Amebic Meningoencephalitis
അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട്ട് 12 കാരന്‍ മരിച്ചു
കഴിഞ്ഞ 24 മുതല്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു
ഫറോക്ക് (കോഴിക്കോട്) | അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു ഗുരുതരാവസ്ഥയിലായിരുന്ന 12 വയസ്സുകാരന്‍ മരിച്ചു. രാമനാട്ടുകര ഫാറൂഖ് കോളജിനുസമീപം ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തില്‍ അജിത് പ്രസാദ്-ജ്യോതി ദമ്പതികളുടെ മകന്‍ ഇ പി മൃദുല്‍ ആണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ 24 മുതല്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു. ഫാറൂഖ് കോളജ് പരിസരത്തെ അച്ചംകുളത്തില്‍ കുളിച്ചതിനു ശേഷമാണ് കുട്ടിയില്‍ രോഗലക്ഷണം കണ്ടത്. ഫാറൂഖ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരന്‍: മിലന്‍. സംസ്‌കാരം ഇന്ന് 12 ന്. ഇതോടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് അടുത്തിടെയായി മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി.
കണ്ണൂര്‍, മലപ്പുറം സ്വദേശികളാണ് നേരത്തെ മരിച്ചത്. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബു-ധന്യ ദമ്പതികളുടെ മകള്‍ വി ദക്ഷിണ (13) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ പന്ത്രണ്ടിനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മേയ് 20 ന് മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കല്‍ ഹസ്സന്‍ കുട്ടി- ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വ (5)യും മരിച്ചു.
ജനുവരിയില്‍ സ്‌കൂളില്‍ നിന്ന് മുന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് ദക്ഷിണ സ്വിമ്മിങ് പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്കു കാരണമായതെന്നാണു സംശയിക്കുന്നത്.
സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ നാലോ അഞ്ചോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും ദക്ഷിണയ്ക്ക് മൂന്നര മാസം കഴിഞ്ഞ് മേയ് എട്ടിനാണ് ലക്ഷണങ്ങള്‍ കണ്ടത്. തലവേദനയും ഛര്‍ദിയും ഭേദമാകാതെ വന്നതോടെ ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. വെര്‍മമീബ വെര്‍മിഫോമിസ് എന്ന അമീബയാണ് മരണത്തിന് കാരണമായതെന്നാണ് പരിശോധനാ ഫലത്തില്‍ വ്യക്തമായത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മേയ് 20 നാണ് ഫദ്വ (5) മരിച്ചത്. വീടിനടുത്തുള്ള കടലുണ്ടിപ്പുഴയിലെ പാറക്കല്‍ കടവില്‍ കുളിച്ച ഫദ്‌വയ്ക്ക് പനിയും തലവേദനയും പിടിപെടുകയായിരുന്നു. ഒരാഴ്ചത്തെ ചികിത്സയ്ക്കൊടുവിലാണ് ഫദ്വ മരിച്ചത്.
തലച്ചോറിലെ കോശങ്ങളെ അമീബ തിന്നു നശിപ്പിക്കുന്നതിലൂടെ വരുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന മസ്തിഷ്‌കജ്വരം (പി എ എം) മാരകമാണ്. പതിനായിരത്തില്‍ ഒരാള്‍ക്ക് പിടിപ്പെട്ടേക്കാവുന്ന ഈ അപൂര്‍വ രോഗം വന്നു കഴിഞ്ഞാല്‍ രക്ഷപ്പെടാനുള്ള സാധ്യത മൂന്നു ശതമാനം മാത്രമാണ്.
അതീവ അപകടകാരി നെഗ്ലേരിയ ഫൗലെറി എന്നറിയപ്പെടുന്ന അമീബയാണ് അമീബിക് മസ്തിഷ്‌ക ജ്വരത്തിനു കാരണമാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാത്രമേ ഇത്തരം നെഗ്ലേരിയ ഫൗലെറി അമീബയുണ്ടാകാന്‍ സാധ്യതയുള്ളൂ. മൂക്കു വഴിയാണു നെഗ്ലേരിയ ഫൗലെറി അമീബ തലച്ചോറിലെത്തുക. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുമ്പോഴോ മറ്റോ അങ്ങനെ സംഭവിക്കാം. ഗന്ധം തിരിച്ചറിയാന്‍ സഹായിക്കുന്ന ഓല്‍ഫാക്ടറി നാഡി വഴിയാണു മൂക്കില്‍ നിന്ന് ഈ അണുക്കള്‍ തലച്ചോറിലേക്കു പ്രവേശിക്കുക. ഈ അണുക്കള്‍ നേരിട്ടു മസ്തിഷ്‌ക്കത്തെയും അതിനെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണമായ മെനിഞ്ചസിനെയും ബാധിക്കും.
സാധാരണഗതിയില്‍ അമീബ തലച്ചോറില്‍ പ്രവേശിച്ചാല്‍ 57 ദിവസങ്ങള്‍ക്കകം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങും. കടുത്ത പനി, തലവേദന, ഛര്‍ദി, മയക്കം, അപസ്മാരം, തളര്‍ച്ച എന്നിവയാണു പൊതുവേ കാണുന്ന ലക്ഷണങ്ങള്‍.