Kerala
അമീബിക് മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് ജാഗ്രതാ നിര്‍ദേശം
ഛര്‍ദി, തലവേദന, കഴുത്തിന്റെ പിന്‍ഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം.

തിരുവനന്തപുരം | അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. രോഗബാധ കണ്ടെത്തിയ ഭാഗങ്ങളില്‍ നിരീക്ഷണം ശക്തമാക്കും.
രോഗം സ്ഥിരീകരിച്ച നാലുപേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിരീക്ഷണത്തിലുള്ള ഒരാളുടെ സാമ്പിള്‍ പരിശോധനാ ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം.
അഞ്ച് പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരു യുവാവ് കഴിഞ്ഞ 23ന് മരണപ്പെട്ടു. ഇയാളും ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവരും നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളാണ്. ചികിത്സയിലുള്ള ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്.
രോഗബാധയുടെ ഉറവിടമെന്ന് കരുതുന്ന കാവിന്‍കുളത്തില്‍ കുളിച്ച കൂടുതല്‍ പേര്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ഛര്‍ദി, തലവേദന, കഴുത്തിന്റെ പിന്‍ഭാഗത്ത് വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.