Connect with us

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തില്‍ കഴിയുന്ന നാല് കുട്ടികളുടെയും പരിശോധന ഫലം നെഗറ്റീവ്

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

Published

|

Last Updated

കോഴിക്കോട് | അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി നിരീക്ഷണത്തില്‍ കഴിയുന്ന നാല് കുട്ടികളുടെയും പരിശോധന ഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മൂന്നിയൂര്‍ സ്വദേശികളായ കുട്ടികളുടെ പരിശോധന നടന്നത്.

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കുട്ടിയെ കടുത്തപനിയും തലവേദനയും നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഒരാഴ്ച മുമ്പ് കുട്ടി മൂന്നിയൂരിലെ പുഴയില്‍ കുളിക്കാന്‍ പോയിരുന്നു. ഇവിടെ നിന്നും വൈറസ് ബാധയേറ്റതാവാമെന്നാണ് സംശയിക്കുന്നത്.

പുഴയില്‍ കുട്ടിയുടെ കൂടെ കുളിച്ചിരുന്ന നാല് പേരെയാണ് ഇന്നലെ മുതല്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ നിര്‍ത്തിയിരുന്നത്.ഇവരുടെ പരിശോധന ഫലമാണ് ഇപ്പോള്‍ നെഗറ്റീവായിരിക്കുന്നത്. കുട്ടി കുളിച്ച പുഴയില്‍ കുളിച്ച പത്തു പേരെ കൂടിയും നിരീക്ഷണത്തില്‍ നിര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക് ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. മൂന്നുവയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ പുഴയില്‍ കുളിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് വരികയും ഇത് ഗുരുതരമാകുന്നതോടെ  മസ്തിഷ്‌ക മരണം സംഭവിക്കുന്നതുമാണ് അമീബിക് മസ്തിഷ്‌ക ജ്വരം. രോഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നതു വഴി മാത്രമാണ് രോഗബാധയുണ്ടാകുന്നത്.

Latest