഘിച്ച വ്യക്തികള്‍ പ്രഖ്യാപിത ഗ്രേസ് പിരീഡിന്റെ പരിധിയില്‍ വരുമോ എന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് അതോറിറ്റി പ്രസ്താവന നടത്തിയത്. മറ്റ് മൂന്ന് വിഭാഗങ്ങളും ഈ ഇളവിന് അര്‍ഹരല്ലെന്ന് അതോറിറ്റി വ്യക്തമാക്കി. നിര്‍ദിഷ്ട തീയതിക്ക് ശേഷം ഒളിച്ചോടല്‍ അല്ലെങ്കില്‍ ജോലി ഉപേക്ഷിക്കല്‍ പോലുള്ള അഡ്മിനിസ്ട്രേറ്റീവ് കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍, യു എ ഇ അല്ലെങ്കില്‍ മറ്റ് ജി സി സി രാജ്യങ്ങള്‍ പുറപ്പെടുവിച്ച നാടുകടത്തല്‍ ഉത്തരവുകള്‍ക്ക് വിധേയരായ വ്യക്തികള്‍, അനധികൃത മാര്‍ഗങ്ങളിലൂടെ അനധികൃതമായി രാജ്യത്ത് പ്രവേശിച്ച വ്യക്തികള്‍ എന്നിവരും ഈ ആനുകൂല്യത്തില്‍ ഉള്‍പ്പെടില്ല.
നിയമലംഘകര്‍ക്ക് അവരുടെ പദവി ക്രമപ്പെടുത്താനുള്ള അവസാന അവസരമാണിതെന്നും ശേഷവും ലംഘനങ്ങള്‍ തുടരുന്ന ആളുകള്‍ക്കെതിരെ പിഴ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. പങ്കാളികളുമായി സഹകരിച്ച് രാജ്യത്തുടനീളം നിയമലംഘകരെ ലക്ഷ്യമിട്ടുള്ള പരിശോധനാ ക്യാമ്പയിനുകള്‍ ശക്തമാക്കും. രാജ്യം വിടുകയോ തൊഴില്‍ കരാറുകള്‍ നേടിയോ റസിഡന്‍സി സ്റ്റാറ്റസ് ക്രമീകരിച്ച് പദവി ക്രമപ്പെടുത്താന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതനുസരിച്ചും രാജ്യത്തിന്റെ മാനുഷികവും പുരോഗമനപരവുമായ മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന യുഎഇയുടെ 53-ാമത് യൂനിയന്‍ ദിനാഘോഷത്തോടനുബന്ധിച്ചുമാണ് ഗ്രേസ് പിരീഡ് നീട്ടാനുള്ള തീരുമാനമെന്ന് അതോറിറ്റി പറഞ്ഞു.