Uae
സഹാനുഭൂതിയുടെ അസാധാരണ കാഴ്ചകളുമായി പൊതുമാപ്പ്
അനധികൃത താമസക്കാര്‍ കുറ്റവാളികളല്ലെന്നും ജീവിതം കരുപ്പിടിപ്പിക്കാന്‍ നെട്ടോട്ടമോടുന്നതിനിടയില്‍ കാലിടറിപ്പോയവരാണെന്നും തിരിച്ചറിഞ്ഞ ഭരണാധികാരികളുടെ മഹാമനസ്‌കതയെ വാഴ്‌ത്തേണ്ടതുണ്ട്
യു എ ഇയില്‍ പൊതുമാപ്പ് കാലയളവാണ് .അനധികൃത താമസക്കാര്‍ക്ക് അങ്ങേയറ്റം സഹായം ലഭിക്കുന്ന സമയം .യാതൊരു രേഖയുമില്ലാത്തവര്‍ക്കു പോലും പിഴ നല്‍കാതെ ,പുനഃപ്രവേശ നിരോധം ഏര്‍പെടുത്താതെ രാജ്യം വിടാന്‍ അവസരം .വിസ കാലാവധി കഴിഞ്ഞവര്‍ക്കും എന്തെങ്കിലും ജീവിതോപാധി കണ്ടെത്തി ഈ മഹത്തായ രാജ്യത്തു തുടരാനുള്ള സാഹചര്യം .അനധികൃത താമസക്കാര്‍ കുറ്റവാളികളല്ലെന്നും ജീവിതം കരുപ്പിടിപ്പിക്കാന്‍ നെട്ടോട്ടമോടുന്നതിനിടയില്‍ കാലിടറിപ്പോയവരാണെന്നും തിരിച്ചറിഞ്ഞ ഭരണാധികാരികളുടെ മഹാമനസ്‌കതയെ വാഴ്‌ത്തേണ്ടതുണ്ട് .പതിനായിരങ്ങളാണ് പൊതുമാപ്പ് തേടുന്നത് .അധികവും ഇന്ത്യക്കാര്‍ .വിസ കാലാവധി കഴിഞ്ഞു വര്‍ഷങ്ങളായവരുണ്ട് .യു എ ഇയില്‍ ജനിച്ചു യാതൊരു രേഖയുമില്ലാത്തവരുണ്ട് .സന്ദര്‍ശക വിസയിലെത്തി കുടുങ്ങിയവരുണ്ട് .ഏവര്‍ക്കും ‘പദവി’ശരിയാക്കാന്‍ സന്ദര്‍ഭം വന്നു ചേര്‍ന്നിരിക്കുന്നു .
ഇത്തരക്കാരെ സഹായിക്കാന്‍ എല്ലാ എമിറേറ്റുകളിലും താമസ കുടിയേറ്റ ഓഫീസുകളും നയതന്ത്ര കാര്യാലയങ്ങളും സാമൂഹിക സംഘടനകളും വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു .ആദ്യ ദിനം തന്നെ ആയിരങ്ങളാണ് അപേക്ഷയുമായി എത്തിയത് .രണ്ട് മാസത്തേക്കാണ് പൊതുമാപ്പ് .ദുബൈയില്‍ താമസ കുടിയേറ്റ വകുപ്പ് അവീറില്‍ പ്രത്യേക കേന്ദ്രം തുറന്നിരിക്കുന്നു .ദുബൈയുടെ വിവിധ ഭാഗങ്ങളിലുള്ള ആമര്‍ ഓഫീസുകള്‍ക്കു പുറമെയാണിത് . ദുബൈ ഒഴികെ മറ്റു എമിറേറ്റുകളില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഉദ്യോഗസ്ഥര്‍ സജീവമാണ് . മാനുഷിക മൂല്യങ്ങള്‍, സഹിഷ്ണുത, അനുകമ്പ,പരസ്പര ബഹുമാനം, നിയമവാഴ്ച എന്നിവയോടുള്ള യു എ ഇയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന ഈ സാമൂഹിക സംരംഭത്തെ അതീവ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥര്‍ കാണുന്നത് .യാതൊരു രേഖയുമില്ലാത്തവര്‍ അതത് നയതന്ത്ര കാര്യാലയത്തില്‍ നിന്ന് സാക്ഷ്യപത്രം ലഭിച്ചാല്‍ യാതൊരു ഭയവുമില്ലാതെ പൊതുമാപ്പ് കേന്ദ്രങ്ങളെ സമീപിക്കാം .
1996 ജുലൈയില്‍ യു എ ഇയില്‍ പൊതുമാപ്പ് :
അക്കാലത്തെ ഒരു അനുഭവം ഇവിടെ ഓര്‍ത്തെടുക്കട്ടെ . 3.18 ലക്ഷം അനധികൃത താമസക്കാര്‍ ഉണ്ടെന്നായിരുന്നു അധികൃതരുടെ കണക്ക്. ഏറെയും മലയാളികള്‍. വിസാ കാലാവധി കഴിഞ്ഞവര്‍, യാതൊരു രേഖയുമില്ലാത്തവര്‍, സ്പോണ്‍സറുടെ കീഴില്‍ നിന്ന് കടന്നുകളഞ്ഞവര്‍ എന്നിങ്ങനെ ഓരോരോ കള്ളികളായി അവര്‍ രേഖപ്പെടുത്തുപ്പെട്ടു. പാസ്പോര്‍ട്ടുള്ളവര്‍ക്ക് നാട്ടിലേക്ക് എളുപ്പം പോകാനുള്ള സാഹചര്യമുണ്ട്. എന്നാല്‍, പാസ്പോര്‍ട്ട് കോപ്പി പോലും ഇല്ലാത്തവര്‍ ആയിരക്കണക്കിനുണ്ടായിരുന്നു. സന്ദര്‍ശക വിസയിലോ തലവെട്ടി പാസ്പോര്‍ട്ടിലോ എത്തി ‘മുങ്ങി’നടന്ന് ഉള്‍പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും വീടുകളിലും ജോലി ചെയ്യുന്നവര്‍ അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. അവര്‍, പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ രംഗത്തുവന്നു. നയതന്ത്ര കാര്യാലയത്തില്‍ നിന്ന് ഔട്ട്പാസ് വാങ്ങി,താമസ-കുടിയേറ്റ വകുപ്പിലെത്തിയാല്‍ പിഴയോ ജയില്‍ വാസമോ കൂടാതെ നാട്ടിലേക്ക് വിമാനം കയറാം. പുതിയ യാത്രാരേഖകളോടെ തിരിച്ചുവരാം. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറുള്ള അനധികൃത താമസക്കാരെ സഹായിക്കാന്‍ ധാരാളം സംഘടനകള്‍ . ജീവകാരുണ്യത്തിന്റെ, ആത്മാര്‍ഥ സാമൂഹിക സേവനത്തിന്റെ മഹത്തായ മുഖമാണ് സംഘടനാ ഭാരവാഹികള്‍ കാണിച്ചത്. അവരില്‍ പലരും രാവും പകലും സഹായ സന്നദ്ധരായി നിലകൊണ്ടു.
ഒരു ജീവകാരുണ്യ പ്രവര്‍ത്തകന് ഒരു ഫോണ്‍ കോള്‍ .
‘ഞാന്‍, സത്വയിലാണ് താമസം , ഒരു സഹായം വേണം. ‘ ‘എന്ത് സഹായം?’ ‘എനിക്കും കുടുംബത്തിനും ഔട്ട് പാസ് വേണം. നാട്ടിലേക്ക് പോകണം. അതിന്റെ പേപ്പറുകള്‍ ശരിയാക്കാന്‍ നിങ്ങള്‍ ഒന്ന് കൂടെ നില്‍ക്കണം. ‘ അയാള്‍ ആകെ മാറിപ്പോയിരിക്കുന്നു. കുറ്റിത്താടി. കഷണ്ടി ബാധിച്ചിട്ടുണ്ട്. പഴയ ആളുടെ വിദൂര ഛായയേയുള്ളു. ഔട്ട്പാസ് വേണമെങ്കില്‍ എന്തെങ്കിലും രേഖവേണം. നാട്ടിലെ റേഷന്‍ കാര്‍ഡ് കോപ്പിയായാലും മതി. പക്ഷേ, അയാളുടെ കയ്യില്‍ യാതൊന്നുമില്ല. നടുക്കിയത്, ഭാര്യ ശ്രീലങ്കക്കാരിയാണെന്നതും അവര്‍ക്കും രേഖയില്ലെന്നതുമാണ്. മൂന്ന് മക്കള്‍ ജനിച്ചതൊക്കെ, സത്വയില്‍. അവര്‍ക്ക് ജനന സാക്ഷ്യപത്രം പോലുമില്ല. ഇവരെ എങ്ങിനെ ആര് രക്ഷപ്പെടുത്തും. അയാള്‍ ഇന്ത്യക്കാരനെന്ന് എങ്ങിനെ തെളിയിക്കും?. നിരവധി ഇന്ത്യക്കാരുടെ സത്യവാങ്മൂലത്തില്‍, നയതന്ത്ര കാര്യാലയത്തെ ബോധ്യപ്പെടുത്തിയാണ് ആ കുടുംബത്തെ നാട്ടിലേക്കയച്ചത്. ഇപ്പോള്‍ നാട്ടിലാണ് ആ കുടുംബം.
2018 പൊതുമാപ്പ്:
ആയിരക്കണക്കിനാളുകള്‍ താമസ കുടിയേറ്റ വകുപ്പിന്റെ പൊതു മാപ്പ് കേന്ദ്രങ്ങളില്‍ എത്തി ‘. ദുബൈയിലും അബുദബിയിലും ആദ്യ പത്തു ദിവസത്തിനകം 30000 ഓളം ആളുകള്‍ പൊതു മാപ്പ് തേടി.ഷാര്‍ജ, അജ്മാന്‍ തുടങ്ങി മറ്റ് വടക്കന്‍ എമിറേറ്റുകളില്‍ ഇത്ര തന്നെ അനധികൃത താമസക്കാര്‍, രക്ഷപ്പെടാന്‍ വഴി തേടിയിരിക്കും. തൊഴില്‍ ലഭിക്കാന്‍ സാധ്യതയുള്ള ആളുകള്‍ക്ക് ആറു മാസ വിസ നല്‍കുന്നു. യുദ്ധമോ പ്രകൃതി ദുരന്തമോ നേരിടുന്ന പ്രദേശത്തു നിന്നുള്ളവര്‍ക്ക് ഒരു വര്‍ഷം യു എ ഇ യില്‍ തുടരാന്‍ അനുമതി നല്‍കുന്നു. ഒരു ഭരണകൂടം ഇതില്‍പരം, എന്ത് ഔദാര്യമാണ് കാണിക്കേണ്ടത് ? ഏതൊക്കെ തരത്തില്‍ മനുഷ്യര്‍ നിസ്സഹായരും അന്തര്‍മുഖരും ആയിപ്പോയെന്ന് പൊതു മാപ്പ് കാണിച്ചു തരുന്നു. അബുദബിയില്‍ പത്തു വയസ്സുകാരി വര്‍ഷങ്ങളായി വീടിനു പുറത്തിറങ്ങാറില്ല. അനധികൃത താമസക്കാരിയാണ്. മാതാപിതാക്കള്‍ സാമ്പത്തികമായി തകര്‍ന്നതിനാല്‍ വിസ പുതുക്കാന്‍ കഴിഞ്ഞില്ല. ചെക്ക് കേസില്‍ മാതാവ് ജയിലില്‍. ഈ സ്ത്രീയുടെ ആദ്യ വിവാഹത്തിലെ കുട്ടി നാട്ടില്‍ ബന്ധുക്കളുടെ സംരക്ഷണയില്‍. പത്തു വയസ്സുകാരി രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തി. വിസ പുതുക്കാത്തതിനാല്‍, പിതാവും അനധികൃത താമസക്കാരന്‍ തന്നെ. ചെക്ക് കേസില്‍ പെട്ട് ഏതാനും മാസങ്ങള്‍ ജയിലില്‍ ആയിരുന്നു. പെണ്‍കുട്ടിയെ പൊതുമാപ്പ് വഴി നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞു . ഫുജൈറയില്‍ ഒരു യമനിയുടെ കഥ ആരുടേയും ഉള്ളുരുക്കും. യമന്‍ പൗരന് പാകിസ്ഥാനി ഭാര്യയില്‍ ജനിച്ച 24 കാരന് യാതൊരു രേഖയുമില്ല. യുവാവിന് നാല് വയസ്സുള്ളപ്പോള്‍ മാതാവ് വിവാഹ മോചനം നേടി പാകിസ്ഥാനിലേക്ക് പോയി. യമനിയായ പിതാവിന് വേറെ ഭാര്യ ഉണ്ട്. മക്കളുമുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഇവരെയൊക്കെ ഇട്ടെറിഞ്ഞു പിതാവ് യമനിലേക്ക്. ഈ കൗമാരക്കാരന്‍ ഒറ്റപ്പെട്ടു. അര്‍ദ്ധ സഹോദരന്റെ തണലിലായി ജീവിതം. ജനന സാക്ഷ്യപത്രമില്ല. പ്രാഥമിക വിദ്യാഭ്യാസത്തിനപ്പുറം പോയിട്ടില്ല. വീടില്ല, നാടില്ല. അനധികൃത താമസക്കാരനായതിന്റെ പിഴ എട്ടു ലക്ഷത്തിലധികം ദിര്‍ഹം. ഭരണകൂടം അത് ഒഴിവാക്കികൊടുത്തു. യമനില്‍ ഹൂത്തി കലാപമായതിനാല്‍ ഒരു വര്‍ഷം കൂടി യു എ ഇ യില്‍ തുടരാന്‍ വിസ അനുവദിച്ചു. താത്കാലിക ആശ്വാസമായി. ഇങ്ങനെ എത്ര ആളുകള്‍. . യാതൊരു രേഖയും ഇല്ലാത്തവര്‍, സാക്ഷ്യപ്പെടുത്തിയ നാട്ടിലെ താമസ രേഖ വരുത്തി, നയതന്ത്ര കാര്യാലയത്തില്‍ നിന്നോ കോണ്‍സുലാര്‍ സേവന ഏജന്‍സിയില്‍ നിന്നോ ഔട്ട്പാസ് സംഘടിപ്പിക്കണം. അതും, വിമാന ടിക്കറ്റുമായി പൊതുമാപ്പ് കേന്ദ്രത്തില്‍ എത്തണം. യു എ ഇ യില്‍ പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവരും ആദ്യം സമീപിക്കേണ്ടത് നയതന്ത്ര കാര്യാലയത്തെ . യു എ ഇ താമസ കുടിയേറ്റ വകുപ്പ് അവിടെ പാസ്പോര്‍ട് എത്തിച്ചിരിക്കാം. പാസ്പോര്‍ട്ട് പകര്‍പ്പുണ്ടെങ്കില്‍ പോലീസ് രേഖ സംഘടിപ്പിക്കാം. വിസ കാലാവധി തീര്‍ന്നവര്‍ക്ക് ആമര്‍, തസ് ഹീല്‍ സെന്ററുകളെ ആശ്രയിക്കാം. താത്കാലിക വിസ ലഭ്യമാക്കാം.
വളരെ മുമ്പ്, യു എ ഇ വിട്ടു പോകുമ്പോള്‍ തിരിച്ചു വരാന്‍ പ്രവേശ നിരോധം നേരിട്ടവര്‍ക്കു പൊതു മാപ്പ് പ്രയോജനപ്പെടുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു. തത്കാലം സാധിക്കില്ല എന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. ഒരു സാധ്യതയുള്ളത്, പ്രവേശ നിരോധം എടുത്തു കളയാന്‍ അപേക്ഷ നല്‍കാമെന്നതാണ്. അതത് രാജ്യങ്ങളിലെ യു എ ഇ നയതന്ത്ര കാര്യാലയത്തില്‍ ആണ് അപേക്ഷ നല്‍കേണ്ടത്. കേരളത്തിലുള്ളവര്‍ക്ക് തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റിനെ ആശ്രയിക്കാം. പ്രവേശ നിരോധം നിലനില്‍ക്കുന്നുണ്ടോ എന്ന് യു എ ഇ താമസ കുടിയേറ്റ വകുപ്പ് പരിശോധിക്കും. പ്രവേശ നിരോധം നേരിട്ടവര്‍ എല്ലാവരും കുറ്റവാളികള്‍ എന്ന നിലപാടല്ല യു എ ഇ ഭരണകൂടത്തിനുള്ളത്. അത് കൊണ്ട് തന്നെ ഒരു ശ്രമം നടത്തുന്നത് തെറ്റല്ല.